വടകര : മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിക്കുന്നതായി ആരോപിച്ച് പൊലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഓഫിസറുടെ ആത്മഹത്യാശ്രമം ഉയർത്തുന്നത് നിരവധി ചോദ്യങ്ങൾ. ഫാനിൽ ലുങ്കി ചുറ്റിയുണ്ടാക്കിയ കുരുക്ക് കഴുത്തിലിടുന്നതിനു തൊട്ടുമുൻപ് സ്റ്റേഷനിലുള്ളവർ കണ്ടെത്തി രക്ഷിക്കുകയായിരുന്നു. വിയ്യൂർ സ്വദേശിയായ സജി ആണ് ആത്മഹത്യാശ്രമം നടത്തിയത്. സജിയുടെ ഓഡിയോ പല ചോദ്യങ്ങളും സജീവമാക്കുകയാണ്.

മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിക്കുന്നതായി സജി സുഹൃത്തുക്കൾക്കു വാട്‌സാപ് സന്ദേശം അയച്ചിരുന്നു. അതു ലഭിച്ചവർ സ്റ്റേഷനിൽ ഉണ്ടായിരുന്നവരെ അറിയിച്ചു. ഇതേ തുടർന്ന് വിശ്രമമുറിയുടെ വാതിൽ വെട്ടിപ്പൊളിച്ചാണ് സജിയെ രക്ഷപ്പെടുത്തിയത്. വിരമിക്കാനുള്ള അപേക്ഷ സ്വീകരിക്കാത്തതിനെ തുടർന്നാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നു വാട്‌സാപ് സന്ദേശത്തിൽ പറയുന്നു. സജിക്കു ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയി. അപകട നില സജി തരണം ചെയ്തിട്ടുണ്ട്.

സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.എം.മനോജിനെതിരെ സജി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, അവധിയെടുത്തതിനു നിയമാനുസൃതമായ നടപടി മാത്രമാണു താൻ സ്വീകരിച്ചതെന്ന് ഇൻസ്‌പെക്ടർ പി.എം.മനോജ് പറഞ്ഞു. മുന്നു തവണ അവധിയെടുത്തതിനു പുറമേ വീണ്ടും അവധി ചോദിക്കുകയും കഴിഞ്ഞ ദിവസം വൈകി എത്തുകയും ചെയ്തതു കൊണ്ട് വിശദീകരണം ആവശ്യപ്പെട്ട് അവധി രേഖപ്പെടുത്തുകയാണു ചെയ്തതെന്നും ഇൻസ്‌പെക്ടർ അറിയിച്ചു. അതിനിടെ ഇൻസ്‌പെക്ടറെ രക്ഷിക്കാനും നീക്കം സജീവമാണ്. സംഭവത്തിൽ റൂറൽ എസ് പിക്ക് പരാതി നൽകാനാണ് പൊലീസ് അസോസിയേഷൻ തീരുമാനം.

വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദസന്ദേശമിട്ടതിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വടകര പൊലീസ് സ്റ്റേഷന് മുകളിൽ ഉദ്യോഗസ്ഥരുടെ വിശ്രമ മുറിയിലാണ് ഉദ്യോഗസ്ഥൻ ആത്മഹത്യക്ക് ശ്രമിച്ചത്. മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം മൂലമുള്ള സമ്മർദ്ദം കഠിനമാണെന്നും ജോലി കളയുകയോ ആത്മഹത്യ ചെയ്യുകയോ മാത്രമാണ് വഴിയെന്നും വാട്‌സ് ആപ് ഗ്രൂപ്പിലെ സന്ദേശത്തിൽ പറയുന്നു.

ഈ സന്ദേശം കേട്ടതിന് പിന്നാലെ സഹപ്രവർത്തകർ മുറിയുടെ വാതിൽ ചവിട്ടിത്തുറന്ന് രക്ഷപ്പെടുത്തി സഹകരണ ആശുപത്രിയിലെത്തിച്ചു. ഹർത്താൽ ദിനത്തിൽ ഇദ്ദേഹം ഡ്യൂട്ടിക്കെത്താൻ വൈകിയിരുന്നു. ഇതെത്തുടർന്ന് ഇൻസ്‌പെക്ടർ മെമോ നൽകി. ഇതിന്മേലുള്ള പ്രകോപനമാകാം ആത്മഹത്യാശ്രമമെന്നാണ് വിവരം. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വടകര ഡിവൈഎസ്‌പി ഇദ്ദേഹത്തിൽ നിന്ന് വിവരങ്ങളെടുത്തു.

ഇതിൽ ഇദ്ദേഹത്തിന് മാനസിക വിഷമമുണ്ടായെന്നാണ് സഹപ്രവർത്തകർ നൽകുന്ന വിവരം. ഇതിന്മേലുള്ള പ്രകോപനമാകാം ആത്മഹത്യാശ്രമമെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ പൊലീസുദ്യോഗസ്ഥർ തയ്യാറായിട്ടില്ല. കടുത്ത മാനസിക സമ്മർദത്തിലാണെന്നും പീഡനം സഹിക്കാനാവാതെ മരിക്കുകയാണെന്നും എല്ലാ സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നുവെന്നുമുള്ള ഓഡിയോ സന്ദേശം പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഇദ്ദേഹം ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ ശ്രമം നടന്നത്.

കല്ലേരിയിലെ സജീവൻ എന്ന യുവാവ് സ്റ്റേഷൻ വളപ്പിൽ മരിച്ചതിനെ തുടർന്ന് വടകര സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരേയും സ്ഥലംമാറ്റിയിരുന്നു. ഇതിനാൽ മറ്റ് സ്റ്റേഷനുകളിൽ നിന്നുള്ളവരാണ് ഇപ്പോൾ വടകരയിൽ ജോലി ചെയ്യുന്നത്. ഇവർക്കെതിരെ മേലുദ്യോഗസ്ഥർ നടത്തുന്ന പെരുമാറ്റം അതിരുകടന്നെന്ന ആരോപണം ശക്തമാണ്.