- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഉപ്പും മുളകും ഹോട്ടൽ ഉടമയും ജീവനക്കാരും അറസ്റ്റിൽ
കൊച്ചി: ഭക്ഷണം നൽകുവാൻ വൈകിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ ലിസി ആശുപത്രിക്ക് സമീപത്തെ ഉപ്പും മുളകും ഹോട്ടൽ ഉടമയും ജീവനക്കാരും അറസ്റ്റിൽ.
കെ.പി.ആർ സെക്യൂരിറ്റി സർവ്വീസിലെ ജീവനക്കാരനായ തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി മനുകുട്ടനാ(53)ണ് മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. ഹോട്ടൽ ഉടമ കാസർഗോഡ് സ്വദേശി മുഹമ്മദ് അസ്ലാം, ജീവനക്കാരായ നോർത്ത് ഇന്ത്യൻ സ്വദേശികളായ ഹച്ചി മാദ്ദീൻ, ജാഫർ ആലം, മുഹമ്മദ് അസ്ലം സഹാബ്, അസീം എന്നിവരെ എറണാകുളം ഠൗൺ നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. മനുകുട്ടൻ ഉപ്പും മുളകും ഹോട്ടലിന് സമീപം മദ്യപിച്ച് വീണ് തലയ്ക്ക് പരിക്കേറ്റു എന്നാണ് പൊലീസിന് ആദ്യം വിവരം ലഭിക്കുന്നത്. തുടർന്ന് ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്കേറ്റ മുറിവ് മാരകമായതിനാൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ 26 ന് മരണത്തിന് കീഴടങ്ങി. പൊലീസ് അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടൽ ജീവനക്കാരുമായി തർക്കമുണ്ടാവുകയും മർദ്ദിച്ചതായും പൊലീസിന് വിവരം ലഭിക്കുന്നത്. ഇതോടെ പൊലീസ് ഉടമയെയും ജീവനക്കാരെയും ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തുന്നത്.
ഉച്ചയോടെ ഹോട്ടലിലെത്തിയ മനുകുട്ടൻ ഭക്ഷണം ലഭിക്കാൻ താമസിച്ചതിന് ജീവനക്കാരുമായി തർക്കമുണ്ടായി. തുടർന്ന് പ്രകോപിതരായ ജീവനക്കാർ മനുകുട്ടനെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിനിടെ ശക്തമായി തള്ളിയതിനെ തുടർന്ന് ഹോട്ടലിന്റെ ചവിട്ടുപടിയിൽ തലയിടിച്ചു വീണു. വീഴ്ചയിൽ തലയ്ക്ക് മാരകമായി മുറിവു പറ്റി. ബോധം മറഞ്ഞ മനുകുട്ടനെ ഉടമയുടെ നിർദ്ദേശ പ്രകാരം അടുത്തുള്ള കാനയുടെ വശത്തേക്ക് മാറ്റി കിടത്തി. പിന്നീട് ഹോട്ടലിനുള്ളിലെ രക്തക്കറ കഴുകി വൃത്തിയാക്കുകയും ചെയ്തു. മർദ്ദിച്ചത് ജീവനക്കാരാണെങ്കിലും ഉടമ വിവരം മറച്ചു വയ്ക്കാനും തെളിവു നശിപ്പിക്കാനും ശ്രമിക്കുകയും, പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകാതിരുന്നതിനുമാണ് കേസിൽ പ്രതിയായിരിക്കുന്നത്.
എറണാകുളം ഠൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ എസ്ഐമാരായ പി.ആർ രാജീവ്, പി.ജെ സന്തോഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ വിനീത്, അജിലേഷ്, രാജ്മോൻ, ഉണ്ണിക്കൃഷ്ണൻ, ജിത്തു രമേശ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.