കൊച്ചി: എറണാകുളം വെണ്ണലയില്‍ സ്ത്രീയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിച്ച മകന്‍ പിടിയിലാകുമ്പോള്‍ നിറയുന്നത് ദുരൂഹത. വെണ്ണല സ്വദേശിനി അല്ലി(72)യാണ് മരിച്ചത്. മകന്‍ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിക്കുന്നതു കണ്ട നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. മരണം കൊലപാതകമാണോ എന്ന സംശയം സജീവമാണ്.

പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം നാട്ടുകാര്‍ കാണുന്നത്. 'യുവാവ് സ്ഥിരം മദ്യപാനിയാണ്. കുഴിയെടുക്കുന്നത് കണ്ടപ്പോഴാണ് സംഭവം അറിഞ്ഞത്. ഇന്നലെ പ്രദീപ് അമ്മയുമായി മരുന്ന് വാങ്ങാന്‍ പുറത്ത് പോയിരുന്നു. ഇയാള്‍ സ്ഥിരം മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കാറുണ്ട്. ബുധനാഴ്ച രാത്രിയും മദ്യലഹരിയിലായിരുന്നു. വീട്ടില്‍ നിന്ന് ബഹളവും കേട്ടിരുന്നു.' നാട്ടുകാര്‍ പറയുന്നു. ഇതിനിടെ അമ്മ കൊല്ലപ്പെട്ടതാകാന്‍ സാധ്യത ഏറെയാണ്. അമ്മ മരണപ്പെട്ടതിനെ തുടര്‍ന്ന് കുഴിച്ചിടുകയായിരുന്നു എന്നാണ് ഇയാള്‍ പോലീസിനെ നല്‍കിയ മൊഴി. ഇത് പോലീസ് വിശ്വസിച്ചിട്ടില്ല. പാലാരിവട്ടം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. അസ്വാഭാവികമായാണ് പ്രദീപിന്റെ പ്രതികരണങ്ങള്‍.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കേസില്‍ നിര്‍ണ്ണായകമാകും. ്അതുവരെ മകന്‍ കസ്റ്റഡിയില്‍ തുടരാനാണ് സാധ്യത. പ്രദീപിന് ഒരു ടയര്‍ കടയാണുള്ളത്. എല്ലാ ദിവസവും കട തുറക്കാറില്ലെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കട അടഞ്ഞു കിടക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. സ്ഥിരം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നതിനെ തുടര്‍ന്ന് ഭാര്യ ഇയാളില്‍ നിന്നും പിരിഞ്ഞ് സ്വന്തം വീട്ടിലാണ് കഴിയുന്നത്. അക്രമാസക്തനാകാറുള്ളതിനാല്‍ നാട്ടുകാര്‍ ആരും പ്രശ്‌നത്തില്‍ ഇടപ്പെടാറില്ല. ബഹളം കൂടുമ്പോള്‍ പോലീസില്‍ വിവരം അറിയിക്കുകയാണ് പതിവെന്നും നാട്ടുകാര്‍ പറഞ്ഞു.

സ്ഥലത്ത് മൃതദേഹം മറവ് ചെയ്യാന്‍ കുഴി എടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. വെണ്ണല സെന്റ് മാത്യൂസ് ചര്‍ച്ച് റോഡിലെ നെടിയാറ്റില്‍ എന്ന വീട്ടിലാണ് സംഭവം. ഇന്ന് രാവിലെയാണ് 50കാരനായ പ്രദീപ് വീടിന്റെ മുറ്റത്ത് കുഴിയെടുത്ത് മൃതദേഹം അവിടെ കുഴിച്ചിട്ടത്. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി പ്രദീപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ സമയത്ത് പ്രദീപ് മദ്യലഹരിയിലായിരുന്നു. അമ്മ മരിച്ചു അപ്പോള്‍ കുഴിച്ചിട്ടു എന്നായിരുന്നു പൊലീസിനോടുള്ള പ്രദീപിന്റെ മറുപടി. പ്രദീപ് തികഞ്ഞ മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുുന്നു. അല്ലിക്ക് ഒരു മകള്‍ കൂടിയുണ്ട്. പ്രദീപിന്റെ ഇളയ മകനും ഈവീട്ടിലാണ് താമസം.

പുലര്‍ച്ചെ നാല് മണിയോടെയാണ് ഇയാള്‍ അമ്മയ വീട്ടു മുറ്റത്ത് ചെറു കുഴിയെടുത്ത് കുഴിച്ചിട്ടത്. കുഴിച്ചിട്ട ശേഷം സമീപത്തെ വീടുകളില്‍ എത്തി ഇയാള്‍ അമ്മ മരിച്ച വിവരം അറിയിച്ചിരുന്നുവെന്നും സൂചനകളുണ്ട്. ഇതില്‍ സംശയം തോന്നിയവരാണ് പോലീസിനെ അറിയിച്ചത്. മാതാവിനെ ക്രൂരമായി ഇയാള്‍ ഉപദ്രവിച്ചിരുന്നെന്നും ഇന്നലെ രാത്രിയില്‍ വീട്ടില്‍ നിന്നും വലിയ ബഹളം കേട്ടിരുന്നെന്നും അയല്‍വാസികള്‍ പറയുന്നു. അതുകൊണ്ടാണ് പോലീസിനെ അവര്‍ അറിയിച്ചതത്രേ. കൊലപാതകമാകാനാണ് കൂടുതല്‍ സാധ്യത.

അല്ലിക്ക് ഷുഗര്‍ സംബന്ധമായ അസുഖമുണ്ട്. പ്രദീപിന്റെ ഭാര്യയും മൂത്ത മകനും വേറെയാണ് താമസിക്കുന്നത്. അമ്മയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രദീപ് കൊണ്ടു പോയെന്നും പറയുന്നു.