- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറളം ഫാം തൊഴിലാളികൾ അടിമകളല്ല, ഉടമകളാണ്; ട്രേഡ് യൂണിയന്റെ വഞ്ചന തിരിച്ചറിയുക: പോസ്റ്ററുകൾ ഒട്ടിച്ചും, ലഘുലേഖകൾ വിതറിയും കീഴ്പള്ളിയിലെ ജനവാസകേന്ദ്രത്തിൽ യന്ത്രത്തോക്കുമായി മാവോയിസ്റ്റുകളുടെ പ്രകടനം; പൊലീസ് യു എ പി എ ചുമത്തി കേസെടുത്തു
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ തുടർച്ചയായുണ്ടാകുന്ന മാവോയിസ്റ്റ് സാന്നിധ്യം പൊലീസിനെ പ്രതിരോധത്തിലാക്കുന്നു. മാവോയിസ്റ്റുകൾക്ക് അംഗബലം കൂടുന്നതാണ് അവർ ശക്തി പ്രാപിക്കുന്നതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൂടുതൽ പേർ മാവോയിസ്റ്റ് സംഘത്തിലേക്ക് എത്തുന്നത് എവിടെ നിന്നാണെന്ന് ഇനിയും പൊലീസിന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നേരത്തെ ഏഴുപേരടങ്ങുന്ന സംഘമാണ് ഗ്രാമപ്രദേശങ്ങളിലിറങ്ങുന്നതെങ്കിലും ഇത്തവണ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ പതിനൊന്നു പേരാണ് എത്തിയത്.
ഇവരുടെ കയ്യിൽ അത്യാധൂനിക തോക്കുകളുണ്ടായിരുന്നുവെന്ന പ്രദേശവാസികളുടെ മൊഴി അതീവഗൗരവത്തോടെയാണ് കാണുന്നതെന്ന് ഇരിട്ടി എ. എസ്‌പി തപോഷ് ബസുമദാരി പറഞ്ഞു. മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ വിയറ്റ്നാമിലെ കോളനികളിൽ ഒരാഴ്ച മുൻപാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന പൊലീസ് സംഘം സന്ദർശിച്ചു കോളനി നിവാസികളെ ബോധവൽക്കരിച്ചത്. മാവോയിസ്റ്റുകളെ കണ്ടാൽ ഉടൻ വിവരമറിയിക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഇതു മനസിലാക്കിയ മാവോയിസ്റ്റുകൾ ഇക്കുറി അത്യാധൂനിക ആയുധങ്ങളുമായെത്തിയത് ജനങ്ങളെ ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്.
ഇതിനിടെ കീഴ്പ്പള്ളിക്കടുത്ത് വിയറ്റ്നാമിൽ മാവോയിസ്റ്റുകൾ യന്ത്രത്തോക്കുകളേന്തി പ്രകടനം നടത്തുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും പോസ്റ്ററൊട്ടിക്കുകയും ചെയ്ത ചിലരെ പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പതിനൊന്നംഗ സംഘത്തിലെ ഏഴുപേരെയാണ് തിരിച്ചറിഞ്ഞത്. ഇതിൽ സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള ജിഷയുൾപ്പെടെയുള്ള സംഘമാണ് ഇവിടെയെത്തിയതെന്നാണ് അന്വേഷണ സംഘം തിരിച്ചറിഞ്ഞത്.
ഇവർക്കെതിരെ യു എ പി എ പ്രകാരം ആറളം പൊലീസ് കേസെടുത്തിട്ടുണ്ട്. പതിനൊന്നംഗ സംഘമാണ് തോക്കുകൾ ഉൾപ്പെടെയുള്ള ആയുധവുമായി വിയറ്റ്നാമിലെത്തിയത്. ഭരിക്കുന്ന സർക്കാരുകൾക്കെതിരെ മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തിയ സംഘം സി.പി. ഐ മാവോയിസ്റ്റ് കബനി ഏരിയാസമിതി എന്നെഴുതിയിരിക്കുന്ന പോസ്റ്ററുകൾ പതിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ആറളം ഫാം തൊഴിലാളി പ്രശ്നമാണ് പരാമർശിക്കുന്നത്. ആറളം ഫാം തൊഴിലാളികൾ അടിമകളല്ല, ഉടമകളാണ് ആറളം ഫാം തൊഴിൽ ഒത്തുതീർപ്പാക്കുന്നതിൽ ട്രേഡ് യൂനിയന്റെ വഞ്ചന തിരിച്ചറിയുക, എന്നിങ്ങനെയാണ് എഴുതിയിരിക്കുന്നത്. ഒരുമണിക്കൂറോളം ടൗണിൽ ചിലവഴിച്ചതിനു ശേഷമാണ് സംഘം വനത്തിലേക്ക് മടങ്ങിയത്.
സംഭവത്തിൽ ഇരിട്ടി എ. എസ്. പി തപോഷ് ബസുമദാരിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ മുതൽ അന്വേഷണമാരംഭിച്ചു. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ പതിനൊന്നംഗ മാവോയിസ്റ്റുകളാണ് വെള്ളിയാഴ്ച വൈകുന്നേരം വിയറ്റ്നാമിലെത്തിയത്. ഇവരിൽ രണ്ടു പേരുടെ കൈയിൽ നാടൻ തോക്കുകളും മറ്റുള്ളവരുടെ കൈയിൽ യന്ത്രത്തോക്കുകളും ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം ഏഴരയോടെയാണ് ഇവർ തിരിച്ചു പോയത്. ഇവിടെയുണ്ടായിരുന്ന അബ്ദുറഹിമാന്റെ കടയിൽ നിന്നും ആയിരം രൂപയുടെ പലവ്യഞ്ജന സാധനങ്ങൾ വാങ്ങുകയും ചെയ്തിരുന്നു.
പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടന്ന് ആറളം പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. മാവോയിസ്റ്റുകളെ കണ്ടെത്താനായി എ. എസ്‌പിയുടെ നേതൃത്വത്തിൽ പൊലിസും തണ്ടർ ബോൾട്ടും വനമേഖലയിൽ തെരച്ചിൽ നടത്തിയെങ്കിലും, ആരെയും കണ്ടെത്താനായിട്ടില്ല. ഇരിട്ടിയിലെ വനാതിർത്തികളിൽ മാവോയിസ്റ്റുകളെത്തി പ്രകടനവും പ്രസംഗവും നടത്തുന്നതും പലവ്യഞ്ജന സാധനങ്ങളും ഭക്ഷണങ്ങളും ശേഖരിച്ചു പോകുന്നതും ഇതു മൂന്നാംതവണയാണ്. ആറളം, അയ്യൻകുന്ന് പഞ്ചായത്തിലെ ടൗണുകളായ എടപ്പുഴ, വാളത്തോട്, വിയറ്റ്നാം എന്നിവടങ്ങളിലാണ് മാവോയിസ്റ്റുകളെത്തിയത്.
സർക്കാരിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ ഇവർ വ്യാപകമായി പോസ്റ്ററുകൾ പതിച്ചും കബനീദളത്തിന്റെ പേരിലുള്ള ലഘുലേഖകൾ വിതരണം ചെയ്തുമാണ് മടങ്ങുന്നത്. പ്രദേശവാസികളെ തങ്ങളുടെ കൂടെ ചേരാനും നിർബന്ധിക്കുന്നുണ്ട്. പ്രദേശവാസികളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ മാവോയിസ്റ്റുകൾക്കുണ്ടെന്ന് വിയറ്റ്നാമിലെ കടയുടമ അബ്ദുറഹിമാൻ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. സംഘത്തിലെയാൾ താൻ സി.പി മൊയ്തീനാണെന്നു പരിചയപ്പെടുത്തിയ ശേഷം നിങ്ങളെ നാട്ടിൽ നിന്നും വിളിക്കുന്ന പേര് അബ്ദൂക്കയല്ലേയെന്നു ചോദിക്കുകയും ചെയ്തതായാണ് കടക്കാരൻ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
തങ്ങളെ എത്തുന്ന സ്ഥലത്തെ പ്രദേശവാസികളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളും സ്ഥലത്തെ പ്രധാനപ്പെട്ട ആളുകളുടെ ഫോൺ നമ്പറുകളും മാവോയിസ്റ്റുകൾക്കറിയാമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കണ്ണൂരിന്റെ വനാതിർത്തിയിലെ ഗ്രാമങ്ങളിൽനിന്നും മാവോയിസ്റ്റുകൾക്ക് പ്രാദേശികമായ സഹായം ലഭിക്കുന്നുണ്ടെന്നാണ് പൊലിസിന് ലഭിക്കുന്ന സൂചന. വിയറ്റ്നാമിൽ മാവോയിസ്റ്റുകളിറങ്ങിയതിനു ശേഷം അരമണിക്കൂർ കഴിഞ്ഞ് പൊലിസ് എത്തിയതിരുന്നു.
വിവരമറിഞ്ഞു എത്തിയ പൊലീസ് അവിടെ പരിശോധന നടത്തുമ്പോൾ അരകിലോമീറ്റർ ദൂരേക്ക് വനത്തിനുള്ളിൽ മാവോയിസ്റ്റുകൾ ഓടി മറഞ്ഞിരുന്നു. മൂന്നു ദിവസം മുൻപ് ഇരിട്ടി എ. എസ്‌പിയുടെ നേതൃത്വത്തിൽ ഇവിടെ വനത്തിനുള്ളിൽ വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു. ആറളം ഫാം പിടിച്ചെടുക്കാൻ തൊഴിലാളികളോട് ആഹ്വാനം ചെയ്യുന്ന മാവോയിസ്റ്റുകൾ വരും ദിനങ്ങളിൽ ഫാമിനോടു ചേർന്ന കർണാടക വനാതിർത്തിയിൽ ക്യാംപു ചെയ്യുമോയെന്ന ആശങ്കയും പൊലിസിനുണ്ട്.