- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സമന്‍സ് അയക്കും മുമ്പ് കുറ്റപത്രം ഇഡി സ്വന്തമാക്കിയാല്‍ അറസ്റ്റിന് അതിവേഗ സാധ്യതകള്‍ ഏറെ; കുറ്റപത്രത്തിനെതിരെ നിയമ നടപടികള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രിയുടെ മകള്‍ ആഗ്രഹിക്കുന്നത് 'സ്റ്റേ' നേടി കാര്യങ്ങള്‍ അനുകൂലമാക്കല്‍; സുരക്ഷിത സ്ഥാനത്തേക്ക് വീണ മാറിയെന്ന് റിപ്പോര്‍ട്ട്; മാസപ്പടിയില്‍ എല്ലാം കണ്ണും ഡല്‍ഹി വിധിയിലേക്ക്; കരുതല്‍ വീണയ്ക്ക് അനിവാര്യമാകുമ്പോള്‍
തിരുവനന്തപുരം: എസ്.എഫ്.ഐ.ഒ. കേസില്‍ സമന്‍സ് കിട്ടിയാലുടന്‍ കുറ്റപത്രം റദ്ദാക്കാനുള്ള നിയമപോരാട്ടത്തിനൊരുങ്ങി മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ(വീണാ വിജയന്‍). എസ്.എഫ്.ഐ.ഒ. അന്വേഷണത്തിനെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ സി.എം.ആര്‍.എല്‍. നല്‍കിയ ഹര്‍ജി 21-ന് പരിഗണിക്കും. അതിനു മുമ്പ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി(7)യുടെ സമന്‍സ് വീണയ്ക്കു കിട്ടാനിടയുണ്ട്. ഇതിന് മുമ്പ് കുറ്റപത്രം ഇഡി കൈയ്യിലുമെത്തും. അങ്ങനെ വന്നാല്‍ ഇഡി അതിവേഗ നടപടികളിലേക്ക് കടക്കും. വീണയ്ക്ക് സമന്‍സ് അയയ്ക്കുന്നതിന് മുമ്പ് കുറ്റപത്രം ഇഡിയ്ക്ക് കൈമാറുമോ എന്ന ചോദ്യം നിര്‍ണ്ണായകമാണ്. അങ്ങനെ വന്നാല്‍ കുറ്റപത്രത്തിനെതിരെ കോടതിയെ സമീപിക്കാന്‍ വീണയ്ക്ക് കഴിയാതെ വരും. ഈ സാഹചര്യത്തില്‍ വീണ സുരക്ഷിത സ്ഥാനത്തേക്ക് മാറിയെന്നും സൂചനയുണ്ട്. എസ് എഫ് ഐ ഒ കുറ്റപത്രത്തിനായി പതിവില്‍ കവിഞ്ഞ തിടുക്കം ഇഡി കാട്ടുന്നത് വീണയെ കുടുക്കാനാണെന്ന വിലയിരുത്തല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുമുണ്ട്.
എസ്.എഫ്.ഐ.ഒ. കേസിലെ കുറ്റപത്രം റദ്ദാക്കേണ്ടത് ഇ.ഡി. അന്വേഷണം ചെറുക്കാനും ആവശ്യമാണെന്ന വിലയിരുത്തലിലാണ് വീണയുടെ നീക്കം. ഇതിനായി നിയമോപദേശം തേടിയിട്ടുണ്ട്. എസ്.എഫ്.ഐ.ഒ. കുറ്റപത്രത്തില്‍ കേസ് നമ്പറിട്ടശേഷം ഒന്നാംപ്രതി എസ്.എന്‍. ശശിധരന്‍ കര്‍ത്ത മുതല്‍ 11-ാം പ്രതി വീണ വരെയുള്ള എതിര്‍കക്ഷികള്‍ക്കു കോടതി നോട്ടീസ് അയയ്ക്കും. ഈ സമന്‍സ് കിട്ടിയശേഷമേ പ്രതികള്‍ക്കു വിടുതല്‍ഹര്‍ജിയോ കേസ് റദ്ദാക്കണമെന്ന ആവശ്യമോ കോടതിക്കു മുന്നില്‍ ഉന്നയിക്കാനാകൂ. ഈ സാഹചര്യത്തില്‍ സമന്‍സ് അയക്കും മുമ്പ് കുറ്റപത്രം ഇഡിക്ക് കൈമാറാനുള്ള നീക്കം തകൃതിയാണെന്നാണ് പിണറായി ക്യാമ്പ് വിലയിരുത്തുന്നത്. കമ്പനി നിയനമത്തിലെ 447 വകുപ്പ് അനുസരിച്ച് വഞ്ചന ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് എസ്എഫ്‌ഐഒ ചുമത്തിയത്. ഇതില്‍ ജാമ്യമില്ലാ കേസെടുക്കാന്‍ ഇഡിക്ക് കഴിയും. അങ്ങനെ എങ്കില്‍ അതീവ രഹസ്യമായി കേസ് എടുത്ത് വീണയെ അറസ്റ്റു ചെയ്യാന്‍ ഇഡി ശ്രമിക്കും. ഇത് മനസ്സിലാക്കിയാണ് വീണ കരുതല്‍ എടുക്കുന്നത്. ഡല്‍ഹി കോടതി വിധി നിര്‍ണ്ണായകമാകും.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രിയെ ആക്രമിക്കുക എന്ന ഗൂഢലക്ഷ്യമാണ് അതിനു പിന്നിലെന്നുമാണ് സി.പി.എം. പറയുന്നത്. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. സുതാര്യമായി രണ്ടു കമ്പനികള്‍ തമ്മില്‍ നടന്ന ഇടപാടുകളാണ് തെറ്റായരീതിയില്‍ മുഖ്യമന്ത്രിയുടെ പേര് ഉപയോഗിച്ച് മറ്റ് തലത്തിലേക്ക് മാറ്റാന്‍ നോക്കുന്നതെന്ന് സി.പി.എം. വിലയിരുത്തുന്നു. ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡ് എല്ലാ നിയമപരിരക്ഷയും സി.എം.ആര്‍.എല്ലിന് നല്‍കി പ്രോസിക്യൂഷന്‍ നടപടികള്‍ അവസാനിപ്പിച്ചതാണ്. ഈ കേസ് അവിടെ തീരേണ്ടതായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയ ഗൂഢാലോചനയാക്കി ഇത് മാറ്റുകയായിരുന്നുവെന്നാണ് പാര്‍ട്ടി നിലപാട്.
എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കേസില്‍ എസ്.എഫ്.ഐ.ഒ.യുടെ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് കമ്പനി ഈ വാദമുന്നയിച്ചത്. കേസില്‍ കക്ഷിചേരാനെത്തിയ ഷോണ്‍ ജോര്‍ജിന് എങ്ങനെ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചുവെന്ന വിഷയവും സി.എം.ആര്‍.എല്‍. ഉന്നയിച്ചിരുന്നു. മാസപ്പടി ഇടപാട് ആരോപണം ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് സി.എം.ആര്‍.എലിന്റെ വാദം. ഇതാണ് സിപിഎമ്മും പറയുന്നത്. തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സി.എം.ആര്‍.എല്ലിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. എസ്.എഫ്.ഐ.ഒ അന്വേഷണം പൂര്‍ത്തിയായ സ്ഥിതിക്ക് പുതിയ ഹരജി നിലനില്‍ക്കുമോ എന്നും കോടതി ചോദിച്ചു. കേസ് 21ന് പുതിയ ബെഞ്ച് വീണ്ടും പരിഗണിക്കും. പുതിയ ബെഞ്ചായിരിക്കും ഇനി കേസ് കേള്‍ക്കുക. അതേസമയം, കേസില്‍ ഇ.ഡി കടന്നുവരികയാണെന്നും ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നുമാണ് സി.എം.ആര്‍.എല്ലിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ് എഫ് ഐ ഒ അന്വേഷണം നടക്കുന്നത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും വീണ വിജയന്‍ ചെയ്യാത്ത സേവനത്തിന്റെ പേരില്‍ മാസപ്പടിയായി പണമിടപാട് നടത്തിയെന്നാണ് കേസ്. നേരത്തേ സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. മാസപ്പടി കേസില്‍ തനിക്ക് ബന്ധമില്ലെന്നാണ് വീണയുടെ നിലപാട്. താന്‍ ഐടി പ്രൊഫഷണല്‍ മാത്രമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ ഈ അടുത്തിടെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ് മാസപ്പടി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പടെ ആരോപണ വിധേയായ വിവാദമാണിത്. കേരളത്തിന്റെ തെക്കന്‍ തീരങ്ങളില്‍ നിന്നും ഖനനം ചെയ്യുന്ന ഇല്‍മനൈറ്റ് ധാതു പ്രധാന അസംസ്‌കൃത വസ്തുവായി ഉപയോഗിച്ച് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനമാണ് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍സ് ലിമറ്റഡ്. കമ്പനിയുടെ തടസമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍സ് ലിമിറ്റഡിന്റെ (സിഎംആര്‍എല്‍) മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത രാഷ്ട്രീയക്കാര്‍, ട്രേഡ് യൂണിയനുകള്‍, മാധ്യമ സ്ഥാപനങ്ങള്‍, പൊലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് കൈക്കൂലി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പെടെയുള്ളവര്‍ നിയമവിരുദ്ധമായ തുക കൈപ്പറ്റിയെന്ന തരത്തിലുള്ള ആരോപണങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമാകാന്‍ തുടങ്ങിയത്.
വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാ ലോജിക് എന്ന കമ്പനി സിഎംആര്‍എല്‍-ന് സോഫ്‌റ്റ്വെയര്‍-ഐടി സേവനങ്ങള്‍ നല്‍കിയതിന്റെ പ്രതിഫലമായാണ് 1.72 കോടി രൂപ നല്‍കിയതെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ വീണയുടെ കമ്പനി സിഎംആര്‍എല്‍-ന് യാതൊരു സേവനങ്ങളും നല്‍കിയിരുന്നില്ലെന്നും കൈപ്പറ്റിയ തുക തികച്ചും നിയമവിരുദ്ധമാണെന്നുമാണു വ്യക്തമാക്കുന്നത്. സിഎംആര്‍എല്‍ ഓഫീസിലെ 2019ലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ വിവിധ വ്യക്തികള്‍ക്ക് അനധികൃതമായി പണം നല്‍കിയെന്നുള്ള കണ്ടെത്തലിനെ തുടര്‍ന്ന് സ്ഥാപനത്തിന്റെ എംഡി ശശിധരന്‍ കര്‍ത്ത ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ് മുമ്പാകെ നടത്തിയ വെളിപെടുത്തലുകളാണ് വിവാദങ്ങള്‍ക്ക് കാരണമായത്.