- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതികൾ നടത്തി വന്ന സാമ്പത്തിക തട്ടിപ്പും നിയമ വിരുദ്ധ പ്രവർത്തനങ്ങളും പുറത്തു കൊണ്ടു വരുമെന്ന ഭയം നിമിത്തം മഹേശ്വനെ പ്രതിയാക്കി; ക്രൈംബ്രാഞ്ചിനെ കൊണ്ട് തുടർച്ചയായി ചോദ്യം ചെയ്യിച്ച് മാനസിക സമ്മർദ്ദം ഉണ്ടാക്കി ആത്മഹത്യ; ജാമ്യമില്ലാ കേസിലെ പ്രതിയുടെ തൽസമയ വാർത്താ സമ്മേളനവും; വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യാത്തത് വിവാദത്തിൽ
ആലപ്പുഴ : കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്നു കെ കെ മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനേ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് ജാമ്യമില്ലാ വകുപ്പുകളിൽ. മാനേജർ കെ എൽ അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഐപിസി 306, 120ബി, 34 വകുപ്പുകൾ പ്രകാരമാണ് കേസ്. ആത്മഹത്യാ പ്രേരണയ്ക്കുള്ള 306 വകുപ്പ് പ്രകാരം പത്തുകൊല്ലം വരെ ശിക്ഷ ലഭിക്കാം. ജാമ്യമില്ലാ വകുപ്പുമാണ്. അതുകൊണ്ട് തന്നെ കേസ് രജിസ്റ്റർ ചെയ്താൽ പ്രതിയെ അറസ്റ്റു ചെയ്യണം. സാധാരണ ഇത്തരം കേസുകളിൽ മുൻകൂർ ജാമ്യം കിട്ടുവരെ പ്രതികൾ പുറത്തിറങ്ങാറില്ല. ഇത് ലംഘിച്ചാണ് പരസ്യമായി വെള്ളാപ്പള്ളി വാർത്താ സമ്മേളനം നടത്തിയത്. ടിവിയിൽ വെള്ളാപ്പള്ളിയെ കണ്ടപ്പോൾ തന്നെ മരാരിക്കുളം പൊലീസ് അവിടെ എത്തി അറസ്റ്റു ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ജാമ്യമില്ലാ കേസ് വന്നാലും ആരും അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പ് ഉന്നത കേന്ദ്രങ്ങളിൽ നിന്ന് കിട്ടിയെന്നാണ് സൂചന. ഈ കേസ് കള്ളക്കേസാണെന്നും എസ് എൻ ഡി പി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയാനാണെന്നും വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്.
ഒട്ടേറെ സാമ്പത്തിക തിരിമറി മഹേശൻ നടത്തിയെന്നും വാർത്താ സമ്മേളനത്തിൽ വെള്ളാപ്പള്ളി ആരോപിച്ചു. ഒരു വനിതാ ഐപിഎസ് ഓഫീസർ അന്വേഷിച്ച് തള്ളിയ കേസാണിതെന്നും എല്ലാം മറച്ചു വച്ച് കോടതിയെ തെറ്റിധരിപ്പിച്ചാണ് വിധിയുണ്ടാക്കിയതെന്നും വെള്ളാപ്പള്ളി പറയുന്നു. എസ് എൻ ഡി പി തെരഞ്ഞെടുപ്പിൽ കേസുള്ളവരെ മത്സരിപ്പിക്കരുതെന്ന വ്യവസ്ഥ കൊണ്ടു വരാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഇത് മനസ്സിൽ വച്ച് തന്നേയും മകനേയും എസ് എൻ ഡി പി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയാനാണ് കേസ് കൊണ്ടു വരുന്നതെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു. കേസുകളിൽ ആരെയെങ്കിലും ശിക്ഷിക്കും വരെ മത്സരിക്കരുതെന്ന് പറയുന്നതിൽ യുക്തിയില്ലെന്നും വെള്ളാപ്പള്ളി പറയുന്നു.
