- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അരുൺപ്രസാദും സംഘവും പൂർത്തിയാക്കിയത് അതിവേഗ അന്വേഷണം
കൊച്ചി: സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അതിവേഗ റിപ്പോർട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മാസപ്പടിയിൽ അന്വേഷണത്തിന് എത്തുമ്പോൾ ഉയരുന്നത് നിർണ്ണായക ചോദ്യങ്ങൾ. നിയമപ്രകാരം എസ്.എഫ്.ഐ.ഒ. പ്രോസിക്യൂഷൻ കംപ്ലെയിന്റ് ഫയൽ ചെയ്താൽ സ്വമേധയാ ധനകാര്യമന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ചോ ഇ.ഡി.ക്ക് കേസെടുക്കാം. എന്നാൽ മാസപ്പടി കേസിൽ ഇഡി കാത്തിരുന്നു. എസ് എഫ് ഐ ഒ അതിവേഗ റിപ്പോർട്ട് സമർപ്പിച്ചത് കേന്ദ്രസർക്കാരിനായിരുന്നു. അതുകൊണ്ട് തന്നെ ധനകാര്യമന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ചാണ് കേസെടുത്തതെന്നാണ് സൂചന.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രാരംഭ നടപടിയാണ് എക്‌സാലോജിക് കമ്പനി ഉൾപ്പെട്ട എസ്എഫ്‌ഐഒ കേസിൽ ഇ.ഡി രജിസ്റ്റർ ചെയ്ത ഇസിഐആർ (എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്). കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡിയുടെ ആഭ്യന്തര രേഖയാണ് ഇസിഐആർ. ഇതു കോടതിയിൽ സമർപ്പിക്കേണ്ടതില്ലാത്തതിനാൽ എതിർകക്ഷികൾക്ക് പകർപ്പു ലഭിക്കില്ല. കേസിലെ പ്രാഥമിക വിവരങ്ങൾ അടങ്ങുന്ന രഹസ്യരേഖയായി സൂക്ഷിക്കുന്നതിനാൽ വിവരാവകാശത്തിന്റെ പരിധിയിലും വരില്ല. അതുകൊണ്ട് തന്നെ എല്ലാം പരമരഹസ്യമായിരിക്കും. ഇസിഐആർ രജിസ്റ്റർ ചെയ്തിട്ടു മാത്രമേ കള്ളപ്പണക്കേസിൽ ഉൾപ്പെട്ടവരെന്നു സംശയിക്കുന്നവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ കഴിയൂ. ലഭ്യമായ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇസിഐആർ രജിസ്റ്റർ ചെയ്താലും വേണ്ടത്ര തെളിവുകൾ ലഭിച്ചാൽ മാത്രമേ ഇ.ഡി അറസ്റ്റിലേക്കും പിഎംഎൽഎ കേസിലേക്കും കടക്കൂ.
മറ്റേതെങ്കിലും ഏജൻസി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്ന കുറ്റകൃത്യങ്ങളുടെ കൂട്ടത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കുറ്റവും വെളിപ്പെടുന്ന ഘട്ടത്തിലാണ് ഇസിഐആർ രജിസ്റ്റർ ചെയ്ത് ഇ.ഡിയും അന്വേഷണം തുടങ്ങുന്നത്. ഒരു കേസിലും ഇസിഐആർ സ്വന്തം നിലയിൽ നിലനിൽക്കില്ല. നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്ത ഒക്കറൻസ് റിപ്പോർട്ടിന്റെയും (സംഭവ വിവര റിപ്പോർട്ട്) കരുവന്നൂർ സഹകരണ ബാങ്ക് ബെനാമി വായ്പ തട്ടിപ്പു കേസിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത പ്രഥമവിവര റിപ്പോർട്ടിന്റെയും (എഫ്‌ഐആർ) അടിസ്ഥാനത്തിലാണ് ഇ.ഡി ഇസിഐആർ രജിസ്റ്റർ ചെയ്തത്. മാസപ്പടിയിൽ എസ് എഫ് ഐ ഒ റിപ്പോർട്ടാണ് നിർണ്ണായകമായത്.
എട്ടുമാസം അനുവദിച്ചിരുന്നെങ്കിലും രണ്ടുമാസംപോലും തികയുംമുമ്പേ എസ് എഫ് ഐ ഒ അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഒട്ടും വൈകാതെ ചൊവ്വാഴ്ച ഇ.ഡി. കേസെടുത്തു. ഇതിൽ ഗുരുതര കണ്ടെത്തലുകൾ ഉണ്ടെന്നാണ് സൂചന. സേവനം നൽകാതെ പണം കൈപ്പറ്റിയത് കള്ളപ്പണം വെളിപ്പിക്കാനാണെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി വരുന്നത്. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ (ആർ.ഒ.സി.) അന്വേഷണത്തിൽ വീണയ്ക്ക് പണം കൈമാറിയത് സേവനത്തിനാണെന്നുള്ള രേഖകൾ ഹാജരാക്കാനും വിശദീകരിക്കാനും കഴിഞ്ഞിരുന്നില്ല. ഇതാണ് എസ് എഫ് ഐ ഒ അന്വേഷണത്തിന് കളമൊരുക്കിയത്.
ആർ.ഒ.സി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്പനി നിയമത്തിലെ സെക്ഷൻ 210 പ്രകാരം കോർപ്പറേറ്റ്കാര്യമന്ത്രാലയം മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിച്ചു. തുടരന്വേഷണം വേണമെന്നുള്ള ഇവരുടെ ശുപാർശപ്രകാരം കേന്ദ്ര കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിന് കീഴിൽത്തന്നെയുള്ള എസ്.എഫ്.ഐ.ഒ.യെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ജനുവരി 31-ന് ഡെപ്യൂട്ടി ഡയറക്ടർ എം. അരുൺ പ്രസാദിന്റെ നേതൃത്വത്തിൽ ആറംഗ അന്വേഷണസംഘത്തെ നിയമിച്ചു. അതിവേഗ പരിശോധനകൾ സംഘം നടത്തി.
ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ രേഖകൾ, രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകൾ എന്നിവ പരിശോധിച്ചശേഷം സംഘം കമ്പനികളിലും സംസ്ഥാന വ്യവസായവികസന കോർപ്പറേഷൻ ഓഫീസ് എന്നിവടങ്ങളിലും പരിശോധനനടത്തി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
(ദുഃഖവെള്ളി പ്രമാണിച്ച് നാളെ(29-03-2024) പൊതു അവധി ആയതിനാൽ മറുനാടൻ മലയാളി പ്രവർത്തിക്കുന്നതല്ല... അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)