കോഴിക്കോട്: ആറുവര്‍ഷംമുന്‍പ് കാണാതായ വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി. വിജിലിന്റെ കേസില്‍ നിര്‍ണായക വഴിത്തിരിവ്. സരോവരത്തെ ചതുപ്പില്‍ നടത്തിയ തിരച്ചിലില്‍ വിജിലിന്റേത് എന്ന് കരുതുന്ന മൃതദേഹ അവശിഷ്ടം കണ്ടെത്തി. അസ്ഥിഭാഗങ്ങളാണ് ലഭിച്ചത്. സരോവരത്തെ ചതുപ്പില്‍ നിന്ന് മൃതദേഹം കെട്ടി താഴ്ത്തിയ കല്ലുകളും കിട്ടി. വിജിലിന്റേതെന്ന് കരുതുന്ന ഒരു ഷൂ കഴിഞ്ഞ ദിവസം ചതുപ്പില്‍ നിന്നും കണ്ടെത്തിയിരുന്നു. ഷൂ ഫൊറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഈ കേസില്‍ പ്രതികളായ നിഖിലിന്റേയും ദീപേഷിന്റേയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നിര്‍ണായക കണ്ടെത്തല്‍.

കാണാതായ വിജിലിന്റെ സുഹൃത്തുക്കളുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പൊലീസ് ഒരു മാസത്തോളമായി മൃതദേഹത്തിനായുള്ള തെരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞ ദിവസം വിജിലിന്റേതെന്ന് സംശയിക്കുന്ന ഒരു ഷൂ ലഭിച്ചിരുന്നു. ഈ പരിസരത്ത് പരിശോധിച്ചപ്പോഴാണ് ഇപ്പോള്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതോടെ കേസില്‍ നിര്‍ണായകമായ തെളിവാണ് ലഭിച്ചിരിക്കുന്നത്. വിജിലിനെ ചതുപ്പില്‍ കുഴിച്ചു മൂടിയെന്നാണ് സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയത്. വിജിലിനെ കാണാനില്ലെന്ന പരാതിയില്‍ എലത്തൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ സുഹൃത്തുക്കളിലേക്ക് സംശയം വ്യാപിച്ചെങ്കിലും തുടരന്വേഷണം എങ്ങും എത്തിയിരുന്നില്ല.

സ്റ്റേഷനില്‍ പുതുതായെത്തിയ എസ്എച്ച്ഒ രഞ്ജിത്ത് കെആര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ടി നാരായണന്റെ നിര്‍ദ്ദേശ പ്രകാരം കേസ് ഏറ്റെടുത്തതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അമിതമായി ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്ന് വിജില്‍ മരിച്ചെന്നും മൃതദേഹം ചതുപ്പില്‍ കുഴിച്ചുമൂടിയെന്നും സുഹൃത്തുക്കള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. എരഞ്ഞിപ്പാലം വാഴതിരുത്തി കുളങ്ങരക്കണ്ടിയില്‍ നിഖില്‍ കെ.കെ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് സുഹൃത്തുക്കള്‍. പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കൊയിലാണ്ടി ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്ട്രറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍, മൃതദേഹത്തോട് അനാദരവ് കാണിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ മാത്രം ചേര്‍ത്താണ് പൊലീസ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്.

2019 മാര്‍ച്ച് 24-നു കാണാതായ വിജിലിനെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ വിജിലിനെ ചതുപ്പില്‍ കുഴിച്ചുമൂടിയതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു. ലഹരി ഉപയോഗത്തിനിടെ മരിച്ച വിജിലിനെ സരോവരത്തെ കുഴിച്ചുമൂടിയെന്നായിരുന്നു മൊഴി. കേസിലെ പ്രതികളായ വിജിലിന്റെ സുഹൃത്തുക്കളുമായ കെ.കെ. നിഖില്‍, ദീപേഷ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചതുപ്പില്‍ പരിശോധന നടത്തുന്നത്. കേസില്‍ അറസ്റ്റിലായ പ്രതികളുടെ പോലീസ് കസ്റ്റഡി കാലാവധി വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കാനിരിക്കെയാണ് പുതിയ വഴിത്തിരിവ്. അമിതമായി ലഹരിയുപയോഗിച്ചതിനാല്‍ വിജില്‍ മരിച്ചെന്നും തുടര്‍ന്ന് സരോവരം വാഴത്തുരുത്തി ഭാഗത്ത് കുഴിച്ചുമൂടിയെന്നും പ്രതികള്‍ പോലീസിന് മൊഴിനല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ഭാഗത്ത് പരിശോധന നടത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടാംഘട്ട തിരച്ചിലിനായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍വാങ്ങിയത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി അസ്ഥികള്‍ ഒഴുക്കിയെന്ന് പ്രതികള്‍ മൊഴിനല്‍കിയ വരയ്ക്കല്‍ ബീച്ചില്‍ പ്രതികളായ വാഴത്തിരുത്തി കുളങ്ങരക്കണ്ടിമീത്തല്‍ കെ.കെ. നിഖില്‍, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില്‍ ദീപേഷ് എന്നിവരുമായി തെളിവെടുപ്പുനടത്തിയിരുന്നു.

ആറ് വര്‍ഷത്തിന് ശേഷം നിര്‍ണായക കണ്ടെത്തല്‍

ആറ് വര്‍ഷം മുമ്പ് കാണാതായ കോഴിക്കോട് ചുങ്കം സ്വദേശി കെടി വിജിലിന്റെ ശരീരാവശിഷ്ടത്തിന് വേണ്ടിയുള്ള ഏഴാം ദിവസത്തെ തെരച്ചിലിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. ബുധനാഴ്ച നടത്തിയ തെരച്ചിലില്‍ സ്ഥലത്ത് നിന്ന് വിജിലിന്റേതെന്ന് കരുതുന്ന ഷൂ കണ്ടെത്തിയിരുന്നു. ഇടത്തേ കാലില്‍ ധരിക്കുന്ന ഷൂ ആണ് ആറ് മീറ്ററോളം താഴ്ചയില്‍ നിന്നും ലഭിച്ചത്. ഇത് വിജിലിന്റെ ഷൂ ആണെന്നാണ് പ്രതികളായ നിഖില്‍, ദീപേഷ് എന്നിവരുടെ മൊഴി. പൊലീസ് കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്ന ഈ രണ്ട് പേരുടെയും സാന്നിധ്യത്തിലാണ് പൊലീസ് തെരച്ചില്‍ നടക്കുന്നത്. വിജിലിനെ ചവിട്ടിത്താഴ്ത്തി എന്ന് പ്രതികള്‍ കുറ്റസമ്മതമൊഴിയില്‍ പറഞ്ഞ സ്ഥലത്തിന് സമീപത്താണ് ഷൂ കണ്ടെത്തിയത്.

2019 മാര്‍ച്ച് 24നാണ് വെസ്റ്റ്ഹില്‍ ചുങ്കം സ്വദേശി വിജിലിനെ കാണാതാവുന്നത്. 'ഇപ്പോള്‍ വരാം' എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിജില്‍ തിരിച്ചെത്തിയിരുന്നില്ല. വിജിലിന്റെ മരണം കൊലപാതകമല്ലെന്നും ലഹരിയുടെ അമിത ഉപഭോഗം മൂലമുണ്ടായതാണെന്നുമാണ് സുഹൃത്തുക്കള്‍ പൊലീസിന് നല്‍കിയ മൊഴി. സരോവരത്തെ ആളൊഴിഞ്ഞ പറമ്പില്‍ ബ്രൗണ്‍ ഷുഗര്‍ ഉപയോഗിക്കുന്നതിനിടെ കൂടിയ അളവില്‍ അത് വിജിലിന്റെ ശരീരത്തിലെത്തുകയും മരണം സംഭവിക്കുകയുമായിരുന്നുവത്രെ. നിഖിലാണ് മയക്കുമരുന്ന് വിജിലിന് കുത്തിവച്ചത്. വിജില്‍ മരിച്ചെന്ന് മനസ്സിലാക്കിയ പ്രതികള്‍ തെളിവ് നശിപ്പിക്കാനായി മൃതദേഹം ചതുപ്പില്‍ കല്ലുകെട്ടി താഴ്ത്തിയെന്നാണ് പൊലീസിന് നല്‍കിയ മൊഴി.വിജിലും പിടിയിലായ പ്രതികളും ചെറുപ്പം മുതലേ ഉറ്റ സുഹൃത്തുക്കളായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചുമെല്ലാം നടത്തിയ അന്വേഷണത്തില്‍ വിജില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണെന്ന് പൊലീസ് കണ്ടെത്തി. ഈ സൂചനകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. യുവാക്കളുടെ മൊഴികളിലെ വൈരുദ്ധ്യവും തുണയായി. വിജിലിന്റെ സുഹൃത്തുക്കളായ നിഖിലും ദീപേഷും രഞ്ജിത്തും ആണ് കേസിലെ പ്രതികള്‍. രണ്ടാം പ്രതിയായ രഞ്ജിത്തിനെ ഇതുവരേയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വിജിലിന്റെ ബൈക്ക് നേരത്തെ കല്ലായി റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു.