കോഴിക്കോട്: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ജപ്തിചെയ്ത കോഴിക്കോട്ടെ 40 കോടിയുടെ കെട്ടിടം 9.18 കോടിക്ക് വിറ്റെന്ന കേസിൽ കെ.എഫ്.സി. കോഴിക്കോട് ബ്രാഞ്ച് ചീഫ് മാനേജരുൾപ്പെടെയുള്ള ഏഴുപേരും നടത്തിയത് ക്രിമിനൽ ഗൂഢാലോചനയെന്ന് വിജിലൻസ് കോടതിയുടെ കണ്ടത്തൽ.

മുൻ എംഡിയും ഡിജിപിയുമായ ടോമിൻ ജെ. തച്ചങ്കരി, ജനറൽ മാനേജർ പ്രേംനാഥ് രവീന്ദ്രനാഥ് എന്നിവരെ താൽക്കാലികായി അന്വേഷണ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.എന്നാൽ കോഴിക്കോട് ശാഖാ മാനേജർ അബ്ദുൾ മനൗഫിനും ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവർക്കുമെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് വിധിയിലുള്ളത്.

അഴിമതി നടത്താൻ വ്യാജരേഖയുണ്ടാക്കുകയും രേഖകളിൽ കൃത്രിമത്വം കാണിക്കുകയും ചെയ്തതിന് വ്യക്തമായ തെളിവുണ്ടെന്നും അതിനാൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണ് കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി ഉത്തരവിട്ടിരിക്കുന്നത്. മൂന്നുമുതൽ ഒമ്പതുവരെ പ്രതികളായ കോഴിക്കോട് ബ്രാഞ്ച് ചീഫ്മാനേജർ സി. അബ്ദുൽ മനാഫ്, ഭൂമിവാങ്ങിയ തൃശ്ശൂർ പുതുക്കാട് കൂളിയത്തുവളപ്പിൽ പത്മദാസ്, ചെന്ത്രാപ്പിന്നി തഷ്ഹാനത്ത് വീട്ടിൽ ടി.പി. സലീം, കോഴിക്കോട് കുതിരവട്ടം പി. വരുൺ, എലത്തൂർ ചെട്ടികുളം ത്രേസ്യഗാർഡനിൽ എഡ്വിൻ ജോസഫ്, ലേലത്തിൽ പങ്കെടുത്ത കൊല്ലം കൊട്ടംകര വി.പി അനിൽകുമാർ,കുതിരവട്ടം പൊറ്റമ്മൽ പീതാംബരൻ എന്നിവർക്കെതിരെ അന്വേഷണം നടത്താനാണ് കോടതി ഉത്തരവ്.

വിൽപ്പന നടന്ന ഈ ലേലത്തിൽ ക്രമക്കേട് നടന്നുവെന്ന വാദവും കെട്ടിടത്തിന് വളരെ കുറഞ്ഞ വിലയാണ് ലഭിച്ചതെന്ന ആരോപണവും നിലനിൽക്കുന്നതാണ്. നഗരത്തിന്റെ കണ്ണായ ഭാഗത്തുള്ള സ്ഥലം, രണ്ടുപേർമാത്രം പങ്കെടുത്ത ലേലത്തിൽ പ്രതികൾ സ്വന്തമാക്കിയെന്ന ആരോപണവും അവഗണിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.ലേലത്തുക നൽകിയതും വിൽപ്പന ഉറപ്പിച്ചതുമായ രേഖകൾ ആദ്യ വിജിലൻസ് അന്വേഷണത്തിൽ കണ്ടെടുത്തിരുന്നില്ല.

വിവാദമായ കെട്ടിടം വാങ്ങാൻ പ്രതികൾക്കു തന്നെ വായ്പ നൽകിയതു ഗൂഢാലോചന നടന്നെന്ന സംശയമുളവാക്കുന്നതായി കോടതി കണ്ടെത്തി. വിൽപ്പന നടക്കും മുമ്പ് പ്രതികൾക്ക് വായ്പ നൽകാമെന്ന് സർക്കുലർ ഇറക്കി. കൊല്ലത്തുള്ളയാൾ ലേലത്തിലെടുത്തെങ്കിലും ലേലത്തിൽനിന്ന് പിൻവാങ്ങിയ ആളുടെ മകന്റെയടക്കം പേരിൽ രജിസ്റ്റർചെയ്തുവെന്നും കോടതി നീരീക്ഷണത്തിലുണ്ട്.

രണ്ടു പേർ മാത്രമാണ് ലേലത്തിൽ പങ്കെടുത്തത്. അനിൽ കുമാറും പീതാംബരനും. 9.15 കോടി രൂപയാണ് കെഎഫ്സി അടിസ്ഥാന വില നിശ്ചയിച്ചത്. പീതാംബരൻ 9.16 കോടിയും, അനിൽകുമാർ 9.18 കോടി രൂപയുമാണ് ലേലത്തിൽ ക്വോട്ട് ചെയ്തത്. 9.18 കോടിക്ക് ലേലത്തിനെടുത്തിട്ടും 4.18 കോടിയേ നൽകിയിട്ടുള്ളൂ. ബാക്കി അഞ്ചുകോടി വായ്പയായി കൊടുക്കുക്കുകയായിരുന്നു.

മാവൂർറോഡിലെ പേൾഹിൽ ബിൽഡേഴ്‌സിന്റെ 40.06 സെന്റ് സ്ഥലത്ത് നിർമ്മിച്ച അരലക്ഷം ചതുരശ്രയടിയോളം വിസ്തൃതിയുള്ള വാണിജ്യസമുച്ചയമാണ് കെ.എഫ്.സി.യിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് ലേലത്തിൽ വിറ്റത്.പേൾഹിൽസ് മാനേജിങ് ഡയറക്ടർ അബ്ദുൾനാസർ് അഡ്വ. മോഹൻദാസ് കല്ലായി വഴി നൽകിയ ഹർജിയിലാണ് വിജിലൻസ് കോടതിയുടെ വിധി.