- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കണ്ടെയ്‌നറിലേക്ക് കാര്‍ ഓടിച്ചുകയറ്റി രക്ഷപ്പെടുന്നത് ഹരിയാന കൊള്ളസംഘത്തിന്റെ പതിവ് രീതി; നാമക്കലില്‍ വച്ച് കണ്ടെയ്നര്‍ അപകടത്തില്‍ പെട്ടത് പണിയായി; തമിഴ്നാട് പൊലീസിന്റെ സിനിമാ സ്റ്റൈല്‍ ചേസിങ്ങും; തൃശൂര്‍ എടിഎം കവര്‍ച്ചാ സംഘം കുടുങ്ങിയത് ഇങ്ങനെ
തൃശൂര്‍ എടിഎം കവര്‍ച്ചാ സംഘം കുടുങ്ങിയത് ഇങ്ങനെ
നാമക്കല്‍: തൃശൂരില്‍ മൂന്നുഎടിഎമ്മുകള്‍ തകര്‍ത്ത് കവര്‍ന്ന കൊളള മുതലുമായി അതിവേഗം പാഞ്ഞ ഹരിയാന സംഘം കുടുങ്ങിയത് അവര്‍ സഞ്ചരിച്ച കണ്ടെയ്‌നര്‍ ലോറി അപകടത്തില്‍ പെട്ടതോടെ. കാറിലെത്തി കവര്‍ച്ച നടത്തിയ ശേഷം കാര്‍ കണ്ടെയ്‌നറിലേക്ക് ഓടിച്ച് കയറ്റി രക്ഷപ്പെടുകയായിരുന്നു. പുലര്‍ച്ചെ മൂന്നുമണിക്ക് തൃശൂരില്‍ കവര്‍ച്ച നടത്തിയ സംഘം ഷൊര്‍ണൂര്‍-ഒറ്റപ്പാലം വഴി പാലക്കാട്ടേക്കും തുടര്‍ന്ന് തമിഴ്നാട്ടിലേക്കും കടന്നു. കോയമ്പത്തൂര്‍ നഗരത്തിന് പുറത്തുകൂടെ വഴി ലോറി നാമക്കല്‍ ഭാഗത്തേക്കാണ് പോയത്. നാമക്കലില്‍ എത്തിയപ്പോഴാണ് കണ്ടെയ്‌നര്‍ ലോറി മറ്റൊരു വാഹനത്തെ ഇടിച്ചത്. ലോറി നിര്‍ത്താതെ പോയതോടെ തമിഴ്‌നാട് പൊലീസ് ജാഗരൂകരായി.
പരക്കംപാച്ചിലിനിടെ, കണ്ടെയ്‌നര്‍ ലോറി വേറേയും വാഹനങ്ങളില്‍ ഇടിച്ചു. തമിഴ്നാട് പോലീസ് ലോറിയെ പിന്തുടരാന്‍ ആരംഭിച്ചതോടെ, സിനിമ സ്‌റ്റൈലിലുള്ള ചേസാണ് അരങ്ങേറിയത്. പൊലീസ് ജീപ്പുകളും ബൈക്കുകളുമെല്ലാം ലോറിക്ക് പിന്നാലെ വച്ചുപിടിച്ചു. ഒരുതരത്തിലും രക്ഷയില്ലെന്ന് കണ്ടതോടെയാണ് കണ്ടെയ്‌നര്‍ നിര്‍ത്തിയ സംഘം പൊലീസിന് നേരെ വെടിയുതിര്‍ത്തത്. ഓടിരക്ഷപ്പെടാനും ശ്രമിച്ചു. എന്നാല്‍, തമിഴ്‌നാട് പൊലീസ് തിരിച്ചുവെടിവച്ചതോടെ, സംഘം പ്രതീക്ഷിക്കാത്ത തരത്തില്‍ സീന്‍ ഡാര്‍ക്കായി. വെടിവെപ്പില്‍ പ്രതികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് കാലില്‍ വെടിയേറ്റു.അവശേഷിച്ചവരെ തമിഴ്നാട് പോലീസ് പിന്തുടര്‍ന്ന് കീഴ്പ്പെടുത്തി. രണ്ട് പോലീസുകാര്‍ക്ക് കുത്തേറ്റു.
