- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയയിൽ പ്രചരിച്ച എരുമേലി സ്റ്റാൻഡിലെ 'ക്രൂരമർദ്ദന സംഭവത്തിൽ' ട്വിസ്റ്റ്; തല്ല് കൊണ്ട ബസിലെ 'കിളി' സ്ഥിരം ശല്യക്കാരൻ; പെൺകുട്ടികളോട് ഇക്കിളി സംസാരം; ഫുട്ബോഡിൽ നിന്ന് മാറാതെ ശല്യം; കിളിയെ തല്ലിയത് പെൺകുട്ടിയുടെ സഹോദരൻ
കോട്ടയം: കോട്ടയത്ത് എരുമേലിയിൽ സ്വകാര്യ ബസ് ജീവനക്കാരന് മർദ്ദനമേറ്റ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഒരാൾ കാരണമില്ലാതെ ജീവനക്കാരനെ തല്ലുന്നത് എവിടുത്തെ ന്യായമെന്നായിരുന്നു പലരും കരുതിയതും, ചോദിച്ചതും. എന്നാൽ, സംഭവത്തിന്റെ പിന്നാമ്പുറ കഥ ഇപ്പോൾ പുറത്തുവന്നതോടെ വലിയ ട്വിസ്റ്റായി.
16 കാരിയായ വിദ്യാർത്ഥിനിയോട് ജീവനക്കാരൻ അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. മർദ്ദനമേറ്റ ബസ് ജീവനക്കാരനെതിരെ പൊലീസിൽ പരാതി നൽകിയെന്ന് പെൺകുട്ടിയുടെ പിതാവ് മറുനാടനോട് പ്രതികരിച്ചു.
എരുമേലി -റാന്നി റൂട്ടിൽ ഓടുന്ന ബസിലെ 'കിളി' യെ മർദ്ദിക്കുന്നതിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.. ഇയാൾ ബിയർ കുപ്പി ഉപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ട് നാലരയോടെ എരുമേലി സ്വകാര്യ ബസ് സ്റ്റാന്റിനു മുൻപിലാണ് സംഭവം. തലയ്ക്ക് പരുക്കേറ്റ എരുത്വാപ്പുഴ സ്വദേശി അച്ചുമോൻ ആശുപത്രിയിൽ ചികിത്സ തേടി. സംഭവ ശേഷം അച്ചുവിനെ മർദിച്ചയാളെ പിടികൂടുന്നതിനായി പൊലീസ് തിരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല.
ജീവനക്കാരന് മർദ്ദനമേൽക്കാനിടയായ സംഭവം ഇങ്ങനെ:
എരുമേലി റാന്നി റൂട്ടിൽ സർവീസ് നടത്തുന്ന സാൻസിയ ബസിലെ ജീവനക്കാരനാണ് അച്ചു. റാന്നിയിലെ ഒരു സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയെ കഴിഞ്ഞ മൂന്ന് ദിവസമായി ഇയാൾ ശല്യം ചെയ്യുകയായിരുന്നു. പെൺകുട്ടി പലവട്ടം താക്കീത് നൽകിയിട്ടും ഇയാൾ പിന്നാലെ നടന്നു ശല്യം ചെയ്തു. ശല്യം ചെയ്യൽ കൂടി വന്നതോടെ പെൺകുട്ടി കരഞ്ഞു കൊണ്ട് പിതാവിന്റെ സഹോദരിയുടെ മകനോട് വിവരം പറഞ്ഞു. പെൺകുട്ടിയുടെ കരച്ചിൽ കണ്ടയുടൻ സഹോദരൻ ബസ് സ്റ്റാന്റിലെത്തി ഇയാളോട് ഇക്കാര്യം സംബന്ധിച്ച് തർക്കമുണ്ടാകുകയും മർദ്ദനം നടക്കുകയായിരുന്നു.
സംഘർഷം നടന്ന ശേഷമാണ് വിവരം പെൺകുട്ടിയുടെ മാതാപിതാക്കൾ അറിയുന്നത്. ഉടൻ തന്നെ പിതാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കഴിഞ്ഞ മൂന്നു ദിവസമായി പെൺകുട്ടിയെ ഇയാൾ ശല്ല്യം ചെയ്യുകയാണെന്നും ശരീരത്തിന്റെ പിൻഭാഗത്ത് പിടിച്ചതായും പരാതിയിലുണ്ട്. ബസിൽ കയറാൻ നേരത്ത് ഫുട്ബോഡിൽ നിന്നും ഇയാൾ മാറുകയില്ല.
പെൺകുട്ടിയുടെ ശരീരത്തോട് ചേർന്ന് നിൽക്കാൻ മനഃപൂർവം ശ്രമിക്കുകയും ചെയ്തിരുന്നു എന്നും പരാതിയിൽ പറയുന്നു. ലൈംഗിക ചുവയുള്ള സംഭാഷണവും രൂക്ഷമായ നോട്ടവും ഉണ്ടായിരുന്നതായും പറയുന്നുണ്ട്. ചേട്ടാ എന്നെ ബുദ്ധിമുട്ടിക്കരുതെന്നും ആദ്യ ദിവസം തന്നെ പെൺകുട്ടി പറഞ്ഞിരുന്നു. മറ്റു പെൺകുട്ടികളോടും ഇയാൾ ഇങ്ങനെ തന്നെയാണ് പെരുമാറിയതെന്നും ആരോപണമുണ്ട്. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി. ഇയാൾക്കെതിരെ നടപടി എടുക്കുമെന്ന് എരുമേലി പൊലീസ് അറിയിച്ചു.