കണ്ണൂർ: തോട്ടട എന്ജിനിറിങ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥി അശ്വന്ത് ഹോസ്റ്റലിൽ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഗവർണർക്ക് നൽകിയ പരാതിയിൽ രാജ്ഭവൻ തുടർ നടപടി തുടങ്ങി. രണ്ടു വർഷം മുമ്പാണ് അശ്വന്ത് മരിച്ചത്. ആത്മഹത്യയാണെങ്കിൽ പരപ്രേരണയുണ്ടാകുമെന്നാണ് സംശയം. എല്ലാം വിശദമായി പരിശോധിക്കും.

സഹോദരൻ ആത്മഹത്യ ചെയ്യില്ലെന്നാണ് അനുജത്തി അശ്വതിയും പറയുന്നത്. പൂക്കോട് കോളജിൽ മരിച്ച സിദ്ധാർത്ഥന്റെയും അശ്വന്തിന്റേയും മരണത്തിൽ സമാനതകൾ ഉണ്ടെന്നാണ് കുടുംബം വിശ്വസിക്കുന്നത്. ഇതോടെയാണ് അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകിയത്. പരാതി രാജ്ഭവൻ ഗൗരവത്തോടെ എടുക്കും. അന്വേഷണത്തിനും നിർദ്ദേശിക്കും.

കേസ് തേച്ചു മാച്ചു കളയാൻ ശ്രമം നടന്നെന്നും കൈയിൽ പണമില്ലാത്തതിനാൽ കോടതിയെ സമീപിക്കാൻ കഴിഞ്ഞില്ലെന്നും ശശി പറഞ്ഞു. തന്റെ മകന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണമെന്ന ഒറ്റ ആവശ്യമാണ് അമ്മ സീമയ്ക്കുള്ളത്. 2021 ഡിസംബർ ഒന്നിന് വന്ന ഫോൺ കോളിൽ പറഞ്ഞത് അശ്വന്ത് മരിച്ചു എന്നാണ്. ബന്ധുക്കൾ എത്തും മുമ്പേ കോളേജ് ഹോസ്റ്റലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ അശ്വന്തിന്റെ മൃതദേഹം താഴെ ഇറക്കി ഇൻക്വസ്റ്റ് പൂർത്തിയാക്കി. എല്ലാ വാരാന്ത്യത്തിലും വീട്ടിലെത്തുന്ന ആശ്വന്ത് മരിക്കുന്നതിനു മുമ്പത്തെ ആഴ്ച വന്നില്ല.

മരണ ദിവസത്തിന് തലേന്ന് ഹോസ്റ്റലിൽ അസ്വാഭാവികമായ ചില കാര്യങ്ങൾ സംഭവിച്ചു എന്നാണ് സൂചന. ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. പൊലീസുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ടു പോയില്ലൈന്നതാണ് വസ്തുത. പ്രധാന തെളിവായ അശ്വന്തിന്റെ ഫോണിൽ സാങ്കേതിക പരിശോധന നടത്താതെയും, റൂംമേറ്റിനെ പോലും ചോദ്യം ചെയ്യാതെയുമാണ് ആത്മഹത്യ എന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തി.

നിരാലംബരായ കുടുംബത്തിന്റെ ഏക ആശ്രയമായ മകന്റെ വിയോഗം മാനസികമായി തളർത്തിയെങ്കിലും നിയമപരമായി പോരാടാനാണ് കുടുംബത്തിന്റെ തീരുമാനം. മകന് എന്തു സംഭവിച്ചെന്നറിയണമെന്ന് അമ്മ സീമ പറയുന്നു. മരണവുമായി ബന്ധപ്പെട്ട അന്വേഷണം രണ്ടുവർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. അശ്വന്ത് സ്ഥിരമായി താമസിക്കുന്ന മുറിയിലായിരുന്നില്ല മൃതദേഹം കണ്ടത്. വീട്ടിലോ നാട്ടിലോ യാതൊരു പ്രശ്‌നവും മകനുണ്ടായിരുന്നില്ല. മരണവിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും കോളേജ് ഹോസ്റ്റലിൽ എത്തുമ്പോഴേക്കും മൃതദേഹം അഴിച്ചുകിടത്തിയിരുന്നു.

ഒന്നാംവർഷ വിദ്യാർത്ഥികൾക്കുവേണ്ടി ഒരുക്കിയ മുറിയിലെ ഫാനിലാണ് അശ്വന്ത് കെട്ടിത്തൂങ്ങിയതായി പറയുന്നത്. ഫാനിന്റെ ലീഫിൽ കെട്ടാൻ കയറിനിന്നെന്ന് പറയുന്ന കസേരയുടെ അടിഭാഗം തകർന്നതാണ്. ഈ കസേരയിൽ കയറിനിൽക്കാൻ കഴിയില്ല. അവനെ അഴിച്ചുകിടത്തിയവർ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കാതിരുന്നതും ദുരൂഹത ഉയർത്തുന്നതാണ്. മരിക്കുന്ന ദിവസം പുലർച്ചെ 1.56 വരെ മകൻ വാട്സാപ്പിൽ ഉണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞു. അവന്റെ ഫോണിലെ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. ഫോൺ കോടതിയിൽ ആണെന്നാണ് പൊലീസ് പറയുന്നത്. രണ്ടുവർഷം ഉപയോഗിക്കാതിരുന്നതുകൊണ്ട് ഫോണിൽനിന്ന് വിവരങ്ങൾ നശിച്ചുപോകാൻ സാധ്യതയുണ്ടെന്നും അമ്മ പറയുന്നു.

മരണംനടന്ന് രണ്ടുവർഷം കഴിഞ്ഞിട്ടും അശ്വന്തിന്റെ ഫോൺ വീട്ടുകാരെ തിരിച്ചേൽപ്പിക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്ന് അശ്വന്തിന്റെ അച്ഛൻ തച്ചറോത്ത് ശശി പറയുന്നു. വാട്സാപ്പ് ചാറ്റുകൾ ഉൾപ്പെടെ പരിശോധിച്ചാൽ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ കഴിയുമെന്നറിഞ്ഞിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹത്തിന് പരാതിയുണ്ട്.