- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർബൻ നിധി തട്ടിപ്പിന് ഇരയായവരിൽ കൂടുതൽ വീട്ടമ്മമാർ; ഒരു കോടിരൂപ വരെ നഷ്ടപ്പെട്ട സ്ത്രീകളും; പലരും അമിത പലിശ മോഹിച്ച് നിക്ഷേപം നടത്തിയത് വീട്ടുകാർ അറിയാതെ; മാനേജരായ ജീനയും ഡയറക്ടറായ ആന്റണിയും ചേർന്നാണ് തട്ടിപ്പു നടത്തിയതെന്ന് പിടിയിലായ പ്രതികൾ
കണ്ണൂർ: അർബൻ നിധി തട്ടിപ്പിന് ഇരയായവരിൽ കൂടുതൽ വീട്ടമ്മമാരെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട്. കണ്ണൂർ നഗരത്തിൽ ഒരു കോടിരൂപയോളം നഷ്ടപ്പെട്ട വീട്ടമ്മ പരാതി നൽകിയത് പൊലിസിനെ ഞെട്ടിച്ചിട്ടുണ്ട്. പല സ്ത്രീകളും തങ്ങളുടെ കുടുംബാംഗങ്ങൾ അറിയാതെയാണ് അമിത പലിശ മോഹിച്ചു നിക്ഷേപം നടത്തിയത്്. ഇതുകാരണം അർബൻ നിധി പൊളിഞ്ഞതോടെ പലരും ജീവിത പ്രതിസന്ധിയിലാണ്. ഇതോടെ താവക്കരയിൽ സ്ഥിതി ചെയ്യുന്ന അർബൻനിധി കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പിന്റെ ആഴവും പരപ്പും ഏറെയാണെന്നാണ് പൊലിസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
ഇതുവരെ ജില്ലയിലാകമാനം 320-പരാതികളാണ് ലഭിച്ചതെങ്കിലും നിക്ഷേപിച്ചവരിൽ കള്ളപ്പണം വെളുപ്പിക്കാനിറങ്ങിയവർ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നാണ് പൊലിസ് നിഗമനം. ഇവരിൽ പലരും വ്യാജപേരുകളിലും ബിനാമികളുടെ വിലാസത്തിലുമാണ് അർബൻ നിധിയിൽ ഉയർന്ന പലിശ മോഹിച്ചു കൊണ്ടു നിക്ഷേപിച്ചത്. പണം നിക്ഷേപിച്ചരിൽ വിദേശമലയാളികളുണ്ടെന്നാണ് ഇപ്പോൾ പൊലിസിനു ലഭിക്കുന്ന വിവരം. ഇതിൽ പലരും ആദായനികുതി വെട്ടിക്കുന്നതിനാണ് അർബൻ നിധിയിൽ ലക്ഷങ്ങൾ കൊണ്ടുവന്നു തള്ളിയത്. ഇത്തരക്കാർ ഇതുവരെ പരാതി നൽകാൻ തയ്യാറാവാത്തതിനാൽ നൂറ്റി അൻപതുകോടിയുടെ തട്ടിപാണ്പുറത്തുവന്നതെങ്കിലും ഏറ്റവും ചുരുങ്ങിയത് അഞ്ഞൂറു കോടിരൂപയെങ്കിലും അർബൻ നിധിയും സമാന്തര സ്ഥാപനമായ എനി ടൈം മണിയുടെ പേരിലും മുങ്ങിയിട്ടുണ്ടെന്നാണ് കേസ് അന്വേഷണം നടത്തുന്ന ഉന്നത ഉദ്യോഗസ്ഥരിലൊരാൾ വ്യക്തമാക്കി.
ഇതിനിടെ അർബൻ നിധിക്കെതിരെ കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി പൊലിസ് സ്റ്റേഷനുകളിൽ മൂന്ന് കേസുകൾ കൂടി പൊലിസ് പുതുതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 17 ലക്ഷം രൂപ നഷ്ടപ്പെട്ട വാരം സ്വദേശി സന്ദീപിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസാണ് കേസെടുത്തത്്. തോട്ടട സ്വദേശിനിയായ നിഷയുടെ ഒൻപതു ലക്ഷവും കായിക്കര ജോർജിന്റെ അൻപത്തിയേഴുലക്ഷവും നഷ്ടപ്പെട്ട സംഭവത്തിൽ കണ്ണൂർ സിറ്റി പൊലിസും കേസെടുത്തു. നൂറ്റി അൻപതു കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പാണ് കണ്ണൂർ അർബൻ നിധിയുടെ പേരിൽ ഡയറക്ടർമാരും കൂട്ടുപ്രതികളും നടത്തിയതായാണ് നിലവിലുള്ള അവസ്ഥ.
