- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉരുപ്പുംകുറ്റിയിൽ തണ്ടർബോൾട്ടിനെതിരെ വെടിവയ്‌പ്പു നടത്തിയ മാവോയിസ്റ്റുകൾ കാണാമറയത്ത്; മാവോയിസ്റ്റുകളുടെ ലാപ്ടോപ്പും പ്രധാനരേഖകളും പിടിച്ചെടുത്തു; അയ്യൻകുന്നിലെ വനമേഖലയിൽ വ്യാപക റെയ്ഡ്; കർണാടക വനമേഖലയിലും നിരീക്ഷണം ശക്തമാക്കി
കണ്ണൂർ: അയ്യൻകുന്ന് ഉരുപ്പുംകുറ്റി ഞെട്ടിത്തോട്ട് തണ്ടർബോൾട്ട് -മാവോയിസ്റ്റ് വെടിവയ്‌പ്പ് നടന്നതിനെ തുടർന്ന് പൊലീസ് തിരച്ചിൽ തുടരുമ്പോഴും മാവോയിസ്റ്റുകളായ എട്ടംഗ സംഘത്തെ കണ്ടെത്താനായില്ല. മാവോയിസ്റ്റുകൾ കുടക് വനമേഖലയിൽ കടക്കാൻ സാധ്യതയുള്ളതിനാൽ കുടക് വനമേഖലയിൽ കനത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കർണാടക നക്സൽ വിരുദ്ധ സേന എസ്‌പി അൻഷുകുമാറിന്റെ നേതൃത്വത്തിലാണ് സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയത്.
കർണാടകത്തിലെ കുടക് ജില്ലാ വനാതിർത്തിയിൽ നിന്നും നാലരകിലോമീറ്റർ അകലെയുള്ള കേരളാതിർത്തിയിലാണ് വെടിവയ്‌പ്പുണ്ടായത്. മുൻകരുതലെന്ന നിലയിൽ കുടക് വനാതിർത്തിയിൽ ചെക്ക് പോസ്റ്റുകളിൽ സുരക്ഷാസംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വെടിവയ്‌പ്പിൽ പരുക്കേറ്റവർ എത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, ക്ളിനിക്കുകൾ എന്നിവയ്ക്കു മുൻപിൽ പൊലിസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഡോക്ടർമാർക്കുംജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. കുടക് എസ്‌പി കെ.രാമരാജന്റെ നേതൃത്വത്തിൽ ബർണാനി, തേരലു, കുട്ട, പാറക്കട്ടഗരെ, എന്നീ കർണാടക, കേരളാതിർത്തികളിലും പരിശോധന ശക്തമാക്കി.
ഇതിനിടെ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്‌പ്പു നടന്ന ഉരുപ്പുംകുറ്റി വന മേഖലയിൽ നിന്നും ലാപ്ടോപ്പ്, രഹസ്യരേഖകൾ എന്നിവ കണ്ടെത്തി. മാവോയിസ്റ്റുകൾ തമ്പടിച്ചുവെന്നു കരുതുന്ന മൂന്ന് ക്യാംപ് ഷെഡുകളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവിടെ നിന്നും രണ്ടു തോക്കുകൾ മാത്രം കണ്ടെത്തിയിട്ടുള്ളൂവെന്നാണ് പൊലിസ് സ്ഥിരീകരിച്ചിട്ടുള്ളത്.
നിലമ്പൂരിൽ പൊലിസുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ച കുപ്പു ദേവരാജന്റെയും അജിതയുടെയും ചരമവാർഷിക ദിനമായ നവംബർ 24-ന് മാവോയിസ്റ്റുകൾ ഞെട്ടിത്തോട്ട് യോഗം ചേരുമെന്ന വിവരത്തെ തുടർന്നാണ് തണ്ടർ ബോൾട്ട് വനംവളഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം. എട്ടംഗസംഘമാണ് തണ്ടർബോൾട്ടിനു നേരെ വെടിവച്ചതെന്നാണ് വിവരം. ഉൾവനത്തിലേക്ക് കടന്ന മാവോയിസ്റ്റുകൾ വീണ്ടും വെടിവയ്‌പ്പു നടത്തിയത് കൂടുതൽ പേർ എത്തിയാണെന്നാണ് സൂചന. ഇതിൽ ഒരുമാവോയിസ്റ്റിന് പരുക്കേറ്റതായും ഷെഡിൽ നിന്നും രക്തതുള്ളികൾ കണ്ടതായും പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ മാവോയിസ്റ്റുകൾ നടത്തുന്ന പ്രവർത്തനം സംബന്ധിച്ചു സ്പെഷ്യൽ ഓപറേഷൻ ഗ്രൂപ്പിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. വർഷങ്ങളായുള്ള നിരീക്ഷണത്തിലൂടെയും ചില അറസ്റ്റുകളിലൂടെയുമാണ് വിവരം ശേഖരിച്ചത്. എത്രയിടങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യവും ഒളിസങ്കേതങ്ങളും യോഗ കേന്ദ്രങ്ങളുമുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. കർണാടകയുടെ എ. എൻ. എഫ്, തമിഴ്‌നാടിന്റെ ക്യൂബ്രാഞ്ച് , ഐ.ബി എന്നിവ വിവരങ്ങൾ കൈമാറുന്നുണ്ട്. കഴിഞ്ഞ ദിവസം ഞെട്ടിത്തോട് വനത്തിൽ തെരച്ചിൽ നടത്താൻ കേരള,സംഘത്തിനൊപ്പം കർണാടക സംഘവുമുണ്ടായിരുന്നു.
ജനവാസ കേന്ദ്രങ്ങളിൽ സാന്നിധ്യമറിയിച്ചു ശാന്തരായി മടങ്ങിയിരുന്ന മാവോയിസ്റ്റുകൾ ആക്രമണ പാതയിലേക്കു മാറിയ സാഹചര്യത്തിൽ ശക്തമായി തിരിച്ചടിക്കാൻ പൊലിസും തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ 29-ന് വയനാട്ടിലെ കമ്പമലയിൽ വനംവകുപ്പ് സ്ഥാപനമായ കെ. എഫ്. ഡി.സി ഓഫീസിനു നേരെ നടത്തിയ ആക്രമണം, ഒക്ടോബർ 30-ന് ആറളം വന്യജീവി സങ്കേതത്തിലെ ചാവച്ചിയിൽ വനപാലകർക്കു നേരെ നടത്തിയ വെടിവയ്‌പ്പ് എന്നിവ ഏറെ ഗൗരവത്തോടെയാണ് ആഭ്യന്തര വകുപ്പ് കാണുന്നത്.
അടുത്തകാലം വരെ മാവോയിസ്റ്റുകളുടെ പ്രവർത്തനം നിരീക്ഷിക്കുക മാത്രമേ കേരള പൊലിസ് ചെയ്തിരുന്നുള്ളൂ. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് നേതൃത്വത്തിന് ശക്തമായ നിർദ്ദേശം കിട്ടിയതിനാലാണ് ഞെട്ടിത്തോട് വനത്തിലെ മാവോയിസ്റ്റ് യോഗം മനസിലാക്കി തണ്ടർ ബോൾട്ട് കമാൻഡോകൾ കഴിഞ്ഞ തിങ്കളാഴ്‌ച്ച പുലർച്ചെ വനത്തിനുള്ളിലേക്ക് കയറിയത്. മാവോയിസ്റ്റു സംഘത്തിലെ രണ്ടു വനിതകളെ തിരിച്ചറിയുന്നതിനായി കണ്ണൂർ സിറ്റി പൊലിസും ലുക്ക് ഔട്ട് നോട്ടീസിറക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്