- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊട്ടിപ്പൊളിഞ്ഞ മാതൃഭൂമി റോഡ്; പുത്തൻ റോഡിൽ മേയറെ പുകഴ്ത്തുന്ന ജാഥ എത്തിയപ്പോൾ നിവേദനവുമായി എത്തി പരിവാറുകാർ; ഉന്തും തള്ളും പിന്നെ ആക്രമണവും; വിവി രാജേഷിന്റെ വീട്ടിൽ നിന്നെത്തിയ ആക്രമികളെന്ന് സിപിഎം ആരോപണം; തല്ലുകൊണ്ട എബിവിപിക്കാരെ പ്രതിയാക്കി പൊലീസും; വഞ്ചിയൂരിലെ അടിക്ക് പിന്നിൽ 'കുഴി' രാഷ്ട്രീയം; മേട്ടുക്കടയിലെ കല്ലേറ് ആർഎസ്എസ് പ്രതികാരമോ?
തിരുവനന്തപുരം: ജനക്ഷേമ വികസനപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന ബിജെപി -യുഡിഎഫ് രാഷ്ട്രീയം തുറന്നുകാട്ടി മുന്നേറുന്ന എൽഡിഎഫ് ജാഥയ്ക്കു നേർക്ക് ബിജെപി ആക്രമണം ഉണ്ടായെന്നാണ് സിപിഎം ആരോപണം. എന്നാൽ രസകരമായ സംഭവങ്ങളാണ് ഉണ്ടായത്. മാതൃഭൂമി റോഡിലൂടെ എത്തിയ ജാഥയെ ചില എബിവിപിക്കാർ സമീപിച്ചു. റോഡിലെ കുണ്ടും കുഴിയും ശ്രദ്ധയിൽ പെടുത്തുന്ന പരാതി നൽകുകയായിരുന്നു ലക്ഷ്യം. ഇത് സംഘർഷമായി. പരാതി കൊടുക്കാൻ സമ്മതിച്ചില്ല. തൊട്ടടുത്ത് വാടക വീട്ടിലാണ് താൽകാലികമായി എബിവിപി സംസ്ഥാന ഓഫീസ് പ്രവർത്തിക്കുന്നത്. ഇതിന് മുന്നിലെ കുണ്ടും കുഴിയുമായിരുന്നു എബിവിപി പ്രവർത്തകർ ജാഥാ ക്യാപ്ടന്റെ ശ്രദ്ധയിൽ പെടുത്തിയത്.
ജാഥാ സ്ഥലത്ത് വച്ചു തന്നെ എബിവിപിക്കാർക്ക് മർദ്ദനമേറ്റു. ഇവർ വീട്ടിൽ ഓടിയെത്തി. ഈ സമയം വീട്ടിലേക്ക് ഡിവൈഎഫ് ഐക്കാരും ഇരച്ചു കയറി. മർദ്ദനം തുടർന്നു. പിന്നീട് പൊലീസ് എത്തി. കേസെടുത്തത് എബിവിപിക്കാർക്കെതിരേയും. ഈ സംഭവത്തിന്റെ തുടർച്ചയാണ് സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായതെന്നാണ് സിപിഎം ആരോപിക്കുന്നത്. വഞ്ചിയൂരിലെ സിപിഎം ഓഫീസിന് നേരേയും ആക്രമണമുണ്ടായിരുന്നു. ഇതിന് ശേഷമാണ് മേട്ടുക്കടയിലെ ഓഫീസിന് നേരെ ആക്രമണം. അതുകൊണ്ട് കൂടിയാണ് ആർ എസ് എസിനെതിരെ ആരോപണം വരുന്നത്. പൊലീസ് സുരക്ഷയിലുള്ള ഓഫീസാണ് അക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്തെ കുഴി രാഷ്ട്രീയമാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണം.
തിരുവനന്തപുരം നിയോജകമണ്ഡലം ജാഥയ്ക്ക് വഞ്ചിയൂർ വാർഡിലെ പുത്തൻ റോഡിൽ നൽകിയ സ്വീകരണവേദിയിൽവച്ച് കൗൺസിലർ ഗായത്രി ബാബുവിനെയാണ് ആർഎസ്എസ്- ബിജെപി പ്രവർത്തകർ ആക്രമിച്ചത് എന്ന് സിപിഎം ആരോപിച്ചിരുന്നു. ഇതിന്റെ പരിസരത്താണ് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷിന്റെ വീട്. ഈ വീട്ടിൽ ഉച്ചമുതൽ തന്നെ നിരവധി പേർ സംഘടിച്ചിരുന്നതായി പരിസരവാസികൾ പറഞ്ഞു. ഈ വീട്ടിൽ നിന്നെത്തിയവരാണ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും സിപിഎം ആരോപിച്ചിരുന്നു. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ ഉയർത്തിക്കാട്ടുന്നതിന് വേണ്ടിയാണ് ഇടതു മുന്നണി ജാഥ നടത്തുന്നത്.
നിവേദനം നൽകാനെന്ന പേരിൽ ബിജെപിക്കാർ കൗൺസിലറെ ആക്രമിക്കുകയായിരുന്നുവെന്ന് ദേശാഭിമാനിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. യോഗത്തിലുണ്ടായിരുന്ന ജനങ്ങളും എൽഡിഎഫ് പ്രവർത്തകരും ചേർന്നാണ് ആക്രമികളിൽനിന്ന് കൗൺസിലറെ മോചിപ്പിച്ചത്. സ്ഥലത്തെത്തിയ വഞ്ചിയൂർ പൊലീസ് അക്രമിസംഘത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് അക്രമികളെ കസ്റ്റഡിയിലെടുത്ത ശേഷം ജാഥ പ്രയാണം തുടർന്നുവെന്ന് സിപിഎം തന്നെ വിശദീകരിക്കുന്നുണ്ട്. വഞ്ചിയൂർ വാർഡ് കൗൺസിലർ ഗായത്രിബാബുവിന് നേരെ ആർഎസ്എസുകാർ നടത്തിയ ആക്രമണം അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചിരുന്നു.
ഒരു വനിതയോട് കാണിക്കേണ്ട മര്യാദപോലും കാണിക്കാതെ കടന്ന് പിടിക്കുകയും ദേഹോപദ്രവത്തിന് ശ്രമിക്കുകയും ചെയ്ത ആർഎസ്എസ് ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകണം. നഗരസഭയുടെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനും അഴിമതിക്കാരെ സംരക്ഷിക്കാനും ബിജെപി ബോധപൂർവമായ പരിശ്രമങ്ങൾ നടത്തിവരികയാണ്. കുറേ നാളായി അവർ തുടരുന്ന സമരാഭാസം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. നഗരവികസനം ആഗ്രഹിക്കുന്ന എല്ലാ ജനവിഭാഗങ്ങളും നഗരസഭയ്ക്കൊപ്പം അണിനിരക്കണമെന്നും ആനാവൂർ നാഗപ്പൻ അഭ്യർത്ഥിച്ചിരുന്നു.
ഈ ആരോപണം ആർഎസ്എസ് നേരത്തെ നിഷേധിച്ചിരുന്നു. എബിവിപിസംസ്ഥാന കമ്മിറ്റി ഓഫീസ് സിപിഎം ഗുണ്ടകൾ ആക്രമിച്ചുവെന്നാണ് ആർഎസ്എസ് പറയുന്നത്. കൗൺസിലറുടെയും സിപിഎം, എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംസ്‌കൃത കോളേജിന് മുമ്പിലൂടെയുള്ള റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് വഞ്ചിയൂർ കൗൺസിലർ ഗായത്രി ബാബുവിനെ നിവേദനം നൽകാൻ എത്തിയ എബിവിപി പ്രവർത്തകർക്ക് നേരെയാണ് സിപിഎം അക്രമം അഴിച്ചുവിട്ടതെന്ന് ആർ എസ് എസും വിശദീകരിക്കുന്നു.
ആക്രമണത്തെ തുടർന്ന് എബിവിപി പ്രവർത്തകർ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ഓടിക്കയറുകയായിരുന്നു. ഇവരെ പിന്തുടർന്നെത്തിയ സിപിഎം ഗുണ്ടാസംഘം ഓഫീസിനു മുന്നിലെ ഗേറ്റ് ചവിട്ടി പൊളിക്കുകയും ജനലുകൾ അടിച്ചു തകർക്കുകയുമായിരുന്നുവെന്ന് എബിവിപി വ്യക്തമാക്കി. വഞ്ചിയൂർ കൗൺസിലർ ഗായത്രി ബാബു ഗായത്രി ബാബുവിന്റെ പിതാവ് വഞ്ചിയൂർ ബാബു എന്നിവ നേതൃത്വത്തിലാണ് അക്രമം അരങ്ങേറിയത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ആകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എബിവിപി പ്രവർത്തകർക്ക് നേരെ ആക്രമമുണ്ടായിട്ടും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ പോലും പൊലീസ് തയ്യാറായില്ല. പകരം സ്റ്റേഷനിലേക്ക് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. എബിവിപി പ്രവർത്തകരെ പൊലീസും കൈയേറ്റം ചെയ്തുവെന്നും പ്രവർത്തകർ പറഞ്ഞു.
ആറോളം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൗൺസിലർ ഗായത്രി ബാബുവിനെ ആക്രമിക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ജില്ല പ്രസിഡന്റ് അടക്കമുള്ളവർ വഞ്ചിയൂർ സ്റ്റേഷനിലെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