തൃശൂർ: മൈ ക്ലബ് ട്രേഡ്‌സ് (എംസിടി) എന്ന ആപ്പ് വഴി ജില്ലയിൽ 5 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റു ചെയതത് തന്ത്രപരമായ നീക്കങ്ങളിലൂടെ. ചേറ്റുപുഴ കണ്ണപുരം സ്വദേശിയായ വെള്ളാട്ട് പ്രവീൺ മോഹൻ (46) ആണു കുടുങ്ങിയത്. എംസിടി എന്ന ഓൺലൈൻ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനും പ്രമോട്ടറും നിയമോപദേശകനുമാണു പ്രവീൺ. വിവിധ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പുകൾ നടത്തിയിരുന്നത്.

എംസിടി എന്ന മൊബൈൽ ആപ്ലിക്കേഷൻ സ്മാർട് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച ശേഷം 256 ദിവസം കൊണ്ടു നിക്ഷേപിച്ച പണം ഇരട്ടിയാകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പണം നിക്ഷേപിക്കുമ്പോൾ ഫോണിൽ പണത്തിനു തുല്യമായി ഡോളർ കാണുന്ന രീതിയിലായിരുന്നു തട്ടിപ്പ്. ഹോട്ടലുകൾ, ടൂറിസ്റ്റ് ഹോമുകൾ എന്നിവ കേന്ദ്രീകരിച്ചു പ്രമോഷൻ ക്ലാസുകൾ നടത്തി ആളുകളെ ആകർഷിച്ചു. ജാമ്യഹർജി പല കോടതികളും തള്ളിയിരുന്നു. പ്രതി സുപ്രീം കോടതിയിൽ നൽകിയ ജാമ്യ ഹർജിയും തള്ളിയതിനെത്തുടർന്ന് ഇന്നലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. രക്ഷപ്പെടാനുള്ള പഴുതുകൾ അടച്ചായിരുന്നു അറസ്റ്റ്.

തൃശൂർ സിറ്റി പൊലീസ് പരിധിയിൽ 29 തട്ടിപ്പു കേസുകളാണു രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2021ൽ എംസിടിയുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ പേരു മാറ്റി എഫ്ടിഎൽ (ഫ്യൂച്ചർ ട്രേഡ് ലിങ്ക്) എന്നും ഗ്രൗൺ ബക്‌സ് എന്നും പേരു മാറ്റിയാണു തട്ടിപ്പ് തുടർന്നത്. സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ആർ.മനോജ്കുമാറിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർ എ.എം.യാസിനാണു കസ്റ്റഡിയിലെടുത്തത്.

തട്ടിപ്പിന്റെ മുഖ്യസൂത്രധാരനും പ്രൊമോട്ടറും നിയമോപദേശകനും ആയിരുന്നു പ്രവീൺ മോഹൻ. കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പുകൾ നടത്തിയിരുന്നത്. കേസിൽ ആകെ 13 പ്രതികളാണുള്ളത്. മൂന്ന് വർഷം മുമ്പ് തന്നെ ഈ തട്ടിപ്പിനെ കുറിച്ച് മറുനാടൻ വിശദ വാർത്ത നൽകിയിരുന്നു. ഇതിന് ശേഷമാണ് ചിലർ പരാതിയുമായി എത്തിയത്. ഇതാണ് പ്രവീൺ മോഹനെ കുടുക്കുന്നത്.