- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അയ്യായിരം കോടിയുടെ മണി ചെയിൻ മോഡൽ തട്ടിപ്പ്
ലണ്ടൻ: നിരവധി രാജ്യങ്ങളിൽ വ്യാപകമായി തട്ടിപ്പ് നടത്തിയിരുന്ന, വിപുലമായ പോൺസി പദ്ധതിയുടെ സംഘാടകരായ ജ്യൂസി ഫീൽഡ്‌സിന്റെ ഒരു മുതിർന്ന ജീവനക്കാരനെ നാഷണൽ ക്രൈം ഏജൻസി അറസ്റ്റ് ചെയ്തു. കു്യുറഞ്ഞ നഷ്ട സാദ്ധ്യതയിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് നടത്തുന്ന ഒരുതരം തട്ടിപ്പുകളാണ് പോൺസി സ്‌കീമുകൾ എന്നറിയപ്പെടുന്നത്. നിയമവിധേയമായ രീതിയിൽ വ്യാപാരം ചെയ്ത് ലാഭം നേടാതെ ഈ തട്ടിപ്പുകാർ ചെയ്യുന്നത് ഈ പദ്ധതിയിൽ പുതുതായി നിക്ഷേപിക്കുന്നവരുടെ പണം നേരത്തെ അംഗങ്ങളായവർക്ക് ലാഭവിഹിതമായി നൽകുക എന്നതാണ്. ആവശ്യൂത്തിന് പുതിയ നിക്ഷേപകർ ഇല്ലാതെ വരുമ്പോൾ ഈ പണമൊഴുക്ക് നിലയ്ക്കുകയും കമ്പനി പൊളിയുകയും ചെയ്യും.
ഏതാണ്ട് 645 മില്യൻ പൗണ്ടാണ് ഈ പ്ലാറ്റ് ഫോമിൽ നിക്ഷേപമായി എത്തിയത് എന്നാണ് സൂചന. 2020 ആരംഭം മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ ഒരു ഡസനോളം രാജ്യങ്ങളിൽ നിന്നായി 5 ലക്ഷം പേരിൽ അധികമാണ് ജ്യൂസി ഫീൽഡ്‌സിന്റെ വെബ്‌സൈറ്റുകളിൽ റെജിസ്റ്റർ ചെയ്തിട്ടുള്ളത്. ഔഷധഗുണമുള്ള, മയക്കു മരുന്ന് ചെടികളുടെ കൃഷി, വിളവെടുപ്പ്, വിതരണം എന്നീ മേഖലകളിലായി വൻ നിക്ഷേപ സാധ്യതകളാണ് ഈ വെബ്‌സൈറ്റ് വഴി വാഗ്ദാനം നൽകിയിരുന്നത്.
1,80,000 ൽ അധികം പേർ പണം നൽകുകയും ചെയ്തിട്ടുണ്ട്. 2022 ജൂലായ് മാസത്തിൽ കമ്പനി അധികൃതർ, കമ്പനിയുടെ ഔദ്യോഗിക പ്രൊഫൈലുകൾ സമൂഹമാധ്യമങ്ങളിൽ നിന്നും പിൻവലിച്ചു. മാത്രമല്ല, പണം നിക്ഷേപിച്ചവർക്ക് അവരുടെ അക്കൗണ്ടുകളിൽ സൈൻ ഇൻ ചെയ്യുന്നതിൽ നിന്നും വിലക്കേർപ്പെടുത്തി, പണം പിൻവലിക്കുന്നതും തടഞ്ഞു. ഏതാണ്ട് പത്തോളം രാജ്യങ്ങളിലെ അന്വേഷണ ഏജൻസികളുമായി സഹകരിച്ചായിരുന്നു നാഷണൽ ക്രൈം ഏജൻസി ഈ കേസ് അന്വേഷിച്ചത്.
സ്പാനിഷ്, ജർമ്മൻ, ഫ്രഞ്ച് അധികൃതരുടെ നേതൃത്വത്തിൽ, യൂറോപോൾ, എൻ സി എ, അതുപോലെ യൂറോപ്യൻ യൂണിയനിലെ പല അംഗരാജ്യങ്ങളിൽ നിന്നുള്ള പൊലീസ് സേനകൾ എന്നീവയെ ഏകോപിപ്പിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്. 2024 ഏപ്രിൽ 11 ന് യൂറോപ്പിൽ അങ്ങോളമിങ്ങോളമായി ഈ കേസുമായി ബന്ധപ്പെട്ട് ഒൻപത് വ്യക്തികൾ അറസ്റ്റിലായി. 30 ഓളം വീടുകൾ റെയ്ഡ് ചെയ്യുകയും ചെയ്തു. അന്വേഷണത്തിനിടയിൽ ക്രിപ്‌റ്റോ കറൻസിയായും വിവിധ നാങ്ക് അക്കൗണ്ടുകളിലായും നിക്ഷേപിച്ച ലക്ഷക്കണക്കിന് തുക മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
യൂറോപ്പിലെ പലയിടങ്ങളിലുള്ള സ്ഥലങ്ങൾ, കെട്ടിടങ്ങൾ, വാഹനങ്ങൾ, വിപണനമൂല്യമുള്ള കലാരൂപങ്ങൾ, പണം, മറ്റ് ആഡംബര വസ്തുക്കൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. അതിനു പുറമെ, ഇടപാടുകൾ നടത്താൻ ഉപയോഗിച്ചവ എന്ന് സംശയിക്കുന്ന നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇപ്പോൾ ഈ കേസുമായി ബന്ധപ്പെട്ട് വാർവിക്ക്ഷയർ, ആതർസ്റ്റോണിൽ നിന്നാണ് ഒരു 42 കാരനെ നാഷണൽ ക്രൈം ഏജൻസി അറസ്റ്റ് ചെയ്തിരിക്കുന്നത്. കമ്പനി ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനുള്ള ഉത്തരവാദിത്തമായിരുന്നു ഇയാൾ നിർവഹിച്ചിരുന്നത്.
അതുകൂടാതെ, പല വ്യാവസായിക ഈവന്റുകളിലും കമ്പനിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത്, കമ്പനിക്ക് നിയമസാധുത നേടാനും ഇയാൾ ശ്രമിച്ചിരുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം ഇനി ഫൊറൻസിക് പരിശോധനക്ക് വിധേയമാക്കും. ഏപ്രിൽ 11 ന് വെസ്റ്റ്മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിലൊ ഇയാളെ ഹാജരാക്കി. നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ഇയാളെ സ്പാനിഷ് പൊലീസിന് കൈമാറും.