- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വീണാ വിജയന്റെ എക്സാലോജിക്കിനെതിരെ ഇഡി അന്വേഷണം
കൊച്ചി: വീണാ വിജയന്റെ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കൊച്ചി യൂണിറ്റാണ് കേസെടുത്തത്. ഇതോടെ ഏത് സമയവും എന്തും നടക്കാമെന്ന അവസ്ഥ കേരളത്തിലുണ്ടാവുകയാണ്. ഈ വിഷയത്തിൽ സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് അന്വേഷണത്തിലാണ്. ഇവരുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുക്കുന്നത്. ഇതോടെ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട് അറസ്റ്റിലേക്ക് പോലും ഇഡിക്ക് കടക്കാനാകും. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ ഇഡി എന്തു നടപടി എടുക്കുമെന്നതാണ് നിർണ്ണായകം. നേരത്തെ എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ വീണാ വിജയൻ നൽകിയ ഹർജി കർണ്ണാടക ഹൈക്കോടതി തള്ളിയിരുന്നു.
എസ് എഫ് ഐ ഒ അന്വേഷണം നേരിടുന്നവരെല്ലാം ഇഡി കേസിന്റെ പരിധിയിൽ വരും. അതായത് വീണാ വിജയനും കരിമണൽ കർത്തയും അടക്കമുള്ളവർ കേസിന്റെ ഭാഗമാകും. വീണാ വിജയന്റെ കമ്പനിയുമായി ഇടപാടുകൾ നടത്തിയവരും അന്വേഷണത്തിൽ വരും. അതുകൊണ്ട് തന്നെ അതിനിർണ്ണായകമാണ് ഈ കേസ്. വീണ വിജയനെ ഇഡി ചോദ്യം ചെയ്യുമോ എന്നതും നിർണ്ണായകമാണ്. പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡി സിയിലേക്കും ഇഡി എത്തും. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിനും നിർണ്ണായകമാണ് ഈ കേസ്. പത്ത് ദിവസത്തിനുള്ളിൽ കേരളത്തിൽ നിർണ്ണായക നീക്കങ്ങൾ കേന്ദ്ര ഏജൻസി നടത്തുമെന്ന് സൂചനകളുണ്ടായിരുന്നു. ഇതിനിടെയാണ് പുതിയ നീക്കം.
വീണ വിജയൻ ഉൾപ്പെടുന്ന 'മാസപ്പടി' കേസിൽ ആദായനികുതി വകുപ്പിന്റെയും അന്വേഷണം വരും. പ്രാഥമിക പരിശോധന നടത്തിയ ശേഷം നടപടികളിലേക്ക് കടക്കുകയാണ് ഇഡി. കൊച്ചി യൂണിറ്റിൽ ഇസിഐആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഇതിനൊപ്പമാണ് ആദായ നികുതി വകുപ്പും ഇടപെടുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തിൽ ആദായനികുതി വകുപ്പ് കേസിൽ ഇടപെടുന്നത് വലിയ രീതിയിലുള്ള രാഷ്ട്രീയ ചലനങ്ങളാണ് ഉണ്ടാക്കുക. വിശേഷിച്ചും കേന്ദ്ര ഏജൻസികളെ വിവിധ സംസ്ഥാനങ്ങളെ അടിച്ചമർത്താൻ കേന്ദ്രം ഉപയോഗിക്കുന്നു എന്ന ആരോപണം കേരളം അടക്കം ഉന്നയിക്കുന്ന സാഹചര്യത്തിൽ ഇത് തെരഞ്ഞെടുപ്പിലും ശക്തമായ വിഷയമായിത്തീരുമെന്നത് ഉറപ്പായിരിക്കുകയാണ്.
തനിക്കെതിരായ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള വീണാ വിജയന്റെ ഹർജി കർണ്ണാടക ഹൈക്കോടതി തള്ളിയതോടെ എസ് എഫ് ഐ ഒ കടുത്ത നിലപാടിലേക്ക് കടന്നിരുന്നു. ഇതിനിടെയാണ് ഇഡിക്കും റിപ്പോർട്ട് നൽകിയത്. നേരത്തെ എസ് എഫ് ഐഒ വീണ മാസപ്പടി വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് സിഎംആർഎല്ലിലും കെഎസ് ഐഡിസിയിലും നേരിട്ട് പോയി അന്വേഷണം നടത്തിയിരുന്നു. അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള വീണയുടെ ഹർജി കർണ്ണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയതോടെ സിപിഎമ്മിനും വീണാ വിജയനും വലിയ തിരിച്ചടിയാണ് ലഭിച്ചത്. വീണാ വിജയനെ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനയും വന്നു. ഇതിനിടെയാണ് പുതിയ നീക്കം.
മുഖ്യമന്ത്രി പിണറായി വിജയനും ഇടത് സർക്കാരിനും എതിരെ കേന്ദ്ര സർക്കാർ നടത്തുന്ന രാഷ്ട്രീയമായ വേട്ടയാടലാണ് വീണാ വിജയനെതിരായ അന്വേഷണമെന്നാണ് സിപിഎം നേതാക്കൾ ആരോപിച്ചിരുന്നത്. എന്നാൽ കേസിൽ ഹൈക്കോടതികളിൽ നിന്നും (കേരളത്തിലെയും കർണ്ണാടകത്തിലെയും) തുടർച്ചയായി തിരിച്ചടി നേരിട്ടതോടെ സിപിഎം പ്രതിസന്ധിയിലുമായി.