ഏതായാലും കേരളം മുഴുവൻ ചർച്ചയായ ജാമ്യമില്ലാ കേസിലെ പ്രതി വാർത്താ സമ്മേളനം നടത്തിയിട്ടും കേരളാ പൊലീസ് സ്ഥലത്തെത്തുകയോ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേട്ടിന് മുമ്പിൽ ഹാജരാക്കുകയോ ചെയ്തില്ലെന്നതാണ് വസ്തുത. കുറച്ചു കാലം മുമ്പ് പോപ്പുലർ ഫ്രണ്ട് നേതാവിനെ വാർത്ത സമ്മേളനം നടക്കുന്നത് അറിഞ്ഞ് കേരളാ പൊലീസ് അറസ്റ്റ് ചെയ്ത് എൻഐഎയ്ക്ക് കൈമാറിയിരുന്നു. താൻ കണിച്ചുകുളങ്ങരയിലെ വീട്ടിലുണ്ടെന്ന സന്ദേശം വെള്ളാപ്പള്ളി നൽകിയതിനാൽ അറസ്റ്റ് അനിവാര്യമാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. എന്നാൽ വെള്ളാപ്പള്ളിയെ ആരും അറസ്റ്റു ചെയ്യില്ല. കേസിൽ വെള്ളാപ്പള്ളി മുൻകൂർ ജാമ്യ ഹർജി നൽകാനാണ് സാധ്യത.
ആലപ്പുഴ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് കേസ് എടുത്തത്. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ കെ കെ മഹേശനെ പ്രതിയാക്കിയതിന് പിന്നിൽ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. പ്രതികൾ കെ കെ മഹേശനെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും എഫ്‌ഐആറിൽ പറയുന്നു. ഗുരുതര ആരോപണമാണ് എഫ് ഐ ആറിലുള്ളത്. ഒന്നു മുതൽ മൂന്ന് വരെയുള്ള പ്രതികൾ ഉദ്ദേശം 30 വർഷത്തോളമായി നടത്തി വന്ന സാമ്പത്തിക തട്ടിപ്പും നിയമ വിരുദ്ധ പ്രവർത്തനങ്ങളും മറ്റും പുറത്തു കൊണ്ടു വരുമെന്ന ഭയം നിമിത്തം മഹേശ്വനെ ക്രൈംബ്രാഞ്ച് കേസിൽ പ്രതിയാക്കിയെന്നാണ് ആരോപണം.
ക്രൈംബ്രാഞ്ചിനെ കൊണ്ട് തുടർച്ചയായി ചോദ്യം ചെയ്യിച്ച് മാനസിക സമ്മർദ്ദം ഉണ്ടാക്കി നിരന്തം മാനസിക സംഘർഷത്തിലാക്കി ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. ഇതിൽ മഹേശ്വനെ കേസിൽ കുടുക്കിയത് വെള്ളപ്പാള്ളിയാണെന്നും ഇതിന് ക്രൈംബ്രാഞ്ച് ഇതിന് കൂട്ടു നിന്നുവെന്ന പരോക്ഷ ആരോപണമാണുള്ളത്.
. ഇത് ഫലത്തിൽ പൊലീസ് തന്നെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ തള്ളിപ്പറയുന്നതിന് തുല്യമാണ്. കെകെ മഹേശന്റെ കുടുംബം നൽകിയ ഹർജിയിലാണ് നടപടികൾ ഇപ്പോൾ ഉണ്ടാകുന്നത്. കെകെ മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് കുടുംബം ആരോപിക്കുന്നു. എന്നാൽ സുഭാഷ് വാസുവടക്കമുള്ള എസ്എൻഡിപിയുടെ ശത്രുക്കളാണ് മാനസികമായി പീഡിപ്പിച്ച് മഹേശനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതിരോധിക്കുന്നത്.
കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം. 2020 ജൂൺ 23നാണ് കണിച്ചുകുളങ്ങരയിലെ എസ്എൻഡിപി ഓഫീസിനകത്ത് കെ കെ മഹേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ ഇത് ആത്മഹത്യയാണെന്ന് വ്യക്തമായിരുന്നു. അതിനിടെ മഹേശന്റെ ആത്മഹത്യയിൽ ഐ ജി ഹർഷിത അത്തല്ലൂരിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തു വന്നു. പ്രത്യേക അന്വേഷണ സംഘം തലവനായിട്ടും ഒരു തവണ പോലും മഹേശന്റെ കുടുംബത്തെ കാണാൻ ഐ ജി തയ്യാറായില്ലെന്നാണ് ആരോപണം.
പരാതിക്കാരിയായ കെ കെ മഹേശന്റെ ഭാര്യ ഉഷയയുടെ മൊഴി പൊലും ഐ ജി എടുത്തില്ല. ഐ ജി സ്വാധീനത്തിന് വഴിപ്പെട്ടൊ എന്ന് സർക്കാർ അന്വേഷിക്കണമെന്നും മഹേശന്റെ അനന്തരവൻ അനിൽ പറഞ്ഞു. ആലപ്പുഴ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ഇപ്പോൾ കേസ് എടുത്തത്.
മറുനാടന് മലയാളി ബ്യൂറോ