കണ്ണൂർ: മദ്യ ലഹരിയിൽ നടുറോഡിൽ ഇന്നോവ വിലങ്ങനെ നിർത്തിയിട്ട് സ്‌കൂൾ മാനേജരുടെ അഴിഞ്ഞാട്ടം. റോഡിലെ വാഹന ഗതാഗതം തടയുകയും മണിക്കൂറുകളോളം മറ്റു യാത്രക്കാരുടെ മേൽ കുതിര കയറുകയും ചെയ്ത സ്‌കൂൾ മാനേജരെ എടക്കാട് പൊലീസെത്തിയാണ് ബലം പ്രയോഗിച്ചു മാറ്റിയത്. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയാണ് കടമ്പൂർ സ്‌കൂൾ മാനേജർ പുത്തലത്ത് മുരളിധരനെ (53) പൊലിസ് പൊതു ശല്യമുണ്ടാക്കുന്ന വിധത്തിൽ അഴിഞ്ഞാടിയതിന് അറസ്റ്റു ചെയ്തത്.

എടക്കാട് ടൗണിൽ നിന്നും കടമ്പൂരിലേക്കുള്ള റോഡിലായിരുന്നു സംഭവം. വീതി വളരെ കുറവായ റോഡിലൂടെ കടന്നുപോകുമ്പോൾ എതിരെ വന്ന വാഹന യാത്രക്കാരുമായി ഇയാൾ കൊമ്പുകോർക്കുകയും നടുറോഡിൽ വാഹനം കുറുകെ നിർത്തി ബഹളമുണ്ടാക്കുകയുമായിരുന്നു. ഇതുകാരണം ഒരു മണിക്കൂറോളം ഈ റൂട്ടിൽ ഗതാഗതം മുടങ്ങി. എടക്കാട് പൊലീസെത്തിയാണ് ഇയാളെയും ഏറ്റുമുട്ടിയ യുവാക്കളെയും പിടിച്ചു മാറ്റിയത്.

പൊലിസ് സ്‌കൂൾ മാനേജരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിനാണ് ഇയാൾ ക്കെതിരെ കേസെടുത്തിട്ടുള്ളത്. മൂവായിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ് കടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂൾ.

അദ്ധ്യാപകരെ പിരിച്ചു വിടുന്നതിലും ദ്രോഹിക്കുന്ന കാര്യത്തിലും കുപ്രസിദ്ധി നേടിയ മാനേജരാണ് മുരളീധരൻ. വ്യാജ പരാതി ചമച്ച് സ്‌കൂൾ ഹെഡ് മാസ്റ്ററെയടക്കം ഇയാൾ പിരിച്ചുവിട്ടതായി ആരോപണമുണ്ട്. മദ്യപിച്ചാൽ വയലന്റാകുന്ന ഇയാൾ നേരത്തെയും നിരവധി പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഉന്നത രാഷ്ട്രീയ ബന്ധം കാരണം ഇയാൾക്കെതിരെ പൊലിസ് നടപടിയെടുക്കാറില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഏകദേശം ഒരു മാസം മുൻപ് കുടുംബ വഴക്കിനെ തുടർന്ന് അടുത്ത ബന്ധുവിന്റെ തലയടിച്ചു പൊളിച്ചിരുന്നു. എന്നാൽ ഈ പ്രശ്‌നം പിന്നീട് ഒത്തുതീർപ്പാക്കുകയായിരുന്നു. ഇതിനു മുൻപിലും കടമ്പൂർ സ്‌കുളിനടുത്തെ പ്രദേശവാസിയുമായി ഇതിനു സമാനമായി ഏറ്റുമുട്ടിയതിനെ തുടർന്ന് പുത്തലത്ത് മുരളിധരൻ ഇന്നോവ കാർ റോഡിന് കുറുകെ നിർത്തിയിട്ട് പ്രക്ഷുബ്ധമായ രംഗങ്ങൾ സൃഷ്ടിച്ചിരുന്നു.

അന്ന് നാട്ടുകാർ ഇടപെട്ടാണ് പ്രശ്‌നം അവസാനിപ്പിച്ചത്. മദ്യപിച്ചു കഴിഞ്ഞാൽ കടമ്പൂരിലെ കിങാണ് താനെന്നാണ് ഇയാൾ വിശേഷിപ്പിച്ചിരുന്നത് ഇതു തലകുലുക്കി സമ്മതിക്കാത്തവരുമായാണ് കൈയാങ്കളിയുണ്ടാക്കുന്നത്. സി പി.എം, കോൺഗ്രസ് പാർട്ടികളിലെ ഉന്നത നേതാക്കളുമായുള്ള അടുത്ത ബന്ധം കാരണം ഈയാൾക്കെതിരെ ശബ്ദിക്കാൻ നാട്ടുകാർക്ക് കഴിയാറില്ല. സ്‌കുളിൽ നടക്കുന്ന കൊള്ളരുതായ്മകൾക്കതിരെ കെ.എസ്.ടി.എ വർഷങ്ങളായി എതിർപ്പു പ്രകടിപ്പിച്ചു സമര രംഗത്താണെങ്കിലും മാനേജരുടെ ഉന്നത രാഷ്ട്രീയ ബന്ധം കാരണം വിലപ്പോവാറില്ല.