- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും പിണറായിയുടെ മകൾക്കെതിരെ ആയുധമാക്കിയേക്കും
കൊച്ചി: വീണാ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരേയുള്ള കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണത്തിന് പിന്നിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ എത്തിക്കാനുള്ള നീക്കം. കള്ളപ്പണം വെളുപ്പിക്കപ്പെട്ടുവെന്നാണ് കമ്പനികാര്യ വകുപ്പിന്റെ പ്രാഥമിക നിരീക്ഷണം. ഇതിനൊപ്പം അഴിമതിയും സംഭവിച്ചു. അങ്ങനെ വന്നാൽ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണത്തിന് ശേഷം അടുത്ത നടപടികൾ വരും. ഇഡിക്ക് പല വിഷയത്തിലും നേരിട്ട് ഇടപെടാൻ കഴിയില്ല. അതിന് വേണ്ടിയാണ് പുതിയ നീക്കം.
മന്ത്രാലയം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ വലിയരീതിയിലുള്ള കള്ളപ്പണം വെളുപ്പിക്കൽ കണ്ടെത്തിയാൽ അടുത്ത ഘട്ടം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റേതാകും (എസ്.എഫ്.ഐ.ഒ.). ഈ ഏജൻസി ഫയൽചെയ്യുന്ന പ്രോസിക്യൂഷൻ കംപ്ലെയിന്റിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. കേസെടുക്കുക. കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ കീഴിൽതന്നെയാണ് എസ്.എഫ്.ഐ.ഒ.. അതായത് അടുത്ത ഘട്ടത്തിൽ രണ്ട് ഏജൻസികളുടെ അന്വേഷണം വരും. അഴിമതിയിൽ കണ്ടെത്തലോ നിരീക്ഷണമോ ഉണ്ടെങ്കിൽ സിബിഐയുടെ കൈയിലേക്കും അന്വേഷണം എത്തും. ഏതായാലും ഇനിയുള്ള നാലുമാസ അന്വേഷണം അതിനിർണ്ണായകമാണ്.
മുഖ്യമന്ത്രിയുടെ മകളും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ വിജയൻ തന്റെ കമ്പനി എക്സാലോജിക്ക് ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്തത് എകെജി സെന്ററിന്റെ മേൽ വിലാസം ഉപയോഗിച്ചാണ്. വീണ 2014 ൽ കമ്പനി ആരംഭിക്കുന്നത്. അക്കാലത്ത് പിണറായി വിജയനും കുടുംബവും തലസ്ഥാനത്തു താമസിച്ചിരുന്നത് എകെജി സെന്ററിനടുത്ത് പാർട്ടിയുടെ ഫ്ളാറ്റിലായിരുന്നു. ഈ ഫ്ളാറ്റിന്റെ വിലാസം ഉപയോഗിക്കാതെ, പാർട്ടി ആസ്ഥാനത്തിന്റെ തന്നെ വിലാസമാണ് വീണ ഉപയോഗിച്ചത്. അതേസമയം, നോമിനിയായി ഉൾപ്പെടുത്തിയ അമ്മ കമലയുടെ വിലാസം കണ്ണൂരിലേതായിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമാണ് കമ്പനി കേരളത്തിൽ കൂടുതൽ കരാറുകൾ നേടുന്നത്.
നിലവിൽ നിയോഗിച്ച മൂന്ന് ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടിൽ തുടരന്വേഷണം ശുപാർശചെയ്താൽ സെക്ഷൻ 212 പ്രകാരം എസ്.എഫ്.ഐ.ഒ.യെ നിയോഗിക്കാം. കമ്പനി നിയമം, ഫൊറൻസിക് ഓഡിറ്റിങ്, ഐ.ടി., നികുതി തുടങ്ങിയ മേഖലകളിൽ വിദഗ്ധരായവരാണ് ഈ ഏജൻസിയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് എതിരെയുള്ള കേന്ദ്രമന്ത്രാലയത്തിന്റെ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം പറയുന്നു. അതിനാൽ അന്വേഷണം അവഗണിക്കാനാണ് പാർട്ടി നേതൃത്വം കൈക്കൊണ്ട തീരുമാനം.
വീണ വിജയൻ എന്ന വ്യക്തിയെ അല്ല കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. അതുവഴി മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും ആണെന്നും ശനിയാഴ്ച ചേർന്ന സംസ്ഥാന സമിതി യോഗം വിലയിരുത്തി. നേരത്തേയും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നീക്കം വ്യക്തിക്ക് എതിരെയല്ലെന്നും വിശാലമായ രാഷ്ട്രീയ നീക്കമാണെന്നുമാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ് വൻ വിജയമായെന്നും സംസ്ഥാന സമിതി വിലയിരുത്തി. ജില്ലകളിൽ നിന്ന് വിശദമായ റിപ്പോർട്ട് കമ്മിറ്റിയിൽ അവതരിപ്പിച്ചു.
ഈ റിപ്പോർട്ടുകൾ വിലയിരുത്തിയ ശേഷമാണ് നവകേരള സദസ് വൻ വിജയമായിരുന്നെന്ന് സിപിഎം വിലയിരുത്തിയത്. നവകേരള സദസിൽ ലഭിച്ച പരാതികൾ സമയബന്ധിതമായി പരിഹാരം കാണാനും നിർദ്ദേശിച്ചു.