തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഉടൻ ചോദ്യം ചെയ്യുമെന്ന് സൂചന. ലോക്‌സഭാ വോട്ടെടുപ്പിന് ശേഷമാകും ചോദ്യം ചെയ്യൽ എന്നാണ് ലഭ്യമായ വിവരം. ചോദ്യം ചെയ്യലിനുള്ള സമൻസ് ഉടൻ അയക്കുമെന്നാണ് സൂചന. വീണാ വിജയനും അവരുടെ ഉടമസ്ഥതയിലുള്ള എക്‌സാ ലോജിക്ക് സോഫ്ട് വെയർ സ്ഥാപനത്തിനും പണം നൽകിയത് സംബന്ധിച്ച് സിഎം ആർ എൽ, എം. ഡി അടക്കമുള്ളവരിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. നടന്നത് കള്ളപ്പണ ഇടപാടാണ് എന്ന് തെളിയിക്കാൻ പറ്റിയ രേഖകളും തെളിവുകളും ഉണ്ടോയെന്നാണ് നിലവിൽ അന്വേഷണ സംഘം വിലയിരുത്തുന്നത്.

വീണയുടെ ചോദ്യം ചെയ്യലിൽ ഡൽഹിയിൽ നിന്നുള്ള തീരുമാനമാകും നിർണ്ണായകം. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ ഇഡി സമൻസിനെതിരെ സിഎംആർഎൽ എംഡി സി എൻ ശശിധരൻ കർത്ത വീണ്ടും ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശശിധരൻ കർത്ത ഹർജി നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. സിഎംആർഎൽ ജീവനക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വീണാ വിജയനിലേക്ക് ചോദ്യം ചെയ്യൽ എത്താതിരിക്കാനാണ് ഈ തന്ത്രമെന്നാണ് ഇഡിയുടെ വിലയിരുത്തൽ. കേസിൽ വീണയെ പ്രതിയാക്കാൻ ഇഡി തീരുമാനിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലിന്റെ പേരിൽ ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്നാണ് സിഎംആർഎൽ ജീവനക്കാർ ആരോപിക്കുന്നത്. ഇഡി തങ്ങളെ നിയമവിരുദ്ധ കസ്റ്റഡിയിൽ വെച്ചു എന്നാണ് സിഎംആർഎൽ ഉദ്യോഗസ്ഥർ പറയുന്നത്. വനിത ജീവനക്കാരിയെ 24 മണിക്കൂർ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വെച്ചു. ഇ മെയിൽ ഐ ഡി, പാസ് വേർഡ് എന്നിവ നൽകാനും രഹസ്യ സ്വഭാവമുള്ള രേഖകൾ നൽകാനും ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചു. കോടതി ഉത്തരവ് ഉണ്ടായിട്ടും ഇ ഡി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്നും ഉദ്യോഗസ്ഥർ ആരോപിക്കുന്നു. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ ഇഡി വിളിപ്പിച്ചത്. എന്നാൽ കർത്ത സഹകരിക്കുന്നില്ലെന്നതാണ് വസ്തുത.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.). പ്രോസിക്യൂഷൻ കംപ്ലെയിന്റിന്റെ അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എക്സാലോജിക്കും കരിമണൽഖനന കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണം പ്രധാനമായും നടക്കുന്നത്. മാസപ്പടിക്കേസിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പേരെ വിളിപ്പിക്കുന്നത്.കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തി വെയ്ക്കാൻ കോടതി പറഞ്ഞിട്ടില്ല എന്നാണ് ഇഡി വാദം. ഇഡിക്കെതിരെ ശശിധരൻ കർത്തയും 3 ജീവനക്കാരും നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിനു ശേഷമേ പരിഗണിക്കുള്ളു.

കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റി വച്ചത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.