- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ശബരിമലയിലെ കട്ടിളപ്പാളികളില്‍ സ്വര്‍ണ്ണം പൊതിഞ്ഞിരുന്നതായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അറിയാമായിരുന്നു; പാളികള്‍ ചെന്നൈയിലെത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചു; മറ്റ് പ്രതികളുമായി ഗൂഢോലോചന നടത്തി; ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ; 'പോറ്റി മാഫിയ'യിലെ ചങ്ങല കണ്ണികളഴിക്കാന് എസ്ഐടി സംഘം
ശബരിമലയിലെ കട്ടിളപ്പാളികളില്‍ സ്വര്‍ണ്ണം പൊതിഞ്ഞിരുന്നതായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അറിയാമായിരുന്നു
പത്തനംതിട്ട: ശബരിമല കട്ടിളപ്പാളി കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നാണ് എസ്‌ഐടി സംഘം കോടതിയെ അറിയിച്ചത്. സ്വര്‍ണ്ണപ്പാളി ഇടപാടിനെ കുറിച്ചെല്ലാ വിവരങ്ങളും പോറ്റിക്കും സംഘത്തിനും അറിവുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
കട്ടിളപ്പാളികളില്‍ സ്വര്‍ണ്ണം പൊതിഞ്ഞിരുന്നതായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അറിയാമായിരുന്നു. പാളികള്‍ ചെന്നൈയിലെത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റി മറ്റ് പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും പോറ്റി നടത്തിയത് വിശ്വാസ വഞ്ചനയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഇന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഗൂഢാലോചന വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. പത്താം തീയതി വൈകുന്നേരം അഞ്ചുവരെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കസ്റ്റഡിയില്‍ വാങ്ങിയ ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി സംഘം കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി തിരുവനന്തപുരം കൊണ്ടുപോയി.
ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റി നേരത്തെ അറസ്റ്റിലായിരുന്നു. കട്ടിളപ്പാളിയിലെ സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ആദ്യം കൊണ്ടുപോകുന്നത്. ഇതിനുശേഷമാണ് ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളി ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോകുന്നതും സ്വര്‍ണം കൈക്കലാക്കുന്നതും. ദ്വാരപാലക സ്വര്‍ണമോഷണ കേസില്‍ റിമാന്‍ഡിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കി എസ്ഐടി റാന്നി കോടതിയില്‍ ഹാജരാക്കി.
ഇതിനുപിന്നാലെയാണ് കട്ടിളപ്പാളി സ്വര്‍ണക്കവര്‍ച്ചയിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റിയെ 13 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും അത്രയും ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുക്കരുതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു.
സ്വര്‍ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള കല്‍പേഷ്, വാസുദേവന്‍, ഗോവര്‍ദ്ധന്‍, സ്മാര്‍ട് ക്രിയേഷന്‍ സിഇ പങ്കജ് ഭണ്ഡാരി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെയും എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്.
അതേസമയം ശബരിമലയിലെ സ്വര്‍ണപാളി കടത്തിയ കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍. വാസുവിനെയും പ്രത്യേക സംഘം ചോദ്യം ചെയ്തു. വാസുവിന്റെ മുന്‍ പി.എയും സ്വര്‍ണ കടത്തു കേസിലെ മുഖ്യപ്രതിയുമായ സുധീഷ് കുമാറിന്റെ അറസ്റ്റിന് പിന്നാലെയാണ് ചോദ്യം ചെയ്യല്‍. ശബരിമല സ്വര്‍ണ പാളികള്‍ പോറ്റി പുറത്തേക്ക് കൊണ്ട് പോകുമ്പോഴും തിരികെയെത്തിക്കുമ്പോഴും താന്‍ ദേവസ്വം കമ്മീഷണറോ പ്രസിഡന്‍ോ ആയിരുന്നില്ലെന്നായിരുന്നു എന്‍ വാസുവിന്റെ വിശദീകരണം.
എന്നാല്‍ തന്റെ കൈയില്‍ ബാക്കിവന്ന സ്വര്‍ണം എന്തു ചെയ്യണമെന്ന ചോദ്യവുമായി ഉണ്ണികൃഷ്ണന്‍ പോറ്റി കത്തയക്കുന്നത് എന്‍ വാസു ദേവസ്വം പ്രസിഡന്റായിരുന്നപ്പോള്‍. കത്തയച്ചതിന് എന്താണ് കുഴപ്പമെന്നായിരുന്നു വാസുവിന്റെ വിചിത്രവാദം.
രേഖകളില്‍ കൃത്രിമം കാട്ടി ശബരിമല സ്വര്‍ണക്കൊള്ളയ്ക്കു കൂട്ടുനിന്ന മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറും മൂന്നാം പ്രതിയുമായ ഡി. സുധീഷ് കുമാറില്‍ നിന്നു പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ലഭിച്ചത് ദേവസ്വം ഉന്നതരുടെ പങ്കു വ്യക്തമാക്കുന്ന വിവരങ്ങളാണ്. സുധീഷ് കുമാറിനെയും പോറ്റിയുടെ സുഹൃത്തും ഇടനിലക്കാരനുമായ സി.കെ. വാസുദേവനെയും എസ്‌ഐടി ഇഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയത്.
വെള്ളിയാഴ്ച പകലും രാത്രിയിലുമായി നടന്ന ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ രാവിലെയാണ് സുധീഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇദ്ദേഹത്തെ പത്തനംതിട്ട ജുഡീ. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇടനിലക്കാരന്‍ വാസുദേവനെ വിട്ടയച്ചു. 2019ല്‍ ദേവസ്വം കമ്മിഷണറായിരുന്ന എന്‍. വാസുവിനും പ്രസിഡന്റായിരുന്ന എ. പദ്മകുമാറിനും ശ്രീകോവില്‍പ്പാളികള്‍ സ്വര്‍ണം പൊതിഞ്ഞതായിരുന്നെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നതു സംബന്ധിച്ച വിവരങ്ങള്‍ സുധീഷ് കുമാര്‍ എസ്‌ഐടിയൊടു വെളിപ്പെടുത്തിയെന്നറിയുന്നു.
നേരത്തേ രണ്ടാം പ്രതിയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവും ഇതേ സൂചന നല്കിയിരുന്നു. തനിക്കു മാത്രമായി സ്വര്‍ണപ്പാളികളെ ചെമ്പെന്ന് തിരുത്താനാകില്ലെന്നും തന്റെ മുകളിലുള്ള അഞ്ചു പേരറിയാതെ ഇതൊന്നും നടക്കില്ലെന്നുമായിരുന്നു മുരാരി ബാബു എസ്‌ഐടിയോടു പറഞ്ഞത്. ഇതെല്ലാം കുടുക്കുല്‍ നിന്നും രക്ഷപ്പെടാനുള്ള ഉദ്യോഗസ്ഥ തന്ത്രമാണെന്ന വാദം വാസു അടക്കം ഉയര്‍ത്തും. വാസു പ്രസിഡന്റായിരുന്നപ്പോള്‍ സുധീഷ് പിഎയായിരുന്നുവെന്നതും ഈ അന്വേഷണത്തെ സ്വാധീനിക്കും.
സ്വര്‍ണക്കൊള്ള നടന്ന 2019ല്‍ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു സുധീഷ് കുമാര്‍. മുരാരി ബാബുവായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍. ദേവസ്വം മാനുവല്‍ പ്രകാരം എന്തു തീരുമാനങ്ങള്‍ക്കും ഫയല്‍ തുറക്കേണ്ടത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. ഇദ്ദേഹം അഭിപ്രായം രേഖപ്പെടുത്തി മുകളിലേക്ക് അയയ്ക്കുന്ന ഫയലില്‍ മാറ്റം വരുത്താനും അഭിപ്രായം രേഖപ്പെടുത്താനുമുള്ള അവകാശം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കുണ്ട്. രേഖകള്‍ പ്രകാരം കൊള്ളയ്ക്ക് ആദ്യം വഴി തുറന്നത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവാണ്.
ഈ ഫയല്‍ തിരുത്താതെ കൊള്ളയ്ക്കു വഴി സുഗമമാക്കുകയായിരുന്നു എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍. ഇതിന് പിന്നില്‍ ഉന്നതരുടെ നിര്‍ദ്ദേശമുണ്ടെന്നാണ് സുധീഷ് പറയുന്നത്. സ്വര്‍ണം ചെമ്പാക്കി മാറ്റിയെഴുതി. കൂടാതെ ദേവസ്വം മാനുവല്‍ മറികടന്നു പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈക്ക് കൊടുത്തുവിടാനും ഇവര്‍ നിര്‍ദേശിച്ചു. ദ്വാരപാലക ശില്‍പങ്ങള്‍ പോറ്റിയുടെ അഭാവത്തില്‍ അനന്ത സുബ്രഹ്‌മണ്യം, രമേശ് റാവു എന്നിവര്‍ക്ക് കൈമാറുക മാത്രമല്ല, സുരക്ഷയൊരുക്കാതെ ചെന്നൈക്ക് കടത്താനും ഇരുവരും കൂട്ടുനിന്നു.
ഇനി ആരുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ സ്വര്‍ണത്തെ രേഖകളില്‍ ചെമ്പായി എഴുതിച്ചേര്‍ത്തതെന്ന കാര്യമാണ് വ്യക്തമാകേണ്ടത്. ഇവര്‍ക്കു മുകളിലുള്ള നാലു പേര്‍ക്കു കൂടി കൊള്ളയില്‍ പങ്കുണ്ടെന്നാണ് എസ്‌ഐടി നിഗമനം. അതു ദേവസ്വം കമ്മിഷണറും ബോര്‍ഡ് അംഗങ്ങളുമാണെന്ന സംശയം ശക്തമാണ്. ചോദ്യം ചെയ്യലില്‍ ഒരിക്കല്‍പ്പോലും സ്വന്തം ഭാഗം ന്യായീകരിക്കാന്‍ സുധീഷ് കുമാര്‍ ശ്രമിച്ചില്ല. 1998ല്‍ വിജയ് മല്യ ശബരിമലയില്‍ സ്വര്‍ണം പൊതിഞ്ഞ കാലത്ത് സര്‍വീസിലുണ്ടായിരുന്നവരാണ് മുരാരി ബാബുവും സുധീഷ് കുമാറും.
ശ്രീകോവിലില്‍ സ്വര്‍ണം പൊതിഞ്ഞിരുന്നെന്നത് അന്നേ ഇവര്‍ക്ക് അറിയാവുന്നതാണ്. 21 വര്‍ഷത്തിനിപ്പുറം പഴയ ഉദ്യോഗസ്ഥരില്‍ തങ്ങളൊഴികെ ഏതാണ്ടെല്ലാവരും വിരമിക്കുകയോ സ്ഥലംമാറിപ്പോകുകയോ ചെയ്തതിനാല്‍ സ്വര്‍ണപ്പാളികളെ ചെമ്പെന്നു തിരുത്തിയാലും പുറത്തറിയില്ലെന്നാണ് ഇവരുള്‍പ്പെട്ട തട്ടിപ്പുസംഘം ധരിച്ചത്. തുടര്‍ന്ന് നാളുകള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് സ്വര്‍ണപ്പാളികള്‍ കടത്തിയതും. ഇതിന് പിന്നില്‍ ഉന്നത ഇടപെടലുണ്ടെന്നാണ് സൂചന. അതുകൊണ്ടാണ് വാസുവിനെ ചോദ്യം ചെയ്തത്. ഇനി പത്മകുമാറിനേയും ചോദ്യം ചെയ്യും. തന്റെ ഭരണ കാലത്ത് തനിക്ക് വലിയ റോളുണ്ടായിരുന്നില്ലെന്നും എല്ലാം നിയന്ത്രിച്ചത് വാസുവാണെന്നും പത്മകുമാര്‍ മൊഴി നല്‍കുമോ എന്നതാണ് ഉയരുന്ന ചോദ്യം.




