പാലക്കാട്: തൃത്താലയിൽ എസ്ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. വാഹനം ഓടിച്ചിരുന്ന 19 കാരൻ അലന്റെ സുഹൃത്ത് ഒറ്റപ്പാലം സ്വദേശി അജീഷ് ആണ് പൊലീസിന്റെ പിടിയിലായത്. തൃശൂരിൽ നിന്നാണ് അർധരാത്രിയോടെ അജീഷിനെ പൊലീസ് പിടികൂടിയത്.

കാറിലിരുന്നു മദ്യപിക്കുകയായിരുന്നു എന്ന് പ്രതികൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പൊലീസ് അവിടേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പിടിക്കപ്പെടാതിരിക്കാനാണ് എസ്ഐയെ ഇടിച്ചു വീഴ്‌ത്തിയ ശേഷം കാറുമായി വെട്ടിച്ചു കടന്നുകളഞ്ഞതെന്നും പ്രതികൾ പറഞ്ഞു.

പ്രതികൾ എസ്ഐയെ ഇടിച്ചു തെറിപ്പിച്ചതുകൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു എന്നാണ് പൊലീസിന്റെ എഫ്ഐആറിൽ വ്യക്തമാക്കുന്നത്. കേസിലെ മുഖ്യപ്രതിയായ അലനെ ഇന്നലെ പട്ടാമ്പിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രികാല വാഹനപരിശോധനയ്ക്കിടെ തൃത്താല സ്റ്റേഷനിലെ എസ്‌ഐ ശശികുമാറിനെ ഇടിച്ചു തെറിപ്പിച്ചാണ് പ്രതികൾ കടന്നുകളഞ്ഞത്.

പരിക്കേറ്റ എസ്‌ഐ. ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി പത്തരയോടെ മംഗലം ഭാഗത്തായിരുന്നു സംഭവം. പുഴയുടെ സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കാർ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് പട്രോളിങ് സംഘം ഇവിടെയെത്തിയത്. തുടർന്ന് കാറിലുണ്ടായിരുന്ന യുവാക്കളോട് കാര്യങ്ങൾ തിരക്കാൻ പോകുന്നതിനിടെ കാർ പെട്ടെന്ന് പിറകിലേക്കെടുത്തു. ഇതോടെ പൊലീസുകാർ ഒഴിഞ്ഞുമാറി. ഇതിനിടെ പരിക്കേറ്റ ശശികുമാറും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും കാറിന്റെ മുന്നിലേക്ക് നിന്നു. ഈ സമയത്താണ് 19-കാരൻ എസ്‌ഐ.യെ ഇടിച്ചുവീഴ്‌ത്തി കാറുമായി കടന്നുകളഞ്ഞത്.