പത്തനംതിട്ട: ചാലിയേക്കര ഉപ്പുകുഴി തിരുവിതാംകൂർ ഭഗവതി ക്ഷേത്രം വകയായ സ്ഥലത്തിന്റെ കുടികിടപ്പവകാശം കേസ് നടത്തി നേടുന്നതിന് കോടതിയിൽ വേണ്ടിവരുന്ന ചെലവിനെന്ന് പറഞ്ഞ് ലക്ഷങ്ങൾ വാങ്ങി പറ്റിച്ച രണ്ടുപേരെ കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തു. വി കോട്ടയം വെള്ളപ്പാറ സന്തോഷ് ഭവനം വീട്ടിൽ സന്തോഷ്‌കുമാറിന്റെ ഭാര്യ കെ. രമ (44), കോന്നി താഴം ചെങ്ങറ ചരുവിള വീട്ടിൽ നിന്നും കുമ്പഴ ചരിവുപറമ്പിൽ വീട്ടിൽ താമസിക്കുന്ന സി.എസ്. സജു (44) എന്നിവരെയാണ് കൊടുമൺ പൊലീസ് ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കുടികിടപ്പവകാശവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡുമായി കേസ് നിലവിലുണ്ടെന്നും വസ്തുവിന് 230 കോടിയോളം വില വരുമെന്നും ധരിപ്പിച്ച് നിരവധി പേരിൽ നിന്നായി പ്രതികൾ ലക്ഷങ്ങൾ കൈക്കലാക്കി. കോടതിച്ചെലവിനായി പണം നൽകിയാൽ ബാങ്ക് വായ്‌പ്പകൾ അടച്ചുകൊള്ളാമെന്ന് പറഞ്ഞ് കൊടുമൺ ഐക്കാട് കിഴക്ക് ഐക്കരേത്ത് കിഴക്കേചരിവ് തൊട്ടരികിൽ പുത്തൻവീട്ടിൽ സജി ബേബിയുടെ ഭാര്യ മറിയാമ്മ ചാക്കോയിൽ നിന്നും പല കാലയളവിലായി 5,65,000 രൂപയും നാലര പവൻ സ്വർണവും പ്രതികൾ കൈക്കലാക്കി.

തുകയും സ്വർണവും തിരികെ ചോദിച്ചപ്പോൾ സർക്കാർ മുദ്രയോടുകൂടിയ ജില്ലാ സെഷൻസ് കോടതി ഉത്തരവ് വ്യാജമായി നിർമ്മിച്ച് സത്യമാണെന്നു വിശ്വസിപ്പിച്ച് മറിയാമ്മയെ പറ്റിക്കുകയായിരുന്നു. ചതിക്കപ്പെട്ടുവെന്ന് മനസ്സിലായ മറിയാമ്മ കൊടുമൺ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ അഞ്ചിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. മുദ്രപ്പത്രത്തിൽ നൽകിയ രേഖകളും മറ്റും പരിശോധിച്ച് അവ വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

കളവായി പ്രതികൾ നിർമ്മിച്ച കോടതി ഉത്തരവ്, പ്രതികൾക്ക് നൽകാനുള്ള പണത്തിനായി സ്വർണം പണയം വച്ചതിന്റെ രസീതുകൾ, തീറാധാരം എഴുതി പണയപ്പെടുത്തുന്നതിലേക്ക് മുദ്രപ്പത്രത്തിലെഴുതിയത്, പ്രതിയായ രമയുടെ പേരിലുള്ള ബാങ്ക് പാസ്ബുക്ക് എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശാനുസരണം, പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. മുദ്രപ്പത്രം വാങ്ങിയ അടൂരുള്ള ആധാരമെഴുത്ത് ഓഫീസിലെത്തി വിശദമായ പരിശോധന നടത്തി. കോടതി ഉത്തരവിന്റെ സത്യാവസ്ഥ തിരിച്ചറിയുന്നതിന് കൊട്ടാരക്കര സബ് കോടതിയിലെത്തി ശിരസ്തദാറെയും അഡിഷണൽ ഗവണ്മെന്റ് പ്ലീഡറെയും കണ്ട് അന്വേഷണം നടത്തിയ പൊലീസിന് ഉത്തരവ് വ്യാജമായി ഉണ്ടാക്കിയതാണെന്ന് വെളിപ്പെട്ടു.

ഉത്തരവിൽ പറഞ്ഞിരിക്കുന്ന കോടതി നിലവിലില്ലാത്തതാണെന്നും വ്യക്തമായി. അതിവിദഗ്ദ്ധമായി വെട്ടിപ്പ് നടത്തിയ പ്രതികളെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ പൊലീസ് ഊർജ്ജിതമാക്കിയതിനെതുടർന്ന് കോന്നിയിൽ നിന്നും ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. രണ്ടാം പ്രതി സജുവിനെ കോന്നി ബസ് സ്റ്റാന്റിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. വെള്ളപ്പാറയിൽ നിന്നും രമയെയും പിടികൂടി. സമാനമായ കുറ്റകൃത്യം പ്രതികൾ നടത്തിയിട്ടുണ്ടോയെന്നും കൂടുതൽ പേർ ചതിക്കപ്പെട്ടിട്ടുണ്ടോയെന്നും മറ്റും അന്വേഷണം നടന്നുവരികയാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിന് പൊലീസ് നീക്കം തുടങ്ങി. എസ് ഐമാരായ രതീഷ് കുമാർ, സതീഷ്, എസ് സി പി ഓമാരായ പ്രമോദ്, വിനീത്, സി പി ഓമാരായ അജിത് കുമാർ, പ്രദീപ്, സിന്ധു, സുനിത, അജിത് എസ് പി എന്നിവരാണ് സംഘത്തിലുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.