പയ്യന്നൂർ: യു.കെ വിസാ തട്ടിപ്പിനിരയായ വയനാട് ജില്ലക്കാരനായ അനൂപ് ടോമി ജീവനൊടുക്കിയതിനു പിന്നാലെ തളിപറമ്പിലെ ട്രാവൽ ഏജൻസി ഉടമയ്ക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. താന് തട്ടിപ്പിന് ഇരയായെന്ന കുന്നരു കാരന്താട്ടെ ഉത്രാടൻ വീട്ടിൽ ശശിയുടെ പരാതിയിലാണ് കേസെടുത്തത്്.

തളിപറമ്പ് സ്റ്റാർ ഹൈറ്റ്സ് കൺസൾട്ടൻസിയിലെ കിഷോർ കുമാറിനെതിരെയാണ് പയ്യന്നൂർ പൊലിസ് കേസെടുത്തത്. യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്തു ഇയാൾ പരാതിക്കാരനിൽ നിന്നും പതിമൂന്ന് ലക്ഷം വാങ്ങുകയും പിന്നീട് വിസയോ പണമോ വാങ്ങിയെന്നാണ് പരാതി. കാനറ ബാങ്ക് അൗക്കണ്ടുവഴിയാണ് 2021 ഓഗസ്റ്റ് അവസാനയാഴ്‌ച്ച മുതൽ കഴിഞ്ഞ വർഷം ജൂലായ് വരെ പരാതിക്കാരൻ പണം നൽകിയത്.

എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വിസ കിട്ടാത്തതിനെ തുടർന്നാണ് പരാതിക്കാരൻ പൊലീസിൽ പരാതി നൽകിയത്. ഇതേ സ്വകാര്യസ്ഥാപന ഉടമ തന്നെ ആറുലക്ഷം രൂപ വാങ്ങി വിസ നൽകാതെ വഞ്ചിച്ചതിൽ മനം നൊന്ത് വയനാട് ജില്ലയിലെ പുൽപ്പള്ളി സ്വദേശിയായ ടോമി-വിൻസി ദമ്പതികളുടെ മകൻ മൂത്തേടത്ത് അനൂപ് ടോമിയാ(24)ണ് ദിവസങ്ങൾക്കു മുൻപ് ജീവനൊടുക്കിയത്.

യുകെയിലേക്കുള്ള വിസ വാഗ്ദാനം ചെയ്താണ് അനൂപ് ടോമി ക്രൂരമായ വഞ്ചനയ്ക്കു ഇരയാക്കിയത്. അനൂപ് ടോമിയുടെ ജീവിതാഭിലാഷമായിരുന്നു യു.കെയിലുള്ള ജോലിയും വിസയും. അനൂപ് ടോമി ഉൾപ്പെടെ പതിനഞ്ചോളം പേരിൽ നിന്നും ട്രാവൽ ഏജൻസി ഭീമമായ സംഖ്യ വിസയ്ക്കായി കൈപ്പറ്റിയിരുന്നു. ഏകദേശം മൂന്നരകോടിയോളം രൂപ ഇയാൾ തട്ടിയെടുത്തുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ സബ് ഓഫീസായാണ് തളിപറമ്പ് ചിറവയ്ക്കും പ്രവർത്തിച്ചിരുന്നത്. ഉദ്യോഗാർത്ഥികൾ പണമാവശ്യപ്പെട്ടു ഓഫിസിലെത്താൻ തുടങ്ങിയതോടെയാണ് കിഷോർകുമാർ തളിപറമ്പ് ഓഫിസ് പൂട്ടി മുങ്ങിയത്. ഇയാളുടെ കൊച്ചിയിലെ ഓഫീസും ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നാണ് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞത്.

അഞ്ചുലക്ഷം മുതൽ ആറരലക്ഷം രൂപവരെയാണ് യാൾ പലരിൽ നിന്നുമായി അഡ്വാൻസ് വാങ്ങിയത്.പിന്നീട് പലതവണയായി ലക്ഷങ്ങൾ പലപേരിലും വാങ്ങിയെന്നും പരാതിയുണ്ട്. ഗഡുക്കളായാണ് തുക വാങ്ങിക്കൂട്ടിയത്. നേരത്തെ ആലക്കോട് സ്വദേശിയുൾപ്പെടെ ഏഴുപേർ നൽകിയ പരാതിയിൽ പൊലിസ് കേസെടുത്തിട്ടുണ്ട്.

കിഷോർകുമാറിനായി തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തളിപറമ്പ് പൊലിസ് വിശ്വാസ വഞ്ചനയ്ക്കാണ് കേസെടുത്തത്. കിഷോർകുമാറിനെതിരെ നിരവധി പരാതികൾ പൊലിസിനു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട്. എന്നാൽ പലരും രേഖാമൂലം നൽകാത്തതിനെ തുടർന്നാണ് കേസെടുക്കാൻ കഴിയുന്നില്ലെന്നാണ് പൊലിസ് പറയുന്നത്.

യു.കെ വിസാതട്ടിപ്പിനു പിന്നിൽ വൻ റാക്കറ്റുതന്നെ പ്രവർത്തിക്കുന്നുണ്ടെന്ന സംശയവും പൊലിസിനുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ നേരിട്ടു രേഖാമൂലം ലഭിച്ചാൽ ഇക്കാര്യം അന്വേഷിക്കുമെന്ന് തളിപറമ്പ് പൊലിസ് അറിയിച്ചു.