പാലക്കാട്: രാത്രിസമയത്തെ പതിവു പരിശോധനയ്ക്കിടെ ഗ്രേഡ് എസ്‌ഐയെ വാഹനമിടിച്ച് തെറിപ്പിച്ചതിൽ സംശയങ്ങൾ ഏറെ. സംഭവത്തിൽ പാലക്കാട് തൃത്താല സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ശശികുമാറിന് ഗുരുതരമായി പരുക്കേറ്റു. ശശികുമാറിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെ തൃത്താല വെള്ളിയാങ്കല്ല് മംഗലം ഭാഗത്തായിരുന്നു സംഭവം.

രാത്രിയിൽ സംശയാസ്പദമായി വാഹനം കിടക്കുന്നത് കണ്ട പൊലീസ് സംഘം അത് പരിശോധിക്കാനായി സമീപത്തേക്ക് ചെല്ലുകയായിരുന്നു. പൊലീസ് സംഘം അടുത്തെത്തിയതും വാഹനത്തിലുണ്ടായിരുന്നവർ വെട്ടിച്ചു കടക്കാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് കൈ കാണിച്ചെങ്കിലും അവരെ ഇടിച്ചു വീഴ്‌ത്തി സംഘം കടന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇടിച്ചിട്ടു കടന്നുകളഞ്ഞ വാഹനം തിരിച്ചറിഞ്ഞു. പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞാങ്ങാട്ടിരി സ്വദേശിയായ വാഹന ഉടമയാണ് പൊലീസ് പിടിയിലായത്. ഇയാളുടെ മകനാണ് വാഹനമോടിച്ചതെന്ന് പൊലീസ് അറിയിച്ചു. വാഹനമോടിച്ചയാളും കൂടെയുണ്ടായിരുന്ന ആളും ഒളിവിലാണെന്നും ഇവർക്കെതിരെ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയെന്നും പൊലീസ് അറിയിച്ചു. എസ്‌ഐയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ കാർ നിർത്താതെ പോകുകയായിരുന്നു. അപകടത്തിൽ തൃത്താല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ശശികുമാറിനാണ് പരിക്കേറ്റത്. വാഹനം ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിന്റേതണ്. അഭിലാഷിന്റെ മകൻ അലനാണ് വാഹനം ഓടിച്ചിരുന്നത്.

സംഭവത്തിന് ശേഷം ഒളിവിൽ കഴിയുന്ന 19-കാരനായ അലനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. നിർത്താതെ പോയ വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം നടന്നത്. വാഹനപരിശോധനക്കിടെ കാർ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ പരിശോധിക്കാനെത്തിയതായിരുന്നു എസ്‌ഐ. പൊലീസിനെ കണ്ടയുടനെ അലൻ ഉൾപ്പെടെയുള്ള ആളുകൾ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കാർ എസ്‌ഐയെ ഇടിച്ചുതെറിപ്പിച്ചത്. തുടർന്ന് നമ്പർ പരിശോധിച്ചപ്പോഴാണ് വാഹനം ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിന്റേതാണെന്ന് കണ്ടെത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അലനാണ് വാഹനം ഓടിച്ചതെന്ന് സ്ഥിരീകരിച്ചത്. അന്വേഷണസംഘം അഭിലാഷിന്റെ വീട്ടിൽ എത്തിയപ്പോൾ അലൻ അവിടെ ഇല്ലായിരുന്നു. വാഹനം വീട്ടിൽ പാർക്ക് ചെയ്തിരുന്നു. വാഹനം വീട്ടിലേക്കെത്തുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇതിന് ശേഷം സിസിടിവി വിച്ഛേദിച്ചിട്ടുണ്ട്. അലന് ദുരൂഹ ഇടപാടുകളുണ്ടെന്നാണ് വിലയിരുത്തൽ.