കൊച്ചി: മാസപ്പടി കേസിൽ എക്‌സാലോജിക് കമ്പനി ഉടമ വീണ വിജയന്റെ മൊഴി രേഖപ്പെടുത്താൻ ഒരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇതിനുള്ള ചോദ്യാവലി അന്വേഷണ സംഘം തയാറാക്കി. സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ, കമ്പനിയിലെ മുൻനിര ജീവനക്കാർ എന്നിവരുടെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷമാകും ഇത്. വീണാ വിജയന് ഉടൻ നോട്ടീസ് നൽകും. ഐടി സർവീസ് കമ്പനിയായ എക്‌സാലോജിക്കിന്റെ അക്കൗണ്ടിലേക്കു സിഎംആർഎലിന്റെ അക്കൗണ്ടിൽ നിന്ന് 1.72 കോടി രൂപ പലപ്പോഴായി നിക്ഷേപിച്ചതു സംബന്ധിച്ച അന്വേഷണമാണ് ഇ.ഡി നടത്തുന്നത്.

വീണാ വിജയന്റെ ആദ്യഘട്ട മൊഴി രേഖപ്പെടുത്തിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത് ഇഡി സ്ഥിരീകരിക്കുന്നില്ല. രണ്ടാഴ്ച മുൻപ് ഇ.ഡിയുടെ ചെന്നൈ ഓഫിസിൽ വീണ എത്തിയെന്നായിരുന്നു റിപ്പോർട്ട്. ഇ.ഡി ന്യൂഡൽഹി യൂണിറ്റിൽ ജോലി ചെയ്യുന്ന മലയാളി ഉദ്യോഗസ്ഥൻ വീണാ വിജയനെ ചെന്നൈ ഓഫിസിൽ വിളിച്ചു വരുത്തി മൊഴിയെടുത്തതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സ്ഥിരീകരിക്കാൻ ഇഡി തയ്യാറാകാത്ത സാഹചര്യത്തിൽ വീണയെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തുന്നത് നിർണ്ണായകമാണ്. അറസ്റ്റിലേക്കും ഇഡി പോകാനുള്ള സാധ്യതയുണ്ട്. എന്നാൽ ആദ്യ ഘട്ട ചോദ്യം ചെയ്യലിനിടെ അറസ്റ്റുണ്ടാകില്ല. മൊഴി വിശദമായി രേഖപ്പെടുത്തി അത് പരിശോധിച്ച ശേഷമാകും നടപടികൾ.

എട്ടോളം കമ്പനികളിൽനിന്ന് എക്‌സാലോജിക് കമ്പനിക്കു പണം ലഭിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം കമ്പനി നിയമപ്രകാരം കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസും (എസ്എഫ്‌ഐഒ) നടത്തുന്നുണ്ട്. ഇതിനിടയിലാണു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഇ.ഡിയും അന്വേഷണം തുടങ്ങിയത്. എക്‌സാലോജിക്കിലെ ജീവനക്കാരെ ചോദ്യം ചെയ്യാനും ഇഡി ആലോചിക്കുന്നുണ്ട്. അതിന് ശേഷം വീണയുടെ മൊഴി എടുക്കുമെന്നും സൂചനകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇഡി ഒന്നും സ്ഥിരീകരിക്കുന്നില്ല. ഡൽഹിയിൽ നിന്ന് കേരളത്തിലെ അന്വേഷണങ്ങളെ നിരീക്ഷിക്കുന്നുമുണ്ട്. വീണയുടെ മൊഴി രേഖപ്പെടുത്തുന്നതോടെ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് കടക്കും. വീണയ്‌ക്കെതിരെ തെളിവുണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക നിലപാട്.

എക്‌സാലോജിക് സിഎംആർഎൽ അനധികൃത പണമിടപാടു കേസിൽ ഇ.ഡിയുടെ അന്വേഷണവും നടപടികളും സമൻസും ചോദ്യം ചെയ്ത് കർത്താ, കമ്പനി ഉദ്യോഗസ്ഥർ എന്നിവർ നൽകിയ ഹർജികൾ ഹൈക്കോടതി വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റിയതും ഇഡിക്ക് കരുത്താണ്. ഇ.ഡിക്ക് അന്വേഷണം നടത്താനുള്ള അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹർജിയിൽ സത്യവാങ്മൂലം നൽകുമെന്ന് ഇ.ഡി അറിയിച്ചു. രേഖകൾ നൽകുമെന്നു ഹർജിക്കാരും അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന് സ്റ്റേ ഇല്ലാത്തതു കൊണ്ടു തന്നെ ഇഡിക്ക് ചോദ്യം ചെയ്യലുമായി മുമ്പോട്ട് പോകാം.

ചോദ്യംചെയ്യലിനു ഹാജരായെങ്കിലും ഇ.ഡി നിയമവിരുദ്ധമായി കസ്റ്റഡിയിലാക്കിയെന്ന് ആരോപിച്ച് സിഎംആർഎൽ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ ഉപഹർജി നൽകിയിരുന്നു. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനാണു ഹർജി പരിഗണിച്ചത്. ഇടപാടിൽ ക്രിമിനൽ കുറ്റം നടന്നിട്ടുണ്ടോ എന്നാണു ഇ.ഡി. ഈ ഘട്ടത്തിൽ പരിശോധിക്കുന്നത്. കരിമണൽ കമ്പനിയിലെ കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുന്നുണ്ട്. ക്രൈം നടന്നിട്ടുണ്ടെന്നു തെളിഞ്ഞാൽ, വൈകാതെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേയ്ക്കു ഇ.ഡി. കടക്കും.