കശ്മീര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. അഖ്നൂറില്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്ത മൂന്ന് ഭീകരരെ വധിച്ചു. പ്രദേശത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന പിടിച്ചെടുത്തു. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

രാവിലെ ഏഴരയോടെയാണ് ബട്ടാല്‍ മേഖലയില്‍ ആംബുലന്‍സ് അടങ്ങുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരര്‍ വെടിവെച്ചത്. ആക്രമണം നടത്താന്‍ എത്തിയ ഭീകരരെ ഇതുവഴി ട്യൂഷന് പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നു. തുടര്‍ന്ന് സൈനിക ക്യാമ്പിലേക്ക് വിദ്യാര്‍ത്ഥികള്‍ വിവരം കൈമാറിയതിനാല്‍ വലിയ ആക്രമണത്തിനുള്ള ഭീകരരുടെ പദ്ധതി തകരുകയായിരുന്നു.

ഒളിച്ചിരുന്ന ഭീകരര്‍ വാഹനത്തിനുനേരെ വിവിധ ദിശകളില്‍ നിന്ന് വെടിയുതിര്‍ത്തു. ആക്രമണം തുടങ്ങി തൊട്ടുപിന്നാലെ കൂടുതല്‍ സൈനികര്‍ പ്രദേശത്തെത്തി. സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ ഭീകരര്‍ വനമേഖലയിലേക്ക് കടന്നു. വനമേഖലയിലേക്ക് ഒളിക്കാന്‍ ശ്രമിച്ച ഭീകരരെ സൈന്യം പിന്‍തുടര്‍ന്നതോടെ ഏറ്റുമുട്ടല്‍ തുടങ്ങി. ആക്രമണം നടത്തിയ മൂന്ന് ഭീകരരെ സൈന്യം വധിച്ചു.

എന്നാല്‍, തെരച്ചിലിനിടെ ഇവരുടെ ഒളിത്താവളം സൈന്യം കണ്ടെത്തിയെന്നാണ് വിവരം. ഈ ഭാഗത്ത് കൂടുതല്‍ ഭീകരരുണ്ടോ എന്ന തെരച്ചില്‍ തുടരുകയാണ്. എന്‍എസ്ജി കമാന്‍ഡോകളും ഇവിടേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ജമ്മു കശ്മീരില്‍ നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണിത്. വെള്ളിയാഴ്ച്ച ബാരാമുള്ളയിലെ ഗുല്‍മാര്‍ഗില്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. രണ്ട് പോര്‍ട്ടര്‍മാരും കൊല്ലപ്പെട്ടിരുന്നു.

ദീപാവലി ഉത്സവ സീസണിന്റെ ഭാഗമായി ജമ്മു കശ്മീരിലെ സുരക്ഷാ സേന ജമ്മു മേഖലയില്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെയാണ് സംഭവം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്ന വെടിവെപ്പില്‍ ജമ്മു കശ്മീരില്‍ , രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ആക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. ആവര്‍ത്തിച്ചുള്ള ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 24ന് ലെഫ്റ്റന്റ് ഗവര്‍ണറുടെ വീട്ടില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു.