- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിധി പറയും വരെ അറസ്റ്റ് പാടില്ലെന്ന് കർണ്ണാടക ഹൈക്കോടതി
ബംഗ്ലൂരു: സീരിയസ് ഫ്രോഡ് ഇൻവസിറ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം റദ്ദാക്കണമെന്ന വീണാ വിജയന്റെ ആവശ്യത്തിൽ വിധി പറയാൻ കേസ് മാറ്റി വച്ച് കർണ്ണാടക ഹൈക്കോടതി. കേസുമായി സഹകരിക്കാനാണ് എക്സാലോജിക്കിന് ഹൈക്കോടതി നൽകിയ നിർദ്ദേശം. ഇതിനൊപ്പം അറസ്റ്റുൾപ്പെടെയുള്ള കടുത്ത നടപടികൾ പാടില്ലെന്നും വിധി വരുന്നത് വരെ അത്തരം നീക്കങ്ങൾ നടത്തരുതെന്നും കമ്പനികാര്യ വകുപ്പിനും ഹൈക്കോടതി നിർദ്ദേശം നൽകി. ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണയ്ക്ക് ആശ്വാസമാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ കേസിൽ ഹൈക്കോടതി വിധി പറയും. അതിശക്തമായ വാദ പ്രതിവാദങ്ങളാണ് കോടതിയിൽ നടന്നത്. അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ അനുവദിക്കാത്തതും നിർണ്ണായകമായി. ഇതോടെ അന്വേഷണം തുടരാൻ എസ് എഫ് ഐ ഒയ്ക്ക് കഴിയുന്ന സാഹചര്യമുണ്ടാവുകയാണ്.
കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് നടത്തുന്ന അന്വേഷണത്തിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടാണ് എക്സാലോജിക് സൊലൂഷൻസ് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി.വീണ കർണ്ണാടക കോടതിയിൽ എത്തിയത്. വിധി പറയുന്നതു വരെ എക്സാലോജിക്കിനെതിരെ കടുത്ത നടപടി പാടില്ലെന്ന് കോടതി എസ്എഫ്ഐഒയ്ക്ക് നിർദ്ദേശം നൽകി. അതേസമയം, എസ്എഫ്ഐഒ ആവശ്യപ്പെടുന്ന എല്ലാ രേഖകളും എക്സാലോജിക് ഹാജരാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. എസ്എഫ്ഐഒ അന്വേഷണം നിലനിൽക്കില്ലെന്ന് എക്സാലോജിക്ക് കോടതിയിൽ അവകാശപ്പെട്ടു.
രജിസ്റ്റ്രാർ ഓഫ് കമ്പനീസ് അന്വേഷണം തുടരുകയാണ്. അതു തുടരാമെന്നും സിഎംആർഎല്ലുമായി ഇടപാടിലെ ആരോപണത്തിനു മറുപടി നൽകിയിട്ടുണ്ടെന്നും എക്സാലോജിക് അറിയിച്ചു. അതോടെ രജിസ്റ്റ്രാർ ഓഫ് കമ്പനീസ് അന്വേഷണം എന്തായെന്നു കോടതി ചോദിച്ചപ്പോൾ അന്വേഷണപുരോഗതി അറിയില്ലെന്ന് എക്സാലോജിക്കിനു വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. കരിമണൽ കമ്പനിയായ സിഎംആർഎലിൽനിന്ന് എക്സാലോജിക് സൊലൂഷൻസ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം. എസ്എഫ്ഐഒ, കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം എന്നിവരെ എതിർകക്ഷികളാക്കിയാണ് വീണയുടെ ഹർജി.
അതിശക്തമായ മറുവാദം എസ് എഫ് ഐ ഒയും ഉയർത്തി. രാഷ്ട്രീയക്കാർക്ക് 135 കോടി കൊടുത്തുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം. ഇതുവരെ വീണയ്ക്ക് നോട്ടീസ് മാത്രമേ നൽകിയിട്ടുള്ളൂ. അതിന് അപ്പുറത്തേക്ക് ഒന്നും തീരുമാനിച്ചിട്ടില്ല. എക്സാലോജിക്കിന് സേവനമില്ലാതെ 1.72 കോടി നൽകിയെന്ന് കണ്ടെത്തിയെന്നും എസ് എഫ് ഐ ഒ അറിയിച്ചു. സിഎംആർഎലും എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി വിവിധ രേഖകൾ ആവശ്യപ്പെട്ടു വീണയ്ക്ക് എസ്എഫ്ഐഒ സമൻസ് നൽകിയിരുന്നു. നേരത്തേ സിഎംആർഎലിലും കെഎസ്ഐഡിസിയിലും നേരിട്ടുള്ള പരിശോധനയ്ക്കു മുന്നോടിയായി നൽകിയ നോട്ടിസാണ് വീണയുടെ കമ്പനിക്കും നൽകിയത്. കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകളാണ് നൽകേണ്ടത്.
എസ്എഫ്ഐഒ അന്വേഷണത്തിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ വീണ നൽകിയ റിട്ട് ഹർജിക്കൊപ്പം ഈ സമൻസ് രേഖയും ഹാജരാക്കിയിരുന്നു. ജനുവരി 31ലെ അന്വേഷണ ഉത്തരവു തന്നെ റദ്ദാക്കണമെന്നും വീണയുടെ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിക്കാൻ ആധാരമായ എല്ലാ രേഖകളും കോടതി വിളിച്ചുവരുത്തി തങ്ങൾക്കു കൈമാറണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോടതി നിലപാട് നിർണ്ണായകമാകും.