- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആന്റണിയെ കൊന്ന് അരവിന്ദാക്ഷൻ ആത്മഹത്യ ചെയ്തുവെന്ന് സംശയം
തൃശ്ശൂർ: മണ്ണുത്തി കാർഷിക സർവകലാശാലക്കകത്തെ വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ രണ്ട് സുരക്ഷാ ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് സൂചന. വെള്ളരിക്കര സ്വദേശികളായ താൽക്കാലിക ജീവനക്കാർ കുണ്ടുകാട്ടിൽ അരവിന്ദാക്ഷൻ (70), തൈക്കാട്ടിൽ ആന്റണി (69) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ ഏഴ് മണിക്ക് ബാങ്ക് തുറക്കാൻ എത്തിയ ജീവനക്കാരാണ് ഷട്ടറിനു മുന്നിൽ മരിച്ച നിലയിൽ ആന്റണിയെ കണ്ടെത്തിയത്. തലയിൽ മാരകമായ മുറിവുകളോടെയാണ് ആന്റണിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ 100 മീറ്റർ അകലെ നീർച്ചാലിൽ അരവിന്ദാക്ഷന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ജോലിസംബന്ധമായി ഇരുവർക്കും ഇടയിൽ തർക്കം നിലനിന്നിരുന്നതായി പറയപ്പെടുന്നു.
രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പ് വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് ആദ്യം സംഭവം അറിയുന്നത്. ഇതിന് പിന്നാലെ തന്നെ ജോലിക്കെത്തിയ കാഷ്യറും മാനേജറും വിവരമറിഞ്ഞു. ഇവരാണ് പൊലീസിനും വിവരം നൽകിയത്. ആന്റണിയെ കൊലപ്പെടുത്തിയ ശേഷം അരവിന്ദാക്ഷൻ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ ഭാഷ്യം. ആന്റണിയുടെ തലയ്ക്ക് അടിയേറ്റ നിലയിലാണ്. അരവിന്ദാക്ഷന്റെ മൃതദേഹത്തിനു സമീപത്തുനിന്നും വിഷക്കുപ്പി കണ്ടെടുത്തു.
ക്ലീനിങ് ജീവനക്കാരി പറഞ്ഞത് അനുസരിച്ച് ജീവനക്കാർ ബാങ്കിൽ കയറി പരിശോധിച്ചപ്പോഴാണ് ഒരു സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം മുൻവശത്തായി കണ്ടത്. രണ്ടാമത്തെയാളുടെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവ അവിടെ ഉണ്ടായിരുന്നെങ്കിലും അയാളെ കണ്ടെത്താനായില്ല. തുടർന്ന് ബാങ്കിനു ചുറ്റും പരിശോധിച്ചപ്പോൾ സമീപത്തുള്ള ചാലിനു സമീപം ഇയാളെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിശദ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
ഇരുവരും തമ്മിൽ തർക്കമുള്ളതായി അറിവില്ലെന്ന് വെള്ളാനിക്കര സഹകരണ ബാങ്ക് സെക്രട്ടറി സ്മിത പ്രതികരിച്ചു. അരവിന്ദക്ഷൻ മൂന്ന് വർഷമായി ബാങ്കിന്റെ സെക്യൂരിറ്റി ആണ്. ബാങ്കിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ആന്റണിയെ കൂടി സെക്യൂരിറ്റിയായി നിയോഗിച്ചത്. പണികൾ പൂർത്തിയായതിനാൽ ജോലിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് സംഭവം. ജോലി സ്ഥിരത സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു.