- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലർച്ചെ രണ്ട് മണിയോടെ അനീഷും നിഖിതയും കിടന്ന മുറിയിൽ നിന്നും കേട്ടത് വലിയ ബഹളം; അനീഷിന്റെ അച്ഛനും അമ്മയും അനിയനും കമ്പിപ്പാരയ്ക്ക് മുറി കുത്തിപൊളിച്ചു അകത്തു കയറിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിഖിതയെ; മുറിയിൽ കയറിയ മാതാപിതാക്കൾക്ക് നേരെയും ആക്രോശം; വർക്കലയിൽ യുവതിയുടെ അരും കൊലയ്ക്ക് പിന്നിൽ അനീഷിന്റെ സംശയ രോഗം
തിരുവനന്തപുരം: ഓണത്തിരക്കിലായിരുന്ന വർക്കലയെ നടുക്കുന്നതായിരുന്നു നിഖിതയുടെ കൊലപാതകം. പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ദമ്പതികൾക്കിടയിലെ പ്രശ്‌നങ്ങൾ വീട്ടുകാരുടെയും ശ്രദ്ധയിൽ പെട്ടിരുന്നു. എന്നാൽ, അത് ഇത്തരമൊരു ദുരന്തത്തിൽ കലാശിക്കുമെന്ന് അവർ കരുതിയിരുന്നില്ല. നിലവിളക്കു കൊണ്ടായിരുന്നു ഭർത്താവ് യുവതിയെ കൊലപ്പെടുത്തിയത്.
ആലപ്പുഴ കിടങ്ങാം പറമ്പ് സ്വദേശിനി നിഖിത (24) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. പുലർച്ചെ അനീഷും നിഖിതയും കിടന്ന മുറിയിൽ വലിയ വഴക്കും ബഹളവും നടക്കുന്നത് കേട്ട് അനീഷിന്റെ അച്ഛനും അമ്മയും അനിയനും കമ്പിപ്പാരയ്ക്ക് മുറി കുത്തിപൊളിച്ചു അകത്തു കയറിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിഖിതയെ കാണുന്നത്. നിഖിതയുടെ വീട്ടിൽ നിന്ന് കൊണ്ട് വന്ന നിലവിളക്ക് ഉപയോഗിച്ചാണ് അനീഷ് നിഖിതയുടെ തലയ്ക്കു അടിച്ചത്.
അനീഷിന്റെ കൈയിലും ദേഹത്തും രക്തം പുരണ്ടിരുന്നു. കൊലപ്പെടുത്തിയ ശേഷം അനീഷ് മുറിക്കുള്ളിൽ തന്നെ ഇരുന്നതുകൊണ്ടാണ് വാതിൽ പൊളിച്ചു വീട്ടുകാർക്ക് അകത്തു കടക്കേണ്ടി വന്നത്. അനീഷ് സംശയരോഗം ഉള്ള ആളായിരുന്നെന്നും മുറിക്കുള്ളിൽ കയറിയ മാതാപിതാക്കളോടും അനീഷ് പ്രകോപനപരമായി പെരുമാറി. ഒടുവിൽ വീട്ടുകാർ പൊലീസിനെ അറിയിച്ചതോടെയാണ് അനീഷിനെ അറസ്റ്റു ചെയ്തത്. പൊലീസ് എത്തി നിഖിതയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം. കുടുംബങ്ങൾ തമ്മിൽ ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു. വിവാഹശേഷം ഇവർ ഒരുമിച്ചു വിദേശത്ത് പോവുകയും 10 ദിവസം മുൻപ് അനീഷ് കാല് വേദന സഹിക്കവയ്യാതെ ചികിത്സയ്ക്കായി നാട്ടിൽ വരികയുമായിരുന്നു. അനീഷിന്റെ കാലിന് പരിക്കേറ്റതിനാൽ ഇതിന്റെ ചികിത്സയ്ക്കായാണ് ഇരുവരും നാട്ടിൽ വന്നത്. എന്നാൽ ദമ്പതിമാർക്കിടയിൽ വഴക്കും തർക്കവും ഉണ്ടായിരുന്നതായാണ് വിവരം.
അനീഷിന് ഭാര്യയെക്കുറിച്ചുണ്ടായിരുന്ന സംശയമാണ് വഴക്കിന് കാരണമായിരുന്നത്. കഴിഞ്ഞദിവസം രാത്രിയിലും ദമ്പതിമാർ തമ്മിൽ വഴക്കുണ്ടായിരുന്നു. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്. വിവരമറിഞ്ഞ് ആലപ്പുഴയിൽനിന്ന് നിഖിതയുടെ ബന്ധുക്കളും വർക്കലയിൽ എത്തിയിട്ടുണ്ട്. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
പൊലീസിന്റെ ചോദ്യം ചെയ്യലിൽ അനീഷ് കുറ്റം സമ്മതിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തു. ശാസ്ത്രീയ തെളിവുകൾക്കായുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