മലപ്പുറം: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മയക്കുമരുന്നുമായി എക്‌സൈസിന്റെ പിടിയിലാകുമ്പോള്‍ ചര്‍ച്ചകളില്‍ എത്തുന്നത് മലപ്പുറത്തെ ഡാന്‍സാഫിനെ ചതിയില്‍ കുടുക്കാനുള്ള പഴയ വാര്‍ത്ത. നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് പൊലീസ് കാപ്പ ചുമത്തിയിട്ടുള്ള വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി വീരപ്പന്‍ മണി എന്നറിയപ്പെടുന്ന മണ്ണില്‍ അനില്‍കുമാറിനെയും സംഘത്തെയുമാണ് ആഴ്ചകള്‍ നീണ്ട രഹസ്യ നിരീക്ഷണത്തിനോടുവില്‍ എക്‌സൈസ് പിടികൂടിയത്.

ഇന്നലെ രാത്രി 10.30ന് വേങ്ങര പുഴച്ചാലില്‍ വച്ചാണ് അറസ്റ്റ്. ചേറൂര്‍ മിനി കാപ്പില്‍ നടമ്മല്‍ പുതിയകത്ത് മുഹമ്മദ് നവാസ്, പറപ്പൂര്‍ എടയാട്ട് പറമ്പ് പഴമഠത്തില്‍ രവി എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍. ഇതേ മണിയെ പോലീസ് കേസില്‍ കുടുക്കുന്നുവെന്നും ഇയാള്‍ നിരപാധിയാണെന്നും കാട്ടി ചില ചാനലുകള്‍ വാര്‍ത്ത നല്‍കിയിരുന്നു. മലപ്പുറം എസ് പിയായിരുന്ന സുജിത് ദാസിനെതിരെ പ്രതികളെ ഉപയോഗിച്ച് നടത്തിയ പ്രചരണത്തിന്റെ ഭാഗമായിരുന്നു ഇത്. അങ്ങനെ പോലീസിനെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഗുണ്ടയെയാണ് എക്‌സൈസ് ഇപ്പോള്‍ പൊക്കുന്നത്.

അറസ്റ്റിലായവരില്‍ നിന്ന് 30ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ അഞ്ച് ലക്ഷത്തോളം വില വരും. മയക്കുമരുന്ന് കടത്തികൊണ്ടുവരാന്‍ ഉപയോഗിച്ച കാറും സ്‌കൂട്ടറും ഇവരുടെ കൈവശം ഉണ്ടായിരുന്ന 48000 രൂപയും കസ്റ്റഡിയില്‍ എടുത്തു. വ്യാജ കഞ്ചാവ് കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് പൊലീസിനെതിരെ രണ്ടുമാസം മുമ്പ് പത്രസമ്മേളനം നടത്തി വിവാദം സൃഷ്ടിച്ച അനില്‍കുമാര്‍ വീണ്ടും ലഹരിയുടെ വഴിയേ പോയെന്നതാണ് ഇത് തെളിയിക്കുന്നത്.

പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഷനൂജ് കെ ടി, എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷിജു മോന്‍, പ്രിവന്റീവ് ഓഫീസര്‍ കെ പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഖില്‍ ദാസ്,അരുണ്‍ പാറോല്‍,ശിഹാബ്, ജിഷ്‌നാദ്, പ്രവീണ്‍, വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ ലിഷ പി എം, ഡ്രൈവര്‍ ഷണ്മുഖന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് മലപ്പുറം കോടതിയില്‍ ഹാജാരാക്കും.

മലപ്പുറം എസ്.പിക്ക് കീഴിലെ ഡാന്‍സാഫ് ടീമിനെതിരെ അനിലിന്റെ പരാതി വലിയ ചര്‍ച്ചയായിരുന്നു. അനിലിന്റെ ഭാര്യയുടെ ഫോണില്‍ വിളിച്ചും പോലീസ് സംഘം ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു പരാതി. ഇങ്ങനെ പോലീസിനെ കുറ്റം പറഞ്ഞ വ്യക്തിയാണ് എക്‌സൈസിന് മുന്നില്‍ കുടുങ്ങുന്നത്.