- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തളത്ത് ലഹരിക്കടിമയായ യുവാക്കളുടെ അഴിഞ്ഞാട്ടം; അയൽക്കാരിയുടെ വീടിന് തീ വച്ചു; നായ്ക്കളെ ആക്രമിച്ചു; സമീപത്തെ വീട്ടിലെ സൈക്കിൾ കത്തിച്ചു; പരക്കെ കല്ലേറും ആക്രമണ ശ്രമവും; പൊലീസ് എത്തിയപ്പോൾ രക്ഷപ്പെട്ടു
പന്തളം: ലഹരിക്ക് അടിമയായ യുവാക്കൾ വീട് ആക്രമിച്ച് തീയിട്ടു.പന്തളം മങ്ങാരം ആനക്കുഴി സ്വദേശി രേഖയുടെ വീടിനാണ് തീയിട്ടത്. സമീപവാസികളായ രാഹുൽ, അഖിൽ എന്നിവർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു ആക്രമണം. മങ്ങാരം പടിഞ്ഞാറ് അശ്വതി നിവാസിൽ രേഖയുടെ അടച്ചിട്ട വീട്ടിൽ രാഹുലും അഖിലും അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് വീടിനുള്ളിലെ സാധനസാമഗ്രികൾ അടിച്ചുതകർക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു.പുറത്ത് കെട്ടിയിട്ടിരുന്ന നായ്ക്കളെ അടിച്ചും കല്ലെറിഞ്ഞും പരുക്കേൽപ്പിച്ച ശേഷമാണ് വീടിനുള്ളിൽ കയറി ആക്രമണം നടത്തിയത്.
വിവരമറിഞ്ഞെത്തിയ സിപിഎം. മുടിയൂർക്കോണം ലോക്കൽ കമ്മിറ്റിയംഗം എ.എച്ച്.സുനിലിനു നേരെയും യുവാക്കൾ ആക്രമണത്തിനൊരുങ്ങി. സുനിൽ അടുത്തവീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. സമീപത്തെ മറ്റൊരു വീട്ടിലെ സൈക്കിളും പ്രതികൾ നശിപ്പിച്ചു. തീ കത്തുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് വെള്ളമൊഴിച്ച് തീയണച്ചത്. പ്രദേശത്തെ മറ്റു വീടുകളിലും കല്ലെറിഞ്ഞും ഭീഷണി മുഴക്കിയും അസഭ്യം പറഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് യുവാക്കൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്.
രേഖയുടെ മകൻ സൂരജ് മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. രേഖ കോട്ടയത്താണ് താമസം. കൂലിപ്പണിക്ക് പോകുന്ന സൂരജ് പുറത്തു പോയ സമയത്താണ് വീടിന് നേരെ ആക്രമണമുണ്ടായത്. കഞ്ചാവ് കേസിൽ പ്രതികളായ യുവാക്കളും രേഖയുടെ മകൻ സൂരജും തമ്മിലുള്ള തർക്കങ്ങളാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്