എടിഎമ്മില്‍ നിന്ന് തട്ടിയെടുത്ത 65 ലക്ഷം രൂപ കൊള്ളക്കാരില്‍ നിന്ന് പിടിച്ചെടുത്തു. എടിഎം കൊള്ളയ്ക്കായി കാറിലാണ് സംഘമെത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം ദേശീയപാതയിലേക്ക് കടന്ന് കാറും പണവും ഉള്‍പ്പെടെ കണ്ടെയ്‌നറിലേക്ക് മാറ്റുകയായിരുന്നു. എന്തായാലും കണ്ടെയ്നര്‍, റോഡില്‍ അപകടത്തില്‍ പെട്ടതോടെ കൊള്ളസംഘത്തിന്റെ രക്ഷപ്പെടല്‍ പദ്ധതി പൊളിഞ്ഞു.
നേരത്തെ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊള്ള നടത്തിയ സംഘമാണ് ഇപ്പോള്‍ പിടിലായതെന്ന് പൊലീസ് പറയുന്നു. ഏറ്റുമുട്ടലില്‍ ഇന്‍സ്പെക്ടര്‍ തവമണി, രഞ്ജിത്ത് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊള്ളസംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും ഹരിയാന സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു. കവര്‍ച്ച സംഘത്തിന്റെ കയ്യില്‍ തോക്കും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഹരിയാണ-രാജസ്ഥാന്‍ അതിര്‍ത്തിയിലെ നൂഹ് ജില്ലയില്‍ നിന്നുള്ളവരാണ് പ്രതികള്‍. സ്ഥിരമായി എ.ടി.എമ്മുകള്‍ കൊള്ളയടിക്കുന്നതാണ് സംഘത്തിന്റെ രീതി. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം. മെഷീന്‍ തകര്‍ത്ത് പണം കൊള്ളയടിക്കുന്നതാണ് ഇവരുടെ പതിവ്. കണ്ടെയ്‌നര്‍ ലോറിയില്‍ തന്നെയാണ് ഇവര്‍ മുമ്പും രക്ഷപ്പെട്ടിരുന്നത്.
പൊലീസുകാര്‍ പൊലും ഉറങ്ങിപ്പോവുന്ന സമയത്ത് കൊള്ള
തൃശൂര്‍ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപയും കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപയും ഷൊര്‍ണൂരിലെ എടിഎമ്മില്‍ നിന്ന് റോഡ് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം. പുലര്‍ച്ചെ 2.30 നും 4 മണിക്കും മധ്യേ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്തായിരുന്നു കവര്‍ച്ച. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും ജില്ലാ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്തിയും കേരളാ പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ തമിഴ്‌നാട് പൊലീസിന്റെ പിടിയിലാകുന്നത്.
മൂന്ന് വ്യത്യസ്ത പോലീസ് സ്റ്റേഷന്‍ പരിധികളിലെ മൂന്ന് എ.ടി.എമ്മുകള്‍ തിരഞ്ഞെടുത്തത് ആസൂത്രിത്രമായാണെന്ന് കരുതണം. ആശയക്കുഴപ്പം സൃഷ്ടിച്ചത് കൂടാതെ സി സി ടി വി ക്യാമറകള്‍ ഇല്ലാത്ത എ.ടി.എമ്മുകളായിരുന്നു മൂന്നും എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം പണം നിറച്ച എ.ടി.എമ്മുകള്‍ തിരക്ക് കുറഞ്ഞ ഇടത്തായത് കൊണ്ട് ആളുകള്‍ പണം അധികം പിന്‍വലിച്ചിരുന്നുമില്ല. പുലര്‍ച്ചെ മൂന്നുമണി തിരഞ്ഞെടുത്തത് പൊലീസുകാരുടെ ശ്രദ്ധ കുറയുന്ന സമയം നോക്കിയായിരുന്നു.
എടിഎം തകര്‍ക്കുമ്പോള്‍ സുരക്ഷാ അലാറം മുഴങ്ങിയതിന് ശേഷം പൊലീസ് എത്താന്‍ എടുക്കുന്ന സമയം കൂടി കണക്കാക്കി അതിവേഗത്തിലായിരുന്നു ഗ്യാസ് കട്ടര്‍ ഉപയോഗിച്ചുള്ള കവര്‍ച്ച. ഒരു എടിഎമ്മില്‍ നിന്ന് പത്ത് മിനിറ്റിനുള്ളില്‍ പണം എടുത്ത് അടുത്ത എ.ടി.എമ്മിലെത്തുന്ന രീതിയാണ് ഇവര്‍ പിന്തുടര്‍ന്നത്. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച എസ്.കെ. ലോജിസ്റ്റിക്സ് എന്ന കമ്പനിയുടെ കണ്ടെയ്‌നര്‍ ലോറി ഈ ലോറി മോഷ്ടിച്ചതാവാനും തരമുണ്ട്.