തിരുവനന്തപുരം: ആറു മാസം മുൻപ് ട്രിവാൻഡ്രം ക്ലബിൽ നിന്ന് പണം വച്ച് ചീട്ടുകളിച്ചതിന് പിടിയിലായ സംഘം വീണ്ടും സജീവം. ഇനിയും അബദ്ധം പറ്റാതിരിക്കാൻ നഗരത്തിലെ രണ്ട് പ്രമുഖ ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് ചൂതാട്ടം നടക്കുന്നത്. 10 ദിവസം വീതം ഇവിടെ ഓരോത്തിടത്തും മാറി മാറി ചീട്ടുകളി സംഘത്തിന് താവളം ഒരുങ്ങും. അവശേഷിക്കുന്ന 10 ദിവസം വർക്കലയിലെ ഒരു റിസോർട്ടാണ് ചൂതാട്ട സംഘത്തിന്റെ താവളം. ഇതിന് നേതൃത്വം കൊടുക്കുന്നത് ഒരു സർക്കാർ ജീവനക്കാരനാണെന്ന് പറയുന്നു. സർക്കാർ ജോലിയിൽ നിന്ന് ദീർഘകാല അവധിയെടുത്ത് വിദേശത്ത് പോവുകയും പിന്നീട് മടങ്ങി വന്ന് ജോലിയിൽ പ്രവേശിക്കുകയും ചെയ്ത ഇയാൾക്ക് ഉദ്യോഗസ്ഥ തലങ്ങളിലും നല്ല പിടിപാടാണ്.

കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിന് രാത്രി ഏഴു മണിയോടെയാണ് ട്രിവാൻഡ്രം ക്ലബിൽ പൊലീസ് റെയ്ഡ് ചെയ്തത്. പണം വച്ച് ചീട്ടുകളിച്ചതിന് ഒമ്പതു പേരാണ് അറസ്റ്റിലായത്. മുൻ ആഭ്യന്തരമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനും യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എം.ഡിയുമായ എസ്.ആർ. വിനയകുമാറിന്റെ പേരിൽ എടുത്ത അഞ്ചാം നമ്പർ ക്വാർട്ടേഴ്സിൽ നിന്നാണ് ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നുള്ള മിന്നൽ റെയ്ഡാണ് നടന്നത്. വിനയകുമാർ അടക്കം ഒമ്പതു പേർ അറസ്റ്റിലായി. 5.60 ലക്ഷം രൂപ ഇവരിൽ നിന്ന് കണ്ടെടുത്തു.

വിനയകുമാറിനെ കൂടാതെ സിബി ആന്റണി, അഷ്റഫ്, സീതാറാം, മനോജ്, വിനോദ്, അമൽ, ശങ്കർ, ഷിയാസ് എന്നിവർക്കെതിരേയും മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ചീട്ടുകളി സംഘത്തിന്റെ കൈയിൽ 28 ലക്ഷത്തോളം രൂപ ഉണ്ടായിരുന്നുവെന്നും ചെറിയ തുക മാത്രം കേസിൽ കാണിച്ച് ബാക്കി ഒഴിവാക്കി എന്ന ആരോപണം അന്ന് ഉയർന്നു. പിന്നീട് ഇതേപ്പറ്റി അന്വേഷണമുണ്ടായില്ല. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എം.ഡിയുമായ എസ്.ആർ. വിനയകുമാറിനെതിരേ വ്യവസായ വകുപ്പ് നടപടി എടുക്കുമെന്നൊക്കെ അന്ന് പറഞ്ഞു കേട്ടിരുന്നു. പക്ഷേ, പിന്നീടൊന്നും നടന്നതായി അറിവില്ല.

പിടിയിലായവരുടെ മൊഴി എടുത്ത് പ്രതികളിൽ ചിലരെ സഹായിച്ചുവെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. തന്റെ പേരിൽ മറ്റാരോ മുറിയെടുത്തുവെന്നായിരുന്നു വിനയകുമാറിന്റെ വാദം. എന്നാൽ, വിനയകുമാർ വിളിച്ചു പറഞ്ഞതിൻ പ്രകാരമാണ് മുറി നൽകിയതെന്ന് ക്ലബ് ജീവനക്കാർ മൊഴി നൽകിയതോടെയാണ് സകല രാഷ്ട്രീയ സമ്മർദങ്ങളും മറി കടന്ന് വിനയകുമാറിനെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തത്. ചീട്ടുകളിക്കാനല്ല താൻ മുറി എടുത്തു നൽകിയത് എന്ന വിനയകുമാറിന്റെ വാദവും അംഗീകരിക്കപ്പെട്ടില്ല.

ഇതേ സംഘത്തിൽപ്പെട്ടവരാണ് സ്ഥലം മാറി ചീട്ടുകളി പുനരാരംഭിച്ചിരിക്കുന്നത്. കളിയും കളിക്കാരെയും പണവും സുരക്ഷിതമാക്കാൻ പേരും പെരുമയുമുള്ള ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പണം വച്ചുള്ള ചീട്ടുകളി നടക്കുന്നത്. ഇവിടേക്ക് പൊലീസുകാർ കയറില്ലെന്ന ആത്മവിശ്വാസവുമുണ്ട്. ഒരു ഹോട്ടലിൽ അടുപ്പിച്ച് 10 ദിവസം കളി നടക്കും. ശേഷിച്ച 10 ദിവസം അടുത്ത ഹോട്ടലാകും കളിക്കളം. പിന്നെയുള്ള ദിവസങ്ങളിൽ വർക്കലയിലെ ഒരു റിസോർട്ടാകും ചൂതാട്ടത്തിനുള്ള വേദി. ഉച്ചയ്ക്ക് ശേഷം രണ്ടിന് കളി തുടങ്ങും. പുലർച്ചെ മൂന്നു വരെ നീണ്ടു നിൽക്കും.

ഇതേപ്പറ്റി പൊലീസിനും രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും അറിവുണ്ടെന്നും പറയപ്പെടുന്നു. എന്നാൽ, ഉന്നതതല ബന്ധങ്ങൾ ഉള്ളതിനാലാണ് ഇവർക്കെതിരേ നടപടി ഉണ്ടാകാത്തത്. ഹോട്ടലിന്റെ ഉടമകൾക്കും ചീട്ടുകളിയുടെ കമ്മിഷൻ ലഭിക്കുന്നുണ്ടെന്നാണ് വിവരം.