- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട ജില്ലയിലെ കാപ്പാ കേസ് പ്രതി ആന്ധ്രായിലെ ഹൈവേ റോബറി കേസിലെ പ്രതി; വാഹനത്തിൽ നിന്ന് 1.89 കോടി കൊള്ളയടിച്ച റോഷൻ വർഗീസിനെ തേടി ആന്ധ്രാ പൊലീസ് എത്തുമ്പോൾ പ്രതി തിരുവല്ല പൊലീസിന്റെ കസ്റ്റഡിയിൽ; ജില്ലയിൽ നിന്ന് നാടുകടത്തിയ പ്രതി വീണ്ടുമെത്തി അടി നടത്തിയത് വിനയായി
തിരുവല്ല: തിരുവല്ലക്കാർക്ക് തുകലശ്ശേരി ചുങ്കത്തിൽ ചിറപ്പാട്ടിൽ റോഷൻ വർഗീസ്(30) ഒരു ലോക്കൽ ഗുണ്ടാ നേതാവാണ്. പക്ഷേ, ആന്ധ്രാപൊലീസിന് ഇയാൾ ഹൈവേ കൊള്ളക്കാരനാണ്. ആന്ധ്രായിൽ വാഹനത്തിൽ നിന്ന് 1.89 കോടി കവർന്ന കേസിൽ അഞ്ചാം പ്രതിയായ റോഷനെത്തേടി അവിടെ നിന്ന് പൊലീസ് എത്തുമ്പോൾ വില്ലൻ തിരുവല്ല പൊലീസിന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്നു. കാപ്പാ ചുമത്തി നാടുകടത്തിയിട്ടും നിരോധനം ലംഘിച്ച് വീട്ടിലെത്തുക മാത്രമല്ല, അവിടെ വച്ച് വീണ്ടും അടിപിടി നടത്തുകയും ചെയ്തതിനാണ് പൊലീസ് കസ്റ്റഡിയിലായത്.
ആന്ധ്രയിലെ അനന്തപൂർ ജില്ലയിൽ മാർച്ച് ഏഴിന് നടന്ന കവർച്ചാക്കേസിലെ അഞ്ചാം പ്രതിയാണ് റോഷൻ. ഹൈവേയിൽവെച്ച് 1.89 കോടി രൂപ കവർന്നതായാണ് കേസ്. മൂന്ന് വാഹനങ്ങളിൽ എത്തിയ 10 അംഗ മലയാളി സംഘമാണ് മറ്റൊരു വാഹനത്തിൽ പണവുമായി പോയവരെ തടഞ്ഞ് പണം കവർന്നത്. മറ്റ് നാലുപ്രതികളായ ചങ്ങനാശ്ശേരി കുരിശുംമൂട്ടിൽ ജാക്സൺ(29), കോഴിക്കോട് കീഴാൽ സ്വദേശി ഷമീം (38), ആലുവ ചേരിയംപറമ്പിൽ നിഷാദ് (40), ഹരിപ്പാട് ഇലവന്താർവടക്കേതിൽ കണ്ണൻ (25) എന്നിവർ ആന്ധ്രാ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്.
അനന്തപൂരിലെ രപ്താഡു സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം റോഷനെ തേടി ബുധനാഴ്ചയാണ് തിരുവല്ലയിൽ എത്തുന്നത്. ഈ സമയം റോഷൻ തിരുവല്ല പൊലീസിന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്നു. നിരവധി ക്രിമനൽ കേസുകളിൽ പ്രതിയായ റോഷനെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് പുറത്താക്കിയിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി തുകലശേരിയിലെ വീട്ടിൽ റോഷൻ എത്തുകയും ഇവിടെ വച്ച് മറ്റൊരു സംഘവുമായി അടിപിടി ഉണ്ടാവുകയും ചെയ്തു. തിരുവല്ല ആലുംതുരുത്തി സ്വദേശികളായ അംബേദ്കർ ഭവനിൽ പ്രവീൺ കുമാർ, ചെറുവേങ്ങത്തറ ലാലു രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവുമായിട്ടായിരുന്നു സംഘട്ടനം. എല്ലാവരും മുമ്പ് സുഹൃത്തുക്കളായിരുന്നു. വിവിധ കേസുകളിൽ ഒരുമിച്ച് പ്രതികളായിട്ടുണ്ട്. ഇടക്കാലത്ത് തെറ്റിയ
ഇവർ അടുത്തിടെ ഫേസ്ബുക്കിലൂടെ വെല്ലുവിളി നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചൊവ്വാഴ്ച രാത്രി നടന്ന അക്രമം. പരസ്പരം വടിവാൾ വീശുകയും റോഷനും പ്രവീണിനും നേരിയ പരുക്കുകൾ ഏൽക്കുകയും ചെയ്തു. ഇതേ തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കാപ്പ നിയമം ലംഘിച്ചതിനാൽ റോഷനെ സെൻട്രൽ ജയിലിൽ അടച്ചു. റോഷനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി ആന്ധ്രാ പൊലീസ് അടുത്ത ദിവസം കോടതിയെ സമീപിക്കും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്