പത്തനംതിട്ട: സ്ത്രീകളെയും കുട്ടിയെയും വീട്ടിൽ ബന്ദിയാക്കിയെന്ന പരാതിയിൽ മലയാലപ്പുഴ വാസന്തി മഠത്തിൽ ശോഭന, സുഹൃത്ത് ഉണ്ണികൃഷ്ണൻ എന്നിവർ പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.

കുട്ടിയെയും സ്ത്രീകളെയും താൻ വീട്ടിൽ പൂട്ടിയിട്ടുവെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന് ശോഭന പൊലീസിൽ മൊഴി നൽകി. ശോഭനയുടെ വീട് അടിച്ചു തകർത്തതിന് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ പൊലീസ് കേസുമെടുത്തു. അതേ സമയം, ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ കൊടികെട്ടാൻ പോയി നാണം കെട്ടതിന്റെ ക്ഷീണം തീർക്കാൻ വേണ്ടി സിപിഎമ്മും ഡിവൈഎഫ്ഐയും ആസൂത്രിതമായി ശോഭനയുടെ വീട് ആക്രമിച്ചതാണെന്ന് പറയുന്നു.

ശോഭന പൊലീസിന് നൽകിയ മൊഴി ഇങ്ങനെ:

ഉണ്ണികൃഷ്ണൻ ജയിലിൽ വച്ച് പരിചയപ്പെട്ടതാണ് പത്തനാപുരം സ്വദേശിയായ അനീഷ് ജോണിനെ. ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് അനീഷ് ആറു യക്ഷം രൂപ വാങ്ങി. പിന്നീട് തിരിച്ചു നൽകിയില്ല. ഇടനിലക്കാരൻ വഴിയും ഓൺലൈനിലൂടെയുമാണ് പരാതി നൽകിയത്. അനീഷിനും കുടുംബത്തിനും സ്വന്തമായി വീടില്ലാത്തതിനാലാണ് വാസന്തി മഠത്തിൽ താമസിക്കാൻ അവസരം കൊടുത്തത്. വീടിന്റെ മുൻവാതിൽ മാത്രമാണ് പൂട്ടിയിരുന്നത്. പിൻവാതിൽ പൂട്ടാറില്ലെന്നും ശോഭന പറഞ്ഞു.

അനീഷിന്റെ മാതാവ് എസ്തറിനെയും ഭാര്യ ശുഭയേയും എട്ടുവയസുള്ള മകളേയും മർദിച്ചുവെന്നു പറയുന്നത് കള്ളമാണെന്നാണ് പൊലീസിന്റെ നിഗമനം. മൂന്നു ദിവസം മുൻപ് എറണാകുളത്ത് പോയ ഉണ്ണികൃഷ്ണനും കായംകുളത്തെ ബന്ധു വീട്ടിലായിരുന്നശോഭനയും ഇന്നലെ വൈകിട്ട് മൂന്നരയോടെ അയൽവാസി രവീന്ദ്രനൊപ്പമാണ് സ്റ്റേഷനിലെത്തിയത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കാൻ അനീഷിനെ പൊലീസ് വിളിച്ചപ്പോൾ സ്ഥലത്തില്ലാത്തതിനാൽ എത്താൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. പൊലീസ് ഇയാൾക്കെതിരേ അന്വേഷണം ഊർജിതമാക്കും.

അതേ സമയം, വാസന്തിമഠം ഡിവൈഎഫ്ഐയും സിപിഎമ്മും ചേർന്ന് ആക്രമിച്ചത് ഓമല്ലൂരിലുണ്ടായ നാണക്കേട് മറയ്ക്കാനാണെന്ന് ആക്ഷേപമുയരുന്നുണ്ട്. ഓമല്ലൂരിൽ സംഘപരിവാറിനെതിരേ ക്ഷേത്രത്തിൽ കൊടികെട്ടാൻ പോയവർക്ക് ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങേണ്ടി വന്നു. സോഷ്യൽ മീഡിയയിൽ ഇത് ഡിവൈഎഫ്ഐയുടെ ഓമല്ലൂർ ഓട്ടം എന്ന പേരിൽ വൈറലാവുകയും ചെയ്തു. പാർട്ടിക്ക് ഒന്നടങ്കം ഈ സംഭവം നാണക്കേടുണ്ടാക്കി. അത് മറികടക്കാൻ വേണ്ടിയാണ് വാസന്തി മഠത്തിലെ ദുർമന്ത്രവാദത്തിനെതിരേ തിരിഞ്ഞത് എന്നാണ് ആക്ഷേപം.