കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസിനെതിരേ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപ്പട്ടിക തയാറാക്കി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കൂടുതൽ അന്വേഷണത്തിലേക്കെന്ന് സൂചന. വീണ പ്രതിപ്പട്ടികയിൽ എത്തിയാൽ അറസ്റ്റിനും സാധ്യത കൂടും.

കരിമണൽ ഖനനരംഗത്തുള്ള സ്വകാര്യ കമ്പനി ഒന്നാം പ്രതിയും കമ്പനിയുടെ മാനേജിങ് ഡയറക്ടർ രണ്ടാം പ്രതിയും കമ്പനി സീനിയർ മാനേജർ മൂന്നാം പ്രതിയും സീനിയർ ഓഫീസർ നാലാം പ്രതിയും എക്സാലോജിക് സൊലൂഷൻസ് അഞ്ചാംപ്രതിയും വീണാ വിജയൻ ആറാം പ്രതിയുമാകുമെന്നാണു സൂചന. ഇതിൽ ആദ്യ നാലു പ്രതികളുടെ ചോദ്യംചെയ്യൽ നടന്നു. ഈ പ്രതികളെ അറസ്റ്റു ചെയ്യാനും സാധ്യതയുണ്ട്. ആദ്യ നാലു പ്രതികൾ സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ടവരായിരിക്കും എന്നാണ് റിപ്പോർട്ട്.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.). പ്രോസിക്യൂഷൻ കംപ്ലെയിന്റിന്റെ അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എക്സാലോജിക്കും കരിമണൽഖനന കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. പിസി ജോർജിന്റെ മകൻ ഷോൺ ജോർജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിലെ നിയമവിരുദ്ധത ചർച്ചയാക്കാൻ സിഎംആർഎല്ലും ശ്രമിച്ചു. ഇതിനിടെയാണ് ഇക്കാര്യത്തിൽ ഇഡി വ്യക്തത വരുത്തുന്നത്.

എക്സാലോജിക്കിനു കൈമാറിയിട്ടുള്ള തുകകൾ സംബന്ധിച്ചു തൃപ്തികരമായ വിശദീകരണം ലഭിക്കാത്തതിനാൽ കള്ളപ്പണ ഇടപാടായാണ് മാസപ്പടിയെ കാണുന്നത്. സംസ്ഥാന വ്യവസായവികസന വകുപ്പ് ഉദ്യോഗസ്ഥർ, രജിസ്ട്രാർ ഓഫ് കമ്പനി ഉദ്യോഗസ്ഥർ എന്നിവരെയും ഇ.ഡി. മൊഴിയെടുക്കാൻ വിളിച്ചുവരുത്തും.
അതേസമയം, പ്രതികളാകാൻ സാധ്യതയുള്ളവർ അറസ്റ്റ് ഒഴിവാക്കാൻ നീക്കം തുടങ്ങി. സേവനത്തിന്റെ പേരിൽ ഒരു കോടി 72 ലക്ഷം രൂപ നൽകിയതു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നാണു ഇവർക്കു ലഭിച്ച നിയമോപദേശം.

പി.എം.എൽ ആക്ടിലെ ഷെഡ്യൂൾ കുറ്റകൃത്യങ്ങളിൽ ഇതു വരുന്നില്ല. കുറ്റകൃത്യത്തിൽ നിന്നു കക്ഷികൾ എന്തെങ്കിലും സമ്പാദിച്ചതായി തെളിഞ്ഞാലേ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരൂ. ഈ കേസിൽ അതില്ല. രണ്ടു കമ്പനികൾ തമ്മിലുള്ള ഇടപാടിൽ പി.എം.എൽ. ആക്റ്റിലെ ഷെഡ്യൂൾ പ്രകാരമുള്ള ക്രിമിനൽ കുറ്റം കണ്ടെത്തിയിട്ടില്ലെന്ന നിയമോപദേശം സിഎംആർഎല്ലിന് അടക്കം കിട്ടിയിട്ടുണ്ട്.