കണ്ണൂർ: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി അക്രമിച്ചതിനു ശേഷം കുറ്റിക്കാട്ടിൽ തള്ളിയ സദാചാര ഗുണ്ടാ സംഘത്തിലെ മൂന്ന് പേര കൂത്തുപറമ്പ് എ.സി. പി കെ. വി വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. കൂത്തുപറമ്പ് പൂക്കോട് ദാറുൽ സലാമിലെ മുഹമ്മദ് സിനാൻ (18) മമ്പറം പറമ്പായി കരുവേലിൽ അലീഫ് ഹൗസിൽ കെ. മുഹമ്മദ് സഹദ്(24)ഒരു പതിനേഴു വയസുകാരൻ എന്നിവരെയാണ് എ.സി.പി കെ.വി വേണുഗോപാലിന്റെ നിർദ്ദേശ പ്രകാരം കൂത്തുപറമ്പ് എസ്‌ഐ. ടി. അഖിൽ അറസ്റ്റു ചെയ്തത്.

തലശേരി നെട്ടൂർ സ്വദേശി മണക്ക ബറാത്ത് മുഹമ്മദ് ഷഫീഖിനെ (22)യാണ് പ്രതികൾ വ്യാഴാഴ്‌ച്ച വൈകുന്നേരം തലശേരി ഇല്ലിക്കുന്നിൽ നിന്നും കാറിൽ തട്ടിക്കൊണ്ടു പോയത്. തലശേരി നഗരത്തിലെ ഒരു കടയിൽ സെയിൽസ് മാനായി ജോലി ചെയ്യുന്ന ഷഫീഖ് ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർക്ക് ഇഷ്ടമല്ലാത്തതിനാൽ ഇതിൽ നിന്നും പിന്മാറണമെന്നു പ്രതികൾ ഷഫീഖിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇയാൾ അനുസരിക്കാത്തതിനെ തുടർന്നാണ് തലശേരി ഇല്ലിക്കുന്നിൽ നിന്നും സെൻ കാറിൽ ബലമായി പിടിച്ചു കയറ്റി കൊണ്ടു പോയത്. ആയുധങ്ങൾ സഹിതം വന്ന സദാചാര ക്വട്ടേഷൻ സംഘം രാത്രി വരെ ഷഫീഖിനെ മർദ്ദിച്ചതായും പരാതിയുണ്ട്. രാത്രി പത്തരയോടെ ഷഫീഖിനെ കുത്തുപറമ്പ് പൊലിസ് സ്റ്റേഷനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിൽ കൈയും കാലും കെട്ടി ഉപേക്ഷിച്ചുവെന്നാണ് പരാതി. ഷഫീഖിന്റെ ഞരക്കം കേട്ടു സ്ഥലത്തെത്തിയ പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി കൈ കാലുകളുടെ കെട്ടഴിച്ചു വായയിൽ തിരുകിയ തുണിയെടുത്തു മാറ്റി ഇയാളെ കൂത്തുപറമ്പ് ജനറൽ ആശുപത്രിയിലെത്തിച്ചത്.

ഷഫീഖിന്റെ പരാതി പ്രകാരം അന്വേഷണമാരംഭിച്ച പൊലിസ് നടത്തിയ തെരച്ചിലിലാണ് പിറ്റേ ദിവസം പുലർച്ചെ കാറിൽ സഞ്ചരിക്കുന്നതിനിടെ പ്രതികളെ കൂത്തുപറമ്പ് - പാനൂർ റോഡിൽ വെച്ചു അറസ്റ്റു ചെയ്തത്. പെൺകുട്ടിയുടെ വീട്ടുകാർക്കായി ക്വട്ടേഷനെടുത്ത സദാചാര ഗുണ്ടാസംഘത്തിലെ അംഗങ്ങളാണ് പ്രതികളെന്ന് പൊലിസ് പറഞ്ഞു.