പാലക്കാട്: കഞ്ചാവുമായി അമിതവേഗത്തിൽ പാഞ്ഞ കാർ വടക്കഞ്ചേരി പൊലീസും നാട്ടുകാരും ചേർന്ന് പിന്തുടർന്ന് പിടികൂടിയത് സാഹസികമായി. കാർ തടയുന്നതിനായി വാണിയമ്പാറയിൽ റോഡിനു കുറുകെയിട്ട പൊലീസ് വാഹനത്തിൽ ഇടിച്ചാണ് കഞ്ചാവ് കടത്തലുകാരുടെ കാർ നിന്നത്. കാറിലുണ്ടായിരുന്ന മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഇവരുടെ വിശദാംശങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ചെയ്‌സിങ് തുടങ്ങിയത്. ആലത്തൂർ ഭാഗത്തുനിന്നാണ് കാറിനെ പിന്തുടരാൻ ആരംഭിച്ചത്. കണ്ണമ്പ്ര കല്ലിങ്കൽപ്പാടം വഴി വന്ന കാർ പലയിടങ്ങളിലായി നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ഇവയെല്ലാം മറികടന്ന് പായുകയായിരുന്നു. കാറിന്റെ വേഗംകണ്ട് ഭയന്ന്, തടയാൻനിന്ന നാട്ടുകാർ ഓടിമാറുകയായിരുന്നു. തുടർന്നാണ് വാണിയമ്പാറയിൽ പൊലീസ് വാഹനം റോഡിനു കുറുകെയിട്ടത്.

ഇടിയുടെ ആഘാതത്തിൽ വാഹനത്തിലുണ്ടായിരുന്ന എസ്‌ഐ മോഹൻദാസിന് പരിക്കേറ്റു. എസ് ഐയുടെ നിർദ്ദേശ പ്രകാരമാണ് പൊലീസ് ജീപ്പ് കുറുകെയിട്ടത്. ഇതോടെ കാർ ഇടിച്ചു നിന്നു. ഇതോടെ നാട്ടാകാർ അടക്കം ഇടപെട്ട് കാറിലുള്ളവരെ പിടിച്ചു.

കാറിൽ കഞ്ചാവും ഉണ്ടായിരുന്നു. മറ്റൊരു പൊലീസ് സ്‌റ്റേഷനിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വടക്കഞ്ചേരി പൊലീസിന്റെ ഇടപെടൽ.