പാലക്കാട്: വടക്കഞ്ചേരിയിൽ വിദ്യാർത്ഥികളടക്കം ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നതിന് പിന്നാലെ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത് ടൂർ ഓപ്പറേറ്ററാണെന്നും ഒന്നും അറിഞ്ഞില്ലെന്നും കള്ളം പറഞ്ഞശേഷം. അപകടസ്ഥലത്തു വച്ച് എന്താണ് സംഭവിച്ചതെന്ന് ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് അടക്കമാണ് താൻ ടൂർ ഓപ്പറേറ്ററാണെന്നും അപകടം നടക്കുമ്പോൾ ഉറങ്ങുകയായിരുന്നുവെന്നും ജോമോൻ കള്ളം പറഞ്ഞത്. ജോമോൻ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

എന്നാൽ, കെഎസ്ആർടിസി ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലാണ് പുറകിൽ ചെന്ന് ഇടിച്ചതെന്ന് ജോമോൻ പൊലീസിനോട് പറഞ്ഞു. പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ നിയന്ത്രണം നഷ്ടമായി. താൻ ഉറങ്ങിപ്പോയിട്ടില്ലെന്നും ജോമോൻ പറഞ്ഞു. അറസ്റ്റ് ചെയ്ത ജോമോനെ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ആലത്തൂർ ഡിവൈഎസ്‌പി ആർ അശോകന്റെ നേതൃത്വത്തിൽ ജോമോനെ വിശദമായി ചോദ്യം ചെയ്യും. ഇടിച്ചപ്പോൾ പെട്ടെന്ന് ബസിന്റെ നിയന്ത്രണം നഷ്ടമായെന്നും ജോമോൻ പൊലീസിന് മൊഴി നൽകി. അറസ്റ്റിലായ ബസുടമ അരുൺ, മാനേജർ ജെസ്വിൻ എന്നിവരെയും ജോമോനൊപ്പം വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.

അപകടം നടന്ന സ്ഥലത്ത് യാത്രക്കാരൻ ഇറങ്ങാൻ ഉണ്ടായിരുന്നതിനാൽ ബസ് ബ്രേക്കിട്ടുവെന്നാണ് ജോമോൻ അവകാശപ്പെടുന്നത്. എന്നാൽ ആ സ്ഥലത്ത് ആരും ഇറങ്ങാൻ ഇല്ലായിരുന്നുവെന്നാണ് അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട യാത്രക്കാരൻ പറയുന്നത്. ബസിന്റെ പിൻഭാഗത്തുണ്ടായിരുന്ന ഇയാൾ ഇറങ്ങേണ്ട സ്ഥലം എത്താറായതോടെ മുന്നോട്ടേക്ക് പോകുകയായിരുന്നു. താൻ നിൽക്കുകയായിരുന്നുവെന്നും ഉറങ്ങിയിട്ടില്ലാത്തതിനാൽ ഓർമയുണ്ടെന്നും യാത്രക്കാരൻ വ്യക്തമാക്കി.

അതേസമയം, ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ പിഴവ് തന്നെയാണ് അപകടകാരണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഒരു കാറിനെ ഇടത് വശത്തുകൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചുവെന്നും ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഗതാഗത മന്ത്രിക്കാണ് അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ കാറിന്റെ കാര്യം ജോമോൻ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിട്ടില്ല. പുലർച്ചെ വേളാങ്കണ്ണി യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ജോമോൻ രാത്രി വീണ്ടും ബസ് ഓടിക്കുകയായിരുന്നു.ജോമോന്റെ ലൈസൻസ് റദ്ദാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് അറിയിച്ചിട്ടുണ്ട്. ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുമെന്നും എസ് ശ്രീജിത്ത് അറിയിച്ചു. ബസിൽ നിയമം ലംഘിച്ച് പല ഫിറ്റിംഗുകളും ഉണ്ടെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തേക്ക് രക്ഷപ്പെടുന്നതിനിടെയാണ് ജോമോൻ പത്രോസിനെ ചവറ പൊലീസ് പിന്തുടർന്ന് പിടികൂടിയത്. അഭിഭാഷകനെ കാണാൻ പോകുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. അപകടത്തിന് പിന്നാലെ ജോമോൻ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നുവെന്നാണ് എസ്‌പി ആർ വിശ്വനാഥ് പറയുന്നത്. പരുക്കുമായി എത്തിയതുകൊണ്ട് ചികിത്സ തേടാൻ നിർദ്ദേശിക്കുകയായിരുന്നുവെന്നും എസ്‌പി മാധ്യമങ്ങളോട് പറഞ്ഞു.

അപകട ശേഷം അദ്ധ്യാപകനെന്ന വ്യാജേന വടക്കഞ്ചേരി ഇ.കെ നായനാർ ആശുപത്രിയിലെത്തി ചികിത്സ തേടിയ ശേഷമാണ് ജോമോൻ മുങ്ങിയത്. കൈയ്ക്കും കാലിനും നിസാര പരുക്ക് മാത്രമുണ്ടായിരുന്ന ഇയാൾ അദ്ധ്യാപകനെന്നു പറഞ്ഞാണ് ചികിത്സ തേടിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അപകട ശേഷം ടൂറിസ്റ്റ് ബസിന്റെ ഉടമ അടക്കമുള്ളവർ സ്ഥലത്തെത്തിയാണ് ജോമോനെ കൂട്ടിക്കൊണ്ടുപോയതെന്നും സൂചനയുണ്ടായിരുന്നു. ജോമോനെതിരെ മനഃപൂർവ്വം അല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അശ്രദ്ധയും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

അപകടത്തിന് കാരണം അമിതവേഗതയാണെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ബസ് സഞ്ചരിച്ചത് 97.2 കിലോമീറ്റർ വേഗത്തിലായിരുന്നെന്നാണ് കണ്ടെത്തൽ. വടക്കഞ്ചേരിയിൽ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപത്ത് രാത്രി 11.30നാണ് അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു.