തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. ഉല്ലാസിനെ കൊന്നത് പിതാവ് തന്നെയാണെന്നാണ് കണ്ടെത്തല്‍. താന്‍ തന്നെയാണെന്ന് പോലീസിനോട് ഏറ്റുപറഞ്ഞ് പിതാവ് ഉണ്ണികൃഷ്ണന്‍ നായര്‍. ഇയാളുടെ അറസ്റ്റ് ഞായറാഴ്ച രാത്രി രേഖപ്പെടുത്തും. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യലില്‍ ആദ്യം ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നില്ല.

മറ്റാരൊക്കെയോ വന്ന് കൊലപ്പെടുത്തിയെന്നാണ് പോലീസിനോട് ഇയാള്‍ പറഞ്ഞത് അതനുസരിച്ച് പോലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും വിശദമായി പരിശോധിച്ചിരുന്നു. തുടര്‍ന്ന് വൈകുന്നേരമാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. നെഞ്ചിന്റെ ഭാഗത്തേറ്റ ആഴത്തിലുള്ള മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് ഉല്ലാസ് മരിച്ചത്. മണിക്കൂറോളം കുത്തേറ്റ് കിടന്ന് രക്തം വാര്‍ന്ന് പോയിരുന്നു. പോലീസ് രാവിലെ ഉണ്ണികൃഷ്ണന്‍ നായരെ കസ്റ്റഡിയിലെടുത്ത് പോത്തന്‍കോട് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.

പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ശേഷം നാളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കും. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം നടന്നത്. തൊട്ടടുത്ത വീട്ടിലായിരുന്ന ഭാര്യ ഉഷയോട് ഉല്ലാസ് രക്തത്തില്‍ കുളിച്ചുകിടക്കുന്നതായി ഉണ്ണികൃഷ്ണന്‍ തന്നെയാണ് പോയി പറഞ്ഞത്. തുടര്‍ന്ന് ഉഷ വന്ന് നോക്കുമ്പോള്‍ ഉല്ലാസിനെ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഉഷ സമീപവാസികളെ വിവരം അറിയിച്ചു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന്

പോത്തന്‍കോട് പൊലീസ് സ്ഥലത്തെത്തി. പൊലീസ് എത്തി പരിശോധിക്കുകയും സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ണികൃഷ്ണനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഉല്ലാസിന്റെ മൃതദേഹം നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.