- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയ വഴി പരിചയം; പരിചയം വളർന്ന് 9 വർഷമായി പ്രണയം; ആൺസുഹൃത്ത് വേറെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് ഷോക്കായി; ഉദുമയിൽ യുവതിയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ; ആത്മഹത്യക്ക് പ്രേരിപ്പിച്ചതായി ആരോപണം
കാസർകോട്: കാസർകോട് ഉദുമ അരമങ്ങാനത്ത് അമ്മയെയും അഞ്ചുവയസുള്ള കുഞ്ഞിനെയും കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു. സെപ്റ്റംബർ 15 ന് നടന്ന സംഭവത്തിലാണ് കളനാട് അരമങ്ങാനത്തെ താജുദ്ദീന്റെ ഭാര്യ റുബീനയെ(33)യും മകൾ കെ.ഹനാന മറിയത്തെയും(5) മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി അദ്ധ്യാപികയായിരുന്നു. സംഭവത്തിൽ യുവതിയുടെ സുഹൃത്തും സ്വകാര്യ സ്‌കൂൾ അദ്ധ്യാപകനുമായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബാര എരോൽ ജുമാ മസ്ജിദിനടുത്തെ സഫ്‌വാൻ ആദൂർ(29)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സഫ്‌വാനുമായുള്ള പ്രണയബന്ധം തകർന്നതും അയാൾ വേറെ വിവാഹം കഴിക്കാൻ തീരുമാനിച്ചതുമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് കണ്ടെത്തൽ. ആത്മഹത്യാ പ്രേരണ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. റുബീന നേരത്തെ അൽബീർ എന്ന കുട്ടികളുടെ സ്‌കൂളിൽ അദ്ധ്യാപികയായി സേവനം ചെയ്തിരുന്നു.
സെപ്റ്റംബർ 15 ന് ഉച്ചയോടെയാണ് അമ്മയുടെയും മകളുടെയും മരണ വിവരം പുറത്തുവന്നത്. പുലർച്ചേ മുതൽ ഇരുവരെയും കാണാതായിരുന്നു. പൊലീസിൽ പരാതിയും നൽകിയിരുന്നു. ഉച്ചയ്ക്ക് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ വീട്ടിലെ കിണറിന് സമീപം ചെരിപ്പുകൾ കണ്ടെത്തി. സംശയത്തെ തുടർന്ന് കിണറിൽ നോക്കിയപ്പോഴാണ് ഇരുവരെയും കിണറിൽ വീണ നിലയിൽ
കണ്ടെത്തിയത്.
ഭർത്താവ് താജുദ്ദീൻ കിഴുർ സ്വദശിയാണ്. പ്രവാസിയായിരുന്നു താജുദ്ദീൻ കഴിഞ്ഞ ബലിപ്പെരുനാൾ അടുപ്പിച്ചു നാട്ടിലെത്തി വീടിന്റെ തറയുടെ പണി പൂർത്തിയാക്കിയാണ് മടങ്ങിയത്. സംഭവത്തെ തുടർന്ന് താജുദ്ദീൻ പൊലീസിൽ നൽകിയ പരാതിയുടെയും ബന്ധുക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമായത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട അദ്ധ്യാപകനുമായി യുവതി ഒൻപത് വർഷക്കാലമായി ഇഷ്ടത്തിലായിരുന്നെന്നു കണ്ടെത്തി. അടുത്തിടെ യുവാവ് വേറൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ ഇരുവരും തമ്മിൽ വഴക്കായി. യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്നാണ് ബന്ധുക്കൾ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്.
രണ്ടു പേരുടെയും മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിച്ചതിൽ പരസ്പരമുള്ള ചാറ്റിങ്ങുകൾ നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇതോടെ യുവാവ് കേസിലെ തെളിവുകൾ നശിപ്പിച്ചതിനും കോടതിക്ക് റിപ്പോർട്ട് നൽകി. തുടർന്ന് മൊഴി എടുക്കുന്നതിനായി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ അദ്ധ്യാപകനെ വിശദമായ ചോദ്യം ചെയ്യലിനുശേഷം ആത്മഹത്യാ പ്രേരണ കുറ്റത്തിനും തെളിവുകൾ നശിപ്പിച്ചതിനുമുള്ള വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
മേൽപറമ്പ് ഇൻസ്‌പെക്ടർ ടി ഉത്തംദാസ്, എസ്‌ഐ വിജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.




