തൃശൂർ: തൃശ്ശൂർ വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് കുട്ടികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വന്നു. കുട്ടികളുടെ മരണം സംബന്ധിച്ച ദുരൂഹതകൾ വർധിപ്പിക്കുന്ന വിധത്തിലാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടുകളും പുറത്തുവന്നിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം രണ്ടു കുട്ടികളും ഒരേ ദിവസമല്ല മരിച്ചത് എന്നാണ് വ്യക്തമാകുന്നത്.

എട്ടു വയസുകാരനായ അരുൺ കുമാറിന്റെ മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നാണ് കണ്ടെത്തൽ. 16 വയസുള്ള സജികുട്ടന്റെ മൃതദേഹത്തിന് മൂന്നു ദിവത്തെ പഴക്കമാണുള്ളത്. അതേസമയം കുട്ടികളുടെ മൃതദേഹങ്ങളിൽ മൃഗങ്ങൾ ആക്രമിച്ച പാടുകളൊന്നും ഇല്ലതാനും. തേനെടുക്കാനായി മരത്തിൽ കയറിപ്പോൾ വീണതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, ഇപ്പോൾ, ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ.

കുട്ടികൾ തേൻ ശേഖരിക്കുന്ന സ്ഥലത്ത് മരത്തിന് താഴെയായിരുന്നു മൃതദേഹം കിടന്നിരുന്നത്. തേൻ ശേഖരിക്കുന്നതിനിടെ ഇരുവരും താഴെ വീണതാകാമെന്നാണ് പൊലീസ് നിഗമനം. ഇത് ശരിവെക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ. എന്നാലും ചില ചോദ്യങ്ങൾ ബാക്കിയാണ്.

കോളനിയിൽ നിന്ന് ഏകദേശം ഒരു കിലോ മീറ്ററിനുള്ളിലാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കാണാനില്ല എന്ന് അറിഞ്ഞത് മുതൽ കോളനിവാസികൾ കാട്ടിൽ തെരച്ചിൽ നടത്തിയിരുന്നു. അപ്പോൾ കുട്ടികൾ അപകടത്തിൽ പെട്ട് കിടക്കുന്നത് കണ്ടിരുന്നില്ല. ആദിവാസി വിഭാഗത്തിലുള്ളവർ വനവിഭവങ്ങൾ ശേഖരിക്കുന്ന സമയമാണ്. ആദിവാസികൾ മിക്കവറും കാട്ടിൽ വിഭവങ്ങൾ ശേഖരിക്കുന്നുണ്ട്. ഇവരുടെ ശ്രദ്ധയിലും കുട്ടികൾ പെട്ടില്ല എന്നത് സംശയത്തിനിടയാക്കുന്നുണ്ട്.

അപകടം നടന്ന ഉടനെ അരുൺകുമാർ മരിച്ചതായും പരുക്കേറ്റ സജി കുട്ടൻ പിന്നീട് മരിച്ചതാകാമെന്നുമാണ് കരുതുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരെയും കാണാതായത്. അന്നുതന്നെ അപകടം നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബന്ധുക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടർന്നു നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഊരിലെത്തിച്ച് സംസ്‌കരിച്ചു.