- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് ഗേറ്റ് തുറന്നതും കുതിച്ചെത്തിയത് ഏഴ് പിറ്റ് ബുൾ ഇനത്തിലെ നായ്ക്കൾ; പട്ടികളെ തന്ത്രത്തിൽ മയക്കി മുറിയിലാക്കിയ ശേഷം ഓപ്പറേഷൻ; ഡാൻസാഫിന്റെ അതിസാഹസികതയിൽ കുടുങ്ങിയത് നീലനെന്ന ശൈലന്റെ സംഘം; വർക്കല കവലയൂരിലെ മയക്കുമരുന്ന് മാഫിയ അഴിക്കുള്ളിൽ
തിരുവനന്തപുരം: പട്ടികളെ തഞ്ചത്തിൽ മയക്കി മയക്കുമരുന്ന് മാഫിയയെ കുടുക്കി കേരളാ പൊലീസ്. അതിസാഹസിക നീക്കമാണ് പൊലീസ് നടത്തിയത്. അങ്ങനെ വർക്കല കവലയൂരിൽ വളർത്തുനായ്ക്കളെ കാവലാക്കി ലഹരിക്കച്ചവടം നടത്തിയ യുവാക്കൾ അഴിക്കുള്ളിലായി.
ഇവരെ വീട് വളഞ്ഞ് അതിസാഹസികമായി പൊലീസ് പിടികൂടുകയായിരുന്നു. ഇവിടെ നിന്ന് വൻ മയക്കുമരുന്ന് ശേഖരവും പിടിച്ചെടുത്തു. നീലൻ എന്ന് വിളിക്കുന്ന ശൈലനും കൂട്ടാളികളുമാണ് പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ പൊലീസ് സംഘം സിനിമയെ വെല്ലും ഓപ്പറേഷനാണ് നടത്തിയത്. വർക്കല കവലക്കുന്നിൽ ശശികലാഭവനിൽ ശൈലന്റെ വീട് കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് കച്ചവടം.
വിദ്യാർത്ഥികളേയും വിദേശികളേയും ലക്ഷ്യമിട്ടായിരുന്നു കച്ചവടം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തുന്നത്. എന്നാൽ വീടിനടുത്തെത്തിയ പൊലീസിന് മുറ്റത്ത് കാവലായി നിന്നിരുന്ന ഏഴ് കൂറ്റൻ നായ്ക്കൾ കാരണം അകത്തേയ്ക്ക് പ്രവേശിക്കാൻ സാധിച്ചില്ല. പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായ്ക്കളെ മുറ്റത്ത് അഴിച്ചിട്ട നിലയിലായിരുന്നു. പൊലീസിനെ കണ്ടതും നായ്ക്കൾ കുരച്ച് എത്തി. ഇതോടെ ഗേറ്റ് തുറന്ന് അകത്ത് കടക്കാനാവാതെ പൊലീസ് വലഞ്ഞു. ഇതിനിടെ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ പൊലീസ് വീട് വളഞ്ഞിരുന്നു. ഇതാണ് നിർണ്ണായകമായത്.
പൊലീസിന് നേരെ പാഞ്ഞെടുത്ത നായ്ക്കളെ തന്ത്രപർവ്വം ഒരു മുറിയിലേക്ക് മാറ്റി. അതിന് ശേഷം അകത്തേക്ക് കടന്നു. പട്ടികളെ കൈയിലെടുക്കാൻ കഴിയുന്ന പൊലീസ് വിദഗ്ധരുടേയും സേവനം ഈ ഓപ്പറേഷന് തേടിയിരുന്നു. പട്ടികളെ മാറ്റിയ ശേഷം നീലനടക്കം നാല് പേരെ പൊലീസ് വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. ഇവിടെ നിന്നും കഞ്ചാവടക്കം വൻ മയക്കുമരുന്ന് ശേഖരവും പൊലീസ് പിടിച്ചെടുത്തു.
മയക്കുമരുന്ന് പൊതിഞ്ഞ് വിൽക്കാനായി ഉപയോഗിച്ചിരുന്ന പ്രത്യേക ഉപകരണങ്ങളും ത്രാസും പിടിച്ചെടുത്തിട്ടുണ്ട്. ഏറെ നാളായി നായ്ക്കളുടെ മറവിൽ ഇവിടെ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. വർക്കലയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുകയായിരുന്നു സംഘമെന്നും പൊലീസ് അറിയിച്ചു.
വർക്കല കവലയൂരിൽ വളർത്തുനായ്ക്കളെ കാവലാക്കി ലഹരികച്ചവടം. വീട് വളഞ്ഞ പൊലീസ് അതിസാഹസികമായി പ്രതികളെ കീഴടക്കി. ഇവിടെ നിന്ന് വൻ മയക്കുമരുന്ന് ശേഖരവും പിടികൂടി. നീലൻ എന്ന് വിളിക്കുന്ന ശൈലനും കൂട്ടാളികളുമാണ് പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ പൊലീസ് സംഘം സിനിമാ സ്റ്റൈലിലാണ് പ്രതികളെ വളഞ്ഞിട്ട് പിടികൂടിയത്.
പൊലീസ് പരിശോധനയ്ക്ക് ആളെത്തിയാൽ നായ്ക്കളെ അഴിച്ചു വിടാനുള്ള പദ്ധതിയായിരുന്നു പ്രതികൾക്കെന്നും വർക്കലയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുകയായിരുന്നു സംഘമെന്നും പൊലീസ് അറിയിച്ചു. മയക്കുമരുന്ന് കച്ചവടത്തിന് പിന്നിൽ കൂടുതൽ സംഘങ്ങളുണ്ടോയെന്നതടക്കം വിശദമായി അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
രണ്ട് മാസം മുമ്പ് കല്ലമ്പലം പ്രസിഡന്റ് ജംഗ്ഷനിൽ വീട് വാടക്കെടുത്ത് വളർത്ത് പട്ടികളെ മറയാക്കി ലഹരി കച്ചവടം നടത്തിയ സംഘം പിടിയിലായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഡാൻസാഫ് സംഘം നിരീക്ഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