- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പാരമ്പര്യമായി ലഭിച്ച ഓഹരികൾ ട്രേഡിങ് അക്കൗണ്ടിലേക്ക് മാറ്റി; പോര്‍ട്ട്ഫോളിയോ കൈകാര്യം ചെയ്യാൻ ജീവനക്കാരെ ചുമതലപ്പെടുത്തി; വിവരങ്ങൾ തന്ത്രപൂർവം മനസ്സിലാക്കി തട്ടിപ്പുകാർ; ഓഹരി വിപണിയിലെ ട്രേഡിങ് തട്ടിപ്പിൽ കുടുങ്ങി മുംബൈ വ്യവസായി; 4 വര്‍ഷം കൊണ്ട് വയോധികന് നഷ്ടമായത് കോടികൾ
മുംബൈ: നാല് വർഷത്തോളം നീണ്ട ട്രേഡിങ് തട്ടിപ്പിലൂടെ മുംബൈ സ്വദേശിയായ 72കാരന് നഷ്ടമായത് 35 കോടി രൂപ. മാതുംഗ വെസ്റ്റ് നിവാസിയായ ഭരത് ഹരക്ചന്ദ് ഷായാണ് തട്ടിപ്പിനിരയായത്. ഗ്ലോബ് ക്യാപിറ്റൽ മാർക്കറ്റ് ലിമിറ്റഡ് എന്ന ബ്രോക്കറേജ് സ്ഥാപനം തന്റെയും ഭാര്യയുടെയും അക്കൗണ്ടുകൾ ഉപയോഗിച്ച് അനധികൃതമായി ഓഹരി വ്യാപാരം നടത്തിയെന്നാണ് ഷാ പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
പരേലിൽ കാൻസർ രോഗികൾക്കായി കുറഞ്ഞ വാടകയ്ക്ക് ഗസ്റ്റ് ഹൗസ് നടത്തിവരുന്ന ഷായും ഭാര്യയും ഓഹരി വിപണിയെക്കുറിച്ച് കാര്യമായ അറിവില്ലാത്തവരായിരുന്നു. 1984-ൽ പിതാവിന്റെ മരണശേഷം ലഭിച്ച ഓഹരി പോർട്ട്‌ഫോളിയോ ഇവർക്കുണ്ടായിരുന്നെങ്കിലും, ഒരിക്കലും സജീവമായി വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നില്ല. ഓഹരി വിപണിയിൽ പരിചയമില്ലാത്ത ഈ അവസ്ഥയാണ് തട്ടിപ്പുകാർ മുതലെടുത്തതെന്ന് പരാതിയിൽ പറയുന്നു.
2020-ലാണ് തട്ടിപ്പിന്റെ തുടക്കം. ഒരു സുഹൃത്തിന്റെ നിർദ്ദേശപ്രകാരം ഷാ തനിക്കും ഭാര്യക്കുമായി ഗ്ലോബ് ക്യാപിറ്റൽ മാർക്കറ്റ്‌സ് ലിമിറ്റഡിൽ ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ട് തുറക്കുകയും പാരമ്പര്യമായി ലഭിച്ച ഓഹരികൾ ഈ കമ്പനിയിലേക്ക് മാറ്റുകയും ചെയ്തു. തുടക്കത്തിൽ കമ്പനിയുടെ പ്രതിനിധികൾ ഷായെ പതിവായി ബന്ധപ്പെടുകയും, ട്രേഡിങ്ങിനായി അധിക നിക്ഷേപം ആവശ്യമില്ലെന്നും ഓഹരികൾ ഈടായി വെച്ച് സുരക്ഷിതമായി വ്യാപാരം നടത്താമെന്നും ഉൾപ്പെടെ ആകർഷകമായ പല ഉറപ്പുകളും നൽകി.
സഹായത്തിനായി അക്ഷയ് ബാരിയ, കരണ്‍ സിരോയ എന്നീ ജീവനക്കാരെ കമ്പനി ഷായുടെ പോർട്ട്‌ഫോളിയോ 'കൈകാര്യം' ചെയ്യാനായി നിയോഗിച്ചു. ഈ രണ്ട് ജീവനക്കാരിലൂടെ തട്ടിപ്പുകാർ ഷായുടെയും ഭാര്യയുടെയും അക്കൗണ്ടുകളുടെ പൂർണ്ണ നിയന്ത്രണം തന്ത്രപൂർവം ഏറ്റെടുത്തു. ആദ്യം എല്ലാ ദിവസവും വിളിച്ച് ഓർഡറുകൾ നൽകാൻ നിർദ്ദേശിച്ചിരുന്ന ഇവർ, വൈകാതെ ഷായുടെ വീട്ടിലെത്തി അവരുടെ ലാപ്‌ടോപ്പുകൾ ഉപയോഗിച്ച് ഇമെയിലുകൾ അയയ്ക്കാൻ തുടങ്ങി. ട്രേഡിങ്ങിന് ആവശ്യമായ എല്ലാ വിവരങ്ങളും തന്ത്രപൂർവം തന്നിൽ നിന്ന് നേടിയെടുക്കുകയായിരുന്നുവെന്ന് ഷാ വെളിപ്പെടുത്തുന്നു.
കമ്പനിയുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള തന്റെ അക്കൗണ്ടുകളിലെ വ്യാപകമായ ട്രേഡിങ് പ്രവർത്തനങ്ങളെക്കുറിച്ച് നിക്ഷേപകനായ ഷാ അറിഞ്ഞിരുന്നില്ല. തട്ടിപ്പുകാർ ആവശ്യപ്പെട്ടതനുസരിച്ച് ഷാ എല്ലാ ഒ.ടി.പികളും എസ്.എം.എസുകൾക്കും ഇമെയിലുകൾക്കും മറുപടിയും നൽകി. യഥാർത്ഥ വിവരങ്ങൾ മറച്ചുവെച്ച്, ഷാ അറിയേണ്ട വിവരങ്ങൾ മാത്രമാണ് ഇവർ കൈമാറിയത്. 2020 മാർച്ചിനും 2024 ജൂണിനും ഇടയിലുള്ള കാലയളവിലെ ഷായുടെ വാർഷിക സ്റ്റേറ്റ്‌മെന്റുകളിൽ സ്ഥിരമായി 'ലാഭം' കാണിച്ചിരുന്നു. എല്ലാ വർഷവും കൃത്യമായ സ്റ്റേറ്റ്‌മെന്റ് ലഭിച്ചതിനാൽ, തട്ടിപ്പ് നടന്നതായി ഷായ്ക്ക് സംശയിക്കാൻ ഒരു കാരണവുമുണ്ടായിരുന്നില്ല.
2024 ജൂലൈയിൽ, ഗ്ലോബ് ക്യാപിറ്റലിന്റെ റിസ്‌ക് മാനേജ്‌മെന്റ് ഡിപ്പാർട്ട്മെന്റിൽ നിന്ന് വന്ന അപ്രതീക്ഷിത ഫോൺകോളോടെയാണ് വഞ്ചനയുടെ ചുരുളഴിയുന്നത്. "നിങ്ങൾക്കും ഭാര്യക്കും അക്കൗണ്ടുകളിൽ 35 കോടി രൂപയുടെ കടബാധ്യതയുണ്ട്. ഇത് ഉടൻ അടയ്ക്കണം, അല്ലെങ്കിൽ നിങ്ങളുടെ ഓഹരികൾ വിൽക്കും," എന്നായിരുന്നു കമ്പനിയുടെ ഭീഷണി. ഉടൻ തന്നെ കമ്പനിയിൽ നേരിട്ടെത്തിയ ഷായെ അറിയിച്ചത് വലിയ തോതിലുള്ള അനധികൃത ട്രേഡിങ് നടന്നതായാണ്. കോടിക്കണക്കിന് രൂപയുടെ ഓഹരികൾ വിറ്റഴിക്കുകയും, ഒരേ കക്ഷിയുമായി നടത്തിയ നിരവധി 'സർക്കുലർ ട്രേഡുകൾ' അക്കൗണ്ടിനെ ഭീമമായ നഷ്ടത്തിലേക്ക് തള്ളിവിടുകയും ചെയ്തതായി കമ്പനി സമ്മതിച്ചു.
കൈവശമുള്ള ബാക്കി ആസ്തികളും നഷ്ടപ്പെടുത്തുമെന്ന് തട്ടിപ്പുകാർ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന്, ഷാ തന്റെ ശേഷിക്കുന്ന ഓഹരികൾ വിറ്റ് 35 കോടി രൂപയുടെ മുഴുവൻ കടവും അടച്ചുതീർക്കുകയായിരുന്നു. അതിനുശേഷം ബാക്കിയുണ്ടായിരുന്ന ഓഹരികൾ അദ്ദേഹം മറ്റൊരു കമ്പനിയിലേക്ക് മാറ്റി. ഗ്ലോബിന്റെ വെബ്‌സൈറ്റിൽ നിന്ന് യഥാർത്ഥ ട്രേഡിങ് സ്റ്റേറ്റ്‌മെന്റ് ഡൗൺലോഡ് ചെയ്ത്, ഇമെയിൽ വഴി ലഭിച്ച 'ലാഭം' കാണിക്കുന്ന സ്റ്റേറ്റ്‌മെന്റുകളുമായി താരതമ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ പൂർണ്ണരൂപം വ്യക്തമായത്. രണ്ട് രേഖകളും തമ്മിൽ വലിയ വ്യത്യാസങ്ങൾ കണ്ടെത്തി.
കൂടാതെ, എൻ.എസ്.ഇ.യിൽ (നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്) നിന്ന് കമ്പനിക്ക് ലഭിച്ച നിരവധി അറിയിപ്പുകൾക്ക് ഷായുടെ പേര് ഉപയോഗിച്ച് കമ്പനി മറുപടി നൽകിയിരുന്നതായും എന്നാൽ ഇതേക്കുറിച്ച് ഷായെ അറിയിച്ചിരുന്നില്ലെന്നും മനസ്സിലാക്കുന്നു. ഷാ, വന്റായ് പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. ഐപിസി 409 (വിശ്വാസവഞ്ചന), 420 (ചതി) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ്, കൂടുതല്‍ അന്വേഷണത്തിനായി മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് (EOW) കൈമാറി.




