- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മ്യൂസിയത്തിൽ യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; സംഭവദിവസം പ്രതി മറ്റൊരു വീട്ടിലും അതിക്രമം കാണിച്ചുവെന്ന് സൂചന; പുലർച്ചെ മൂന്നരയ്ക്ക് ഒരാൾ കുറവൻ കോണത്തെ വീട്ടിൽ കയറി ജനൽ ചില്ല് തകർത്തതും രേഖാചിത്രത്തിലെ യുവാവെന്ന് സംശയം; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം
തിരുവനന്തപുരം: തിരുവനന്തപുരത്ത് മ്യൂസിയത്തിൽ പ്രഭാത സവാരിക്കിടെ യുവതിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായ സംഭവത്തിൽ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. ഇയാൾ സഞ്ചരിച്ച കാർ ഏത് ദിശയിലേക്കാണ് പോയതെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. അതേസമയം സംഭവ ദിവസം പ്രതി മറ്റൊരു വീട്ടിലും അതിക്രമം നടത്തിയതായി റിപ്പോർട്ടുണ്ട്.
പുലർച്ചെ കുറവൻകോണത്തെ വീടിന്റെ ജനൽച്ചില്ല് തകർത്തു. അക്രമി നന്ദൻകോട് ഭാഗത്തേക്ക് പോകുന്നത് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്. 3.30 മണിക്ക് ശേഷം അക്രമി നന്ദൻകോട് ഭാഗത്തേക്ക് പോയി എന്നാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടിണ്ട്.
ഇയാൾക്ക് തന്നെ ആക്രമിച്ചയാളുമായി സാമ്യമുണ്ടെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞു. പ്രതിയുടെ രേഖാചിത്രം ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. പരാതിക്കാരി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് നഗരഹൃദയത്തിൽ വെച്ച് യുവതി അപമാനിക്കപ്പെട്ടത്. എൽഎംഎസ് ജംഗ്ക്ഷനിൽ വാഹനം നിർത്തിയ ശേഷമാണ് നടന്ന് വന്ന പ്രതി യുവതിയെ ആക്രമിച്ചത്. ഇതിന് ശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറി രക്ഷപ്പെട്ടു. സംഭവം നടന്ന പുലർച്ചെ നാല് മണിക്ക് തന്നെ എയ്ഡ് പോസ്റ്റിൽ യുവതി വിവരം അറിയിച്ചുവെങ്കിലും പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചില്ലെന്നാണ് ആക്ഷേപം. പ്രതിയുടെ വാഹനം കേന്ദ്രീകരിച്ച് അപ്പോൾ തന്നെ അന്വേഷണം തുടങ്ങിയെങ്കിൽ അന്ന് തന്നെ പിടികൂടാനാകുമായിരുന്നു. രാവിലെ എട്ടരക്ക് യുവതി മ്യൂസിയം സ്റ്റേഷനിലെത്തി പരാതി നൽകി.
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. ആശയക്കുഴപ്പമുണ്ടായതുകൊണ്ടാണ് അന്വേഷണം വൈകിയതെന്നും, ജാമ്യം ലഭിക്കാവുന്ന വകുപ്പ് ആദ്യം ചുമത്തിയത് പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നുമാണ് തിരുവനന്തപുരം ഡിസിപിയുടെ വിചിത്ര വിശദീകരണം. വിവാദങ്ങൾക്ക് പിന്നാലെ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
മറുനാടന് ഡെസ്ക്