കഴിഞ്ഞ ദിവസം താവക്കരയിലെ സ്ഥാപനത്തിൽ റെയ്ഡുനടത്തി കസ്റ്റഡിയിലെടുത്ത കംപ്യൂട്ടറുടെ പരിശോധനയും അന്വേഷണ സംഘം തുടങ്ങയിട്ടുണ്ട്. ജുഡീഷ്യൽ കസ്റ്റഡിയൽനിന്നും അപേക്ഷ നൽകിയതു പ്രകാരം വിട്ടുകിട്ടിയ കേസിലെ അഞ്ചാം പ്രതിയും അസി.ജനറൽ മാനേജരുമായ ജീനയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുകയും ഇവരെ കൊണ്ടു പിടിച്ചെടുത്ത കംപ്യൂട്ടറുകളും ലാപ് ടോപ്പും രഹസ്യ പാസ് വേർഡ് ചോദിച്ചറിഞ്ഞു സൈബർ പൊലിസ് പരിശോധന തുടങ്ങിയിട്ടുണ്ട്. ഇതിൽ രണ്ടെണ്ണത്തിന്റെ പാസ് വേർഡ് മാത്രമേ ലഭിച്ചിട്ടുള്ളൂ. ജീനയ്ക്കാണ് പാസ് വേർഡുകൾ കൂടുതൽ അറിയാവുന്നതാണെന്നാണ് പൊലിസ് പറയുന്നത്. ഇതിനിടെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടുകിട്ടിയ ഡയറക്ടർമാരായ കെ. എം ഗഫൂർ, മേലെടത്ത് ഷൗക്കത്തലി എന്നിവരെ തെളിവെടുപ്പിനായി തൃശൂരിലേക്ക് കൊണ്ടു പോയി.അർബൻനിധിയുടെ ഹെഡ് ഓഫീസായി പ്രവർത്തിച്ചിരുന്നത് തൃശൂരാണെന്നു വ്യക്തമായതിനെ തുടർന്നാണ് ഇവരെ കൂടുതൽ അന്വേഷണത്തിനായി കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ബിനുമോഹന്റെ നേതൃത്വത്തിൽ തൃശൂരിലേക്ക് കൊണ്ടു പോയത്.
മാനേജരായ ജീനയും ഡയറക്ടറായ ആന്റണിയും ചേർന്നാണ് തട്ടിപ്പു നടത്തിയതെന്നാണ് ഗഫൂറും ഷൗക്കത്തലിയും ആരോപിക്കുന്നത്. കേസിലെ ഇനിയും പിടികൂടാനുള്ള ആറുപ്രതികൾക്കായി പ്രത്യേക അന്വേഷണ സംഘം സൈബർ പൊലിസിന്റെ സഹായം തേടിയിട്ടുണ്ട്. കണ്ണൂർ ടൗൺ സ്റ്റേഷനിൽ മാത്രം പ്രതികൾക്കെതിരെ നൂറ്റി അൻപതു പരാതികളാണ് ലഭിച്ചിട്ടുള്ളത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് വിഭാഗത്തിന് കേസ് കൈമാറുമെന്ന വിവരമുണ്ടായിരുന്നുവെങ്കിലും ഇതിൽ നടപടികളൊന്നുമുണ്ടായിട്ടില്ല. നിലവിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വേഷണം നടത്തിവരുന്നത്. എന്നാൽ കണ്ണൂർ അർബൻ നിധിയുടെ പേരിൽ നൂറ്റിഅൻപതോളം കോടിരൂപ കടന്ന സാഹചര്യത്തിൽ കേസ് അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്ന ആവശ്യവും നിക്ഷേപകരിൽ ശക്തമായിട്ടുണ്ട്. അർബൻ നിധി ഡയറക്ടർ എവിടേക്കാണ് പണം ഒളിപ്പിച്ചതെന്നു പ്രത്യേക അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിയാത്തതാണ് നിക്ഷേപകരെ നിരാശരാക്കുന്നത്.




