കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത മാറ്റാൻ പോസ്റ്റ്‌മോർട്ടം നിർണ്ണായകമാകും. കുട്ടിയുടെ മരണം എങ്ങനെ സംഭവിച്ചത് എന്നതിന് സ്ഥിരീകരണം വരാൻ പോസ്റ്റ്‌മോർട്ടം അനിവാര്യതയാണ്. ചോര കുഞ്ഞിന്റെ കഴുത്തിൽ ഒരു ഷാൾ ചുറ്റിയിരുന്നു. അതുകൊണ്ട് തന്നെ എങ്ങനെയായിരുന്നു മരണമെന്നത് കേസിൽ നിർണ്ണായകമാണ്.

കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന സമീപത്തെ അപ്പാർട്ട്‌മെന്റിലെ ഒരു ഫ്‌ളാറ്റിലെ കുളിമുറിയിൽ രക്തക്കറ കണ്ടെത്തിയിരുന്നു. ഇതോടെ പൊലീസിന് സംഭവത്തിൽ വ്യക്തത വന്നു. അച്ഛനേയും അമ്മയേയും മകളേയും പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ഇവരിൽ നിന്നും നിർണ്ണായക വിവരങ്ങൾ പൊലീസിന് കിട്ടി. മകൾ ഗർഭിണിയായിരുന്നെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലെന്നും മകൾ പ്രസവിച്ച കുട്ടിയെയാണ് എറിഞ്ഞത് എന്നുമാണ് പുറത്തു വരുന്ന സൂചന. യുവതി കുറ്റസമ്മതം നടത്തി.

പ്രസവത്തിൽ കുട്ടി മരിച്ചിരുന്നോ? അതോ കൊന്ന ശേഷമാണോ വലിച്ചെറിഞ്ഞത്? അല്ലാത്ത പക്ഷം ജീവനോടെയാണോ വലിച്ചെറിഞ്ഞത്? ഇങ്ങനെ മൂന്ന് ചോദ്യങ്ങൾ പൊലീസിന് മുമ്പിലുണ്ട്. ഇതിൽ വ്യക്തമായ ഉത്തരം കസ്റ്റഡിയിൽ ഉള്ളവർ പൊലീസിന് നൽകിയിട്ടുണ്ട്. എന്നാൽ സ്ഥിരീകരണത്തിന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനിവാര്യതയാണ്. കുട്ടി എങ്ങനെയാണ് ഗർഭിണിയായത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷണത്തിലാണ്.

നേരത്തെ പൊലീസ് ഇവിടങ്ങളിലെ ഫ്‌ളാറ്റുകളിലുള്ളരെ ചോദ്യം ചെയ്തിരുന്നു. കുട്ടിയെ താഴേക്ക് എറിഞ്ഞത് ആമസോണിന്റെ കുറിയർ വന്ന ഒരു കവറിലാണ്. ഈ കവർ രക്തത്തിൽ കുതിർന്ന നിലിലായിരുന്നു. ഒടുവിൽ ഇതിൽനിന്ന് ബാർകോഡ് സ്‌കാൻ ചെയ്‌തെടുത്താണു ഫ്‌ളാറ്റിലേക്ക് എത്തിയത്. ഒരു പൊതി ഫ്‌ളാറ്റിന്റെ വശത്തുള്ള മരങ്ങൾക്കിടയിലൂടെ താഴേക്കു പതിക്കുന്നതു സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതോടെയാണു സംശയമുന ഈ അപ്പാർട്ട്‌മെന്റിലേക്കു തിരിഞ്ഞത്.

21 ഫ്‌ളാറ്റുകളാണ് ഇതിലുള്ളത്. അതിൽ മൂന്നെണ്ണത്തിലാണു താമസക്കാരില്ലാത്തത്. രാവിലെ 8.15നാണ് കുറിയർ കവറിൽ പൊതിഞ്ഞ നിലയിൽ ചോരക്കുഞ്ഞിന്റെ മൃതദേഹം പനമ്പിള്ളി നഗറിലെ റോഡിൽ കണ്ടെത്തിയത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോൾ 7.37നാണ് കുഞ്ഞിന്റെ മൃതദേഹം താഴേക്ക് എറിഞ്ഞിരിക്കുന്നതെന്നു മനസ്സിലായി. ഇൻക്വസ്റ്റ് നടപടികൾ പൊലീസ് പൂർത്തിയാക്കി വരികയാണ്. ഡിസിപി കെ.സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.