- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനായിരം അടച്ചാൽ രണ്ടു വർഷം കൊണ്ട് 2.70ലക്ഷം; മലയാളികളുടെ ആർത്തി മുതലെടുത്ത് കോയമ്പത്തൂരിലെ യൂണിവേഴ്‌സൽ കമ്പനി തട്ടിയത് 3500കോടി; വമ്പൻ മണിചെയിൻ തട്ടിപ്പ് സിബിഐയ്ക്ക് വിട്ട് സർക്കാർ; രേഖകൾ കൈമാറാൻ ഡിവൈഎസ് പി ഡൽഹിയിൽ; തമിഴ്‌നാട്ടിലെ വമ്പന്മാർക്കും പങ്കുള്ള തട്ടിപ്പിലെ നേരറിയാൻ സിബിഐ വരുന്നു
തിരുവനന്തപുരം: 10മാസം കൊണ്ട് പണം ഇരട്ടിയാക്കുമെന്നും 11,250 രൂപ അടച്ചാൽ 2 വർഷത്തിനുള്ളിൽ 10 തവണകളായി 2,70,000 രൂപയും മറ്റു ആനുകൂല്യങ്ങളും ലഭിക്കുമെന്നും വാഗ്ദാനം ചെയ്ത് കേരളത്തിൽ നിന്ന് 3500 കോടിയുടെ വമ്പൻ തട്ടിപ്പ് നടത്തിയ കോയമ്പത്തൂരിലെ യൂണിവേഴ്‌സൽ ട്രേഡിങ് സൊലൂഷൻസിനെതിരായി കേരളത്തിലെടുത്ത കേസുകൾ സിബിഐയ്ക്ക് വിട്ട് സർക്കാർ.
അന്വേഷണത്തിന് വിജ്ഞാപനം പുറത്തിറക്കിയ സർക്കാർ കേസ് രേഖകൾ ഉടനടി സിബിഐയ്ക്ക് കൈമാറാൻ മലപ്പുറം ഡിവൈ.എസ്‌പി അബ്ദുൾ ബഷീറിനെ ഡൽഹിയിലേക്കയച്ചു. അങ്ങനെ കേരളത്തെ കൊള്ളയടിച്ച വമ്പൻ മണിചെയിൻ തട്ടിപ്പ് കേസിൽ നേരറിയാൻ സിബിഐ വരികയാണ്. തമിഴ്‌നാട്ടിൽ രാഷ്ട്രീയ ഉന്നതർക്കടക്കം പങ്കുണ്ടെന്ന് സംശയമുള്ള കേസാണിത്.
കോടാനുകോടി സാമ്പത്തിക തട്ടിപ്പു നടത്തിയ കോയമ്പത്തൂരിലെ യൂണിവേഴ്‌സൽ ട്രേഡിങ് സൊലൂഷൻസ് എംഡി ഗൗതം രമേശ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലും പിന്നീട് സേലം ശങ്കഗിരി സബ് ജയിലിലുമായി. കേരളാ പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയിരുന്നെങ്കിലും കസ്റ്റഡി കാലാവധി കഴിഞ്ഞ പ്രതിയെ മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്യണമെന്ന് അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.
തമിഴ്‌നാട്ടുകാരനായ ഇയാളെ സേലത്തേക്ക് കൊണ്ടുപോകാൻ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുവദിക്കുകയായിരുന്നു. കേരളത്തിലെ 3500കോടിക്ക് പുറമെ തമിഴ്‌നാട്ടിലെ സേലം, കരൂർ, ധർമ്മപുരി ജില്ലകളിൽ നിന്ന് 1200കോടിയും ഇയാൾ തട്ടിയെടുത്തിരുന്നു. നിക്ഷേപം ഇരട്ടിയാക്കി നൽകാമെന്നാണു വാഗ്ദാനമെങ്കിലും കമ്പനി നടത്തിയതു മണിചെയിൻ തട്ടിപ്പു തന്നെയാണ്. പണം നിക്ഷേപിച്ചവർ പുതിയ ആളുകളെ നിക്ഷേപകരാക്കിയാൽ പ്രത്യേകം കമ്മിഷൻ വാഗ്ദാനം ചെയ്തു.
ഇതിനായി ബിസിനസ് ഡവലപ്‌മെന്റ് ഓഫിസർമാരെ നിയോഗിച്ചു. കമ്മിഷനും കൂടി കിട്ടുമെന്നായപ്പോൾ ഭാര്യയുടെയും മക്കളുടെയും സുഹൃത്തുക്കളുടെയും പേരിലെല്ലാം പുതിയ ഐഡികൾ തുടങ്ങി. പക്ഷേ, കമ്മിഷനും കിട്ടിയില്ല, പണവും കിട്ടിയില്ല. ബാങ്ക് വഴി ഇടപാട്, മുദ്രപത്രത്തിൽ എഴുതി നൽകും തുടങ്ങിയ ഉറപ്പുകൾ വിശ്വസിച്ചാണ് മലയാളികൾ പണം നിക്ഷേപിച്ചത്.
പത്തു മാസം കൊണ്ടു പണം ഇരട്ടിയാക്കാമെന്ന വാഗ്ദാനത്തിലാണു രമേഷ് ഉൾപ്പെടെ ഒട്ടേറെപ്പേർ യുടിഎസിൽ നിക്ഷേപിച്ചത്. ചികിത്സയ്ക്കായും മക്കളുടെ വിവാഹത്തിനായും മാറ്റിവച്ചതും ജോലിയിൽനിന്നു വിരമിച്ചപ്പോൾ കിട്ടിയതുമായ പണം പോലും നിക്ഷേപിച്ചവരുണ്ട്. 8000 കോടി രൂപയെങ്കിലും നിക്ഷേപം കമ്പനി സ്വീകരിച്ചിട്ടുണ്ടെന്നു കമ്പനിയുടെ വൈസ് പ്രസിഡന്റായിരുന്ന രാം നഗർ രമേഷ് പറയുന്നു. ഇയാൾ രാജിവച്ചിരുന്നു.
തമിഴ്‌നാട്, കേരളം, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലെ വിവിധ ശാഖകളിലെ സ്ഥിരനിക്ഷേപം കൂട്ടമായി പിൻവലിക്കപ്പെടുന്നതു ബാങ്കുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതോടെയാണ് യുടിഎസിന്റെ മുഖംമൂടി അഴിഞ്ഞത്. പിൻവലിക്കുന്ന പണം യുടിഎസിന്റെ അക്കൗണ്ടുകളിലേക്കാണു പോകുന്നതെന്നു മനസ്സിലാക്കിയതോടെ റിസർവ് ബാങ്ക് ഇടപെടുകയും ആദായനികുതി വകുപ്പു പരിശോധന നടത്തുകയും ചെയ്തു.
തമിഴ്‌നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കൂടി പിന്തുണയോടെ നടത്തിയ റെയ്ഡിലാണ് കോടിക്കണക്കിനു രൂപയുടെ നിയമവിരുദ്ധ ഇടപാടുകൾ യുടിഎസിൽ നടക്കുന്നതായി മനസ്സിലാക്കിയത്. ഇതോടെ സ്ഥാപനത്തിന്റെ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചു. മരവിപ്പിക്കുമ്പോൾ അക്കൗണ്ടിൽ ശേഷിച്ചിരുന്നത് 27 കോടിയോളം മാത്രം.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്