തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ളുൻസറുടെ ആത്മഹത്യയിൽ മുൻ ആൺസുഹൃത്തിനെ ചോദ്യം ചെയ്ത് പൂജപ്പുര പൊലീസ്. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപത്തിൽ തനിക്ക് പങ്കില്ലെന്നാണ് ആൺസുഹൃത്ത് മൊഴി നൽകിയിരിക്കുന്നത്. പെൺകുട്ടിയുമായുള്ള ബന്ധം നേരത്തെ അവസാനിപ്പിച്ചതെന്നും യുവാവ് പൊലീസ് മുമ്പാകെ വ്യക്തമാക്കി.

യുവാവ് നൽകിയ മൊഴി മൊഴി വിശദമായി പരിശോധിക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ സൈബർ വിഭാഗം പരിശോധിച്ചു വരികയാണ്. മരണത്തിൽ പരാതി ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു. ഞായറാഴ്ച വൈകിട്ട് ആറരയോട് കൂടിയാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് ഇന്നലെ വൈകുന്നേരം മരിച്ചു. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായിരുന്ന കുട്ടി ഇൻസ്റ്റഗ്രാമിൽ വലിയ രീതിയിൽ സൈബർ ആക്രമണം നേരിട്ടിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത് ഇതിൽ മനംനൊന്തെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

ആൺസുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ പിന്നീട് പോസ്റ്റ് ചെയ്യുന്ന ഓരോ കണ്ടന്റിനും വ്യാപക വിമർശനമാണ് കുട്ടി നേരിട്ടിരുന്നത്. ആത്മഹത്യക്ക് പിന്നിൽ ഇയാളാണോ എന്നറിയാനായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യൽ. ക്രിമിനൽ പ്രോസീജ്യർ നിയമത്തിലെ 174-ാം വകുപ്പിലാണ് പൊലീസ് കേസെടുത്തു അന്വേഷണം നടത്തുന്നത്. പ്രതികളാരും ഇല്ല. തിട്ടമംഗലത്ത് സ്ഥിര താമസമുള്ള 18-കാരിയുടേത് ആത്മഹത്യയാണെന്ന് എഫ് ഐ ആർ പറയുന്നു. 10-ാം തീയതി രാത്രിയായിരുന്നു ആത്മഹത്യാ ശ്രമം. 16ന് രാത്രിയാണ് മരണമുണ്ടായതെന്നും പറയുന്നു.

പെൺകുട്ടിയെ പോലെ സുഹൃത്തും സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസറാണ്. നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശിയുമായി മകൾ പ്രണയത്തിലായിരുന്നുവെന്ന് അച്ഛൻ മൊഴി നൽകിയെന്ന തരത്തിലാണ് എഫ് ഐ ആർ. സ്നേഹത്തെ കുറിച്ച് വീട്ടിലും പെൺകുട്ടി പറഞ്ഞു. എന്നാൽ യുവാവിന്റെ വീട്ടുകാരുമായി അലോചിച്ച് തീരുമാനിക്കാമെന്നും പഠനത്തിൽ ശ്രദ്ധിക്കണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടു. അതിനിടെ രണ്ടു മാസം മുമ്പ് യുവാവുമായി പെൺകുട്ടി പിണക്കം തുടങ്ങി. ഫോണിൽ വിളിക്കാതെയും കാണാതെയും പെൺകുട്ടിക്ക് വിഷാദമുണ്ടായി എന്നും എഫ് ഐ ആർ പറയുന്നു.

ഇതിന് ശേഷം ആശുപത്രിയിൽ ചികിത്സയും നടത്തിയെന്ന് എഫ് ഐ ആറിലുണ്ട്. പെട്ടെന്നുണ്ടായോ ഏതോ മനപ്രയാസത്തിൽ ഞാലിക്കോണത്തെ വീട്ടിലെ ഫാനിൽ തൂങ്ങിയെന്നാണ് എഫ് ഐ ആർ പറയുന്നത്. എഫ് ഐ ആറിലൊന്നും സോഷ്യൽ മീഡിയാ അധിക്ഷേപം ഇല്ലെന്നതാണ് വസ്തുത. ഡിപ്രഷന് ചികിൽസയിലായിരുന്നു എന്നതടക്കമുള്ള എഫ് ഐ ആർ വിവരങ്ങൾ കേസിനെ ദുർബ്ബലപ്പെടുത്തുമെന്നും സൂചനയുണ്ട്. എന്നാൽ സൈബർ അധിക്ഷേപത്തിന് തെളിവുണ്ടെന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നത്. സോഷ്യൽ മീഡിയാ അധിക്ഷേപത്തിൽ തെളിവ് സഹിതം പരാതി നൽകുമെന്നും പറയുന്നു.

പെൺകുട്ടി ഷാളിൽ കെട്ടിതൂങ്ങി നിൽക്കുന്നത് കണ്ടത് അനുജനാണെന്നും കെട്ടഴിച്ച് വീട്ടുകാർ തന്നെ ആശുപത്രിയിൽ കൊണ്ടു പോയെന്നും എഫ് ഐ ആറിൽ വിശദീകരിക്കുന്നുണ്ട്. നിലവിൽ സൈബർ അധിക്ഷേപം പരാതിയായി കിട്ടിയിട്ടില്ലെന്നാണ് പൂജപ്പുര പൊലീസ് പറയുന്നത്. അതേസമയം പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണത്തിനെതിരായ ക്യാംപയിൻ ശക്തമാകുന്നുന്നണ്ട്. സോഷ്യൽ മീഡിയയിൽ സ്റ്റോപ്പ് സൈബർ ബുള്ളിയിങ് ക്യാംപയിൻ തുടങ്ങിയിട്ടുണ്ട്.

എല്ലാവർക്കും സൈബർ ബുള്ളിയിങ്ങിനെ നേരിടാൻ വേണ്ടത്ര ധൈര്യമുണ്ടാകില്ലെന്നും ക്യാംപയിൻ പോസ്റ്റിൽ പറയുന്നുണ്ട്. മരണത്തിൽ അനുശോചനം അറിയിച്ചുള്ള പോസ്റ്റുകളിലും സൈബർ ബുള്ളിയിങ്ങിനെതിരെ കമന്റുകൾ വരുന്നുണ്ട്. ഇനിയെങ്കിലും സൈബർ ആക്രമണം നിർത്തണമെന്നും മറ്റൊരു ജീവൻ കൂടി ഇല്ലാതാക്കരുതെന്നുമാണ് കമന്റുകൾ. എന്നാൽ ഇപ്പോഴും പെൺകുട്ടിയെ അധിക്ഷേപിച്ചുകൊണ്ടുള്ള സൈബർ ആക്രമണങ്ങൾ നടത്തുന്നുണ്ട്. കമന്റ് ബോക്‌സിലും മറ്റും പലരും ഇത്തരം കമന്റുകളും ഇടുന്നുണ്ട്.