- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുമ്പോളിയിലെ കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തിയ നവജാത ശിശുവിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കും; പ്രസവിച്ചെന്ന് സംശയിക്കുന്ന യുവതി കുഞ്ഞ് തന്റേതല്ലെന്ന് ആവർത്തിച്ച് കടുംപിടുത്തത്തിൽ; മുലപ്പാൽ കൊടുക്കാൻ പോലും തയ്യാറല്ല; ഡോക്ടർമാർ പറഞ്ഞിട്ടും പ്രസവിച്ചില്ലെന്ന് പറഞ്ഞ് യുവതി
ആലപ്പുഴ: തുമ്പോളിയിലെ കുറ്റിക്കാട്ടിൽ നിന്നും നവജാത ശിശുവിനെ കണ്ടെത്തിയ സംഭവത്തിൽ പ്രസവിച്ചെന്ന് സംശയിക്കുന്ന യുവതി ഒന്നും സമ്മതിക്കാതെ കടുംപിടുത്തത്തിൽ. യുവതി പ്രസവിച്ച വിവരം മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമായിട്ടും അത് സമ്മതിക്കാതിരിക്കയാണ് അവർ. കുഞ്ഞ് തന്റേതല്ലെന്ന കടുത്ത നിലപാടാണ് അവർ സ്വീകരിച്ചിരിക്കുന്നത്. കുറ്റിക്കാട്ടിൽ നിന്നു കണ്ടെത്തിയ നവജാത ശിശുവിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്ത് ശിശുപരിചരണ കേന്ദ്രത്തിലേക്കു മാറ്റും.
യുവതി കുട്ടി തന്റേതല്ലെന്ന് ആവർത്തിച്ച സാഹചര്യത്തിലാണ് കുഞ്ഞിനെ മറ്റു കേന്ദ്രത്തിലേക്ക് മാറ്റുന്നത്. പൊലീസ് അന്വേഷണ റിപ്പോർട്ടും കുട്ടി പൂർണ ആരോഗ്യം കൈവരിച്ചതായുള്ള ഡോക്ടറുടെ സാക്ഷ്യപത്രവും ലഭിച്ചശേഷമായിരിക്കും നടപടി. തീവ്രപരിചരണ വിഭാഗത്തിലാണെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഉറുമ്പു കടിച്ചിട്ടുള്ളതിനാൽ ഒരാഴ്ചകൂടി ചികിത്സ വേണ്ടിവരും. യുവതി പ്രസവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, അവർ അതു നിഷേധിക്കുകയാണ്. കുഞ്ഞിനു പാലുകൊടുക്കാൻ ഇവരോട് ആവശ്യപ്പെട്ടങ്കിലും തയ്യാറായിട്ടില്ല.
അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ പൊലീസിനോട് സിഡബ്ല്യുസി ആവശ്യപ്പെട്ടിട്ടുണ്ട്. കടപ്പുറം വനിതാശിശു ആശുപത്രിയിലാണ് കുഞ്ഞും യുവതിയും ചികിത്സയിലുള്ളത്. വെള്ളിയാഴ്ചരാവിലെയാണു തുമ്പോളി വികസനം ജങ്ഷനുസമീപം, ജനിച്ചയുടനെ ഉപേക്ഷിക്കപ്പെട്ടനിലയിൽ പെൺകുഞ്ഞിനെ കണ്ടെത്തിയത്. ആക്രിസാധനങ്ങൾ പെറുക്കുന്ന ഇതരസംസ്ഥാനഴിലാളികളാണ് കുട്ടിയെ ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ ഇടപെട്ട് കടപ്പുറം വനിതാശിശു ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പ് യുവതിയും ഇവിടെ രക്തസ്രാവത്തിനു ചികിത്സ തേടിയിരുന്നു. പരിശോധനയിൽ ഇവർ തന്നെ പ്രസവിച്ചതാണ് കുട്ടിയെയെന്നു ഡോക്ടർമാർക്കു മനസ്സിലായി. എന്നാൽ, യുവതി ഇക്കാര്യം നിഷേധിച്ചു. രണ്ടരക്കിലോയുള്ള സ്റ്റോൺ ഉണ്ടായിരുന്നെന്നാണ് യുവതി ഡോക്ടർമാരോട് പറഞ്ഞത്. യുവതി താമസിച്ചിരുന്ന വീടിന്റെ മതിലിനോടുചേർന്നുള്ള കുറ്റിക്കാട്ടിലാണു കുട്ടിയെ കണ്ടത്.
വീട്ടുകാർ അറിയാതെ യുവതി ഗർഭം ഒളിപ്പിച്ചു എന്നാണ് അറിഞ്ഞിരുന്നത്. തുമ്പോളി ജംങ്ഷന് സമീപം ആക്രി പെറുക്കാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് കുട്ടിയെ ഇന്നലെ രാവിലെ കുഞ്ഞിനെ കണ്ടെത്തിയത്. പൊന്തക്കാട്ടിൽ നിന്നുള്ള കരച്ചിൽ കേട്ട് നടത്തിയ ഇവർ തെരച്ചിലിനൊടുവിൽ പെൺകുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
കുഞ്ഞ് ജനിച്ച് അധികസമയമാകും മുൻപേ ഉപക്ഷേച്ചിതാണെന്ന് വ്യക്തമായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കുഞ്ഞിനെ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം പൊലീസ് ഇവരിൽ നിന്നും വിശദമായി മൊഴിയെടുക്കും. ഇതിന് ശേഷം കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഡിഎൻഎ പരിശോധനയും നടത്തും.
മറുനാടന് മലയാളി ബ്യൂറോ